കിരീടനേട്ടം കൊണ്ട് ഒന്നുമായില്ല.. കൊൽക്കത്തയ്ക്ക് ഇനിയും ലക്ഷ്യങ്ങളുണ്ട്.. ഗംഭീർ പറയുന്നു..

ezgif.com crop

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ ഐപിഎൽ സീസണാണ് അവസാനിക്കുന്നത്. സീസണിന്റെ തുടക്കം മുതൽ കൃത്യമായി ആധിപത്യം പുലർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു. ഗൗതം ഗംഭീർ മെന്ററായി തിരികെ ഫ്രാഞ്ചൈസിയ്ക്കൊപ്പം ചേർന്നതിന് പിന്നാലെ വളരെ മികച്ച പ്രകടനങ്ങളാണ് ടീമിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

2024 ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കിയതിന് ശേഷം തന്റെ ആഹ്ലാദം പ്രകടിപ്പിക്കാൻ ഗംഭീർ മറന്നില്ല. ഇതോടൊപ്പം ഫ്രാഞ്ചൈസിയുടെ അടുത്ത ലക്ഷ്യത്തെ പറ്റി സംസാരിക്കുകയാണ് ഗൗതം ഗംഭീർ ഇപ്പോൾ. താനിപ്പോൾ സംതൃപ്തനാണെന്നും, എന്നാൽ മുൻപോട്ടു പോകുമ്പോൾ കുറച്ചധികം ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ട് എന്നുമാണ് ഗംഭീർ ചൂണ്ടിക്കാട്ടിയത്.

ഇപ്പോഴും തങ്ങൾക്ക് മുംബൈയെക്കാളും ചെന്നൈയെക്കാളും രണ്ട് ട്രോഫികൾ കുറവാണ് എന്ന് ഗംഭീർ പറയുന്നു. അതിനാൽ തന്നെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായി മാറാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടില്ല എന്ന് ഗംഭീർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ 5 ട്രോഫികൾ സ്വന്തമാക്കുക എന്നതാണ് ഇപ്പോഴത്തെ തങ്ങളുടെ ലക്ഷ്യം എന്ന് ഗംഭീർ പറയുന്നു.

“ഞങ്ങൾ ഇപ്പോഴും മുംബയെക്കാളും ചെന്നൈയെക്കാളും 2 ട്രോഫികൾ കുറവുള്ള ടീമാണ്. അതുകൊണ്ടുതന്നെ ഏറ്റവും വിജയകരമായ ഐപിഎൽ ഫ്രാഞ്ചൈസി എന്ന് ഞങ്ങളെ വിളിക്കാൻ സാധിക്കില്ല. അങ്ങനെ ഉണ്ടാവണമെങ്കിൽ ഞങ്ങൾ ഇനിയും 3 ഐപിഎൽ കിരീടങ്ങൾ കൂടി സ്വന്തമാക്കേണ്ടതുണ്ട്. അതിനായി ഒരുപാട് കഠിനപ്രയത്നം ആവശ്യമാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായി കൊൽക്കത്തയെ മാറ്റുക എന്നതാണ് ഞങ്ങൾക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതിലും വൈകാരികമായ മറ്റൊന്ന് ഉണ്ടാവില്ല. ഞങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുന്നതേയുള്ളൂ.”- ഗംഭീർ പറയുന്നു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

സീസണിലെ ടീമിന്റെ വിജയത്തെപ്പറ്റി ഗംഭീർ വാചാലനായി. “നമ്മൾ ഐപിഎല്ലിലേക്ക് എത്തുമ്പോൾ ആദ്യ ചിന്ത എങ്ങനെയെങ്കിലും പ്ലേയോഫിൽ എത്തുക എന്നതാണ്. പ്ലെയോഫിലേക്ക് അടുക്കും തോറും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുക എന്ന ചിന്ത നമുക്ക് ഉണ്ടാവുന്നു. അങ്ങനെ നമ്മൾ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുകയാണെങ്കിൽ നമ്മുടെ അടുത്ത ലക്ഷ്യം ഫൈനലിൽ എത്തുക എന്നതാണ്. അതിന് ശേഷം കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവും നമുക്ക് ഉണ്ടാവുന്നു. ഇങ്ങനെയുള്ള ഓരോ സ്റ്റെപ്പിലും വലിയ ആവേശവും വെല്ലുവിളിയും നിരാശയുമൊക്കെ ഉണ്ട്.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.

“ഇന്ന് ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് ഉള്ളത്. കാരണം ഐപിഎൽ അത്ര വലിയൊരു ലീഗാണ്. ഒരു ടീമിനെ പോലും മൃദുവായി എടുക്കാൻ ഐപിഎല്ലിൽ സാധിക്കില്ല. അത്തരമൊരു വലിയ ടൂർണമെന്റിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമ്പോൾ നമുക്ക് വലിയ സന്തോഷവും ഉണ്ടാവുന്നു ഇനി കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എല്ലായിപ്പോഴും ക്രിക്കറ്റിനെ പറ്റി ചിന്തിക്കുന്ന ഒരാളല്ല ഞാൻ. എനിക്ക് ഇത്തരം ഇടവേളകൾ ആവശ്യമാണ്. നമ്മുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുക എന്നതിനേക്കാൾ വലുതായി ഒന്നും തന്നെയില്ല.”- ഗൗതം ഗംഭീർ പറഞ്ഞുവയ്ക്കുന്നു.

Scroll to Top