ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയം സ്വന്തമാക്കി വിൻഡിസ് സൂപ്പർ 8ൽ. ആവേശകരമായ മത്സരത്തിൽ 13 റൺസിന്റെ വിജയമാണ് വെസ്റ്റിൻഡീസ് ടീം സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിനായി റൂഥർഫോർഡാണ് ബാറ്റിംഗിൽ തിളങ്ങിയത്.
മത്സരത്തിൽ ഒരു തകർപ്പൻ അർദ്ധസെഞ്ച്വറി റൂഥർഫോർഡ് സ്വന്തമാക്കിയിരുന്നു. ഒപ്പം 4 വിക്കറ്റുകളുമായി അൾസാരി ജോസഫ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിൽ നിന്ന് ന്യൂസിലാൻഡ് സൂപ്പർ 8 കാണാതെ പുറത്താവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മോശം തുടക്കമാണ് വിൻഡീസിന് മത്സരത്തിൽ ലഭിച്ചത്. ജോൺസൺ ചാൾസ്, റോസ്റ്റൺ ചെയ്സ് എന്നിവരെ പൂജ്യത്തിന് പുറത്താക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. ഒപ്പം ബ്രാണ്ടൻ കിംഗ്(9) നിക്കോളാസ് പൂരൻ(17) എന്നിവരും കൂടാരം കയറി. ഒപ്പം നായകൻ പവലും(1) പെട്ടെന്ന് തന്നെ മടങ്ങിയതോടെ വിൻഡീസ് 5 വിക്കറ്റിന് 30 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു. ശേഷമാണ് മധ്യനിര ബാറ്റർ ഷർഫയിൻ റൂഥർഫോർഡ് മികച്ച പ്രകടനവുമായി തിളങ്ങിയത്.
വിൻഡീസിന്റെ മറ്റു ബാറ്റർമാരെല്ലാം പരാജയപ്പെട്ട വിക്കറ്റിൽ റൂഥർഫോർഡ് അവസാനം നിമിഷം വരെ പിടിച്ചുനിന്നു. തന്റേതായ രീതിയിൽ റൺസ് കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്താണ് റൂഥർഫോർഡ് വിൻഡീസിനെ രക്ഷിച്ചത്. 39 പന്തുകൾ മത്സരത്തിൽ നേരിട്ട റൂഥർഫോർഡ് 2 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 68 റൺസ് നേടുകയുണ്ടായി.
ഇങ്ങനെ മത്സരത്തിൽ വിൻഡീസ് നിശ്ചിത 20 ഓവറുകളിൽ 149 റൺസിൽ എത്തുകയായിരുന്നു. മറുവശത്ത് കിവികൾക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കി ബോൾട്ട് മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് തുടക്കത്തിൽ തകർച്ചയുണ്ടായി. 8 പന്തുകളിൽ 5 റൺസ് നേടിയ കോൺവെ കൂടാരം കയറി.
ശേഷം ഫിൻ അലൻ 23 പന്തുകളിൽ 26 റൺസുമായി ക്രീസിലുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ കണ്ടെത്തി വിൻഡീസ് ന്യൂസിലാൻഡിനെ പിടിച്ചു കെട്ടുകയായിരുന്നു. രവീന്ദ്ര(10) നായകൻ വില്യംസൺ(1) എന്നിവരുടെ വിക്കറ്റ് ചെറിയ ഇടവേളയിൽ തന്നെ ന്യൂസിലാൻഡിന് നഷ്ടമായി. ഇതോടെ മത്സരത്തിൽ ന്യൂസിലാൻഡ് പതറുകയായിരുന്നു.
ശേഷം അവസാന ഓവറുകളിൽ ഗ്ലെൻ ഫിലിപ്‌സിന്റെ ആക്രമണമാണ് ന്യൂസിലാൻഡിന് പ്രതീക്ഷകൾ നൽകിയത്. അവസാന മൂന്നോവറുകളിൽ 50 റൺസ് ആയിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പതിനെട്ടാം ഓവറിൽ ഫിലിപ്സിനെ(40) പുറത്താക്കി അൾസാരി ജോസഫ് വിൻഡീസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ശേഷം സാന്റ്നർ അവസാന ഓവറിൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം കണ്ടില്ല.