2025 ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാനെ വിജയിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. രാജസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത് ജയസ്വാൾ ആയിരുന്നു. ബോളിങ്ങിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ കാര്യങ്ങൾ രാജസ്ഥാന് അനുകൂലമായി മാറി. മാത്രമല്ല കൃത്യമായ രീതിയിൽ ബോളിങ് ചെയ്ഞ്ചുകൾ നടത്തി സഞ്ജു സാംസനും രാജസ്ഥാനായി മികവ് പുലർത്തി. രാജസ്ഥാന്റെ സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജുവും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. ആദ്യ വിക്കറ്റിൽ 89 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. 26 പന്തുകളിൽ 38 റൺസ് സ്വന്തമാക്കിയ ശേഷമായിരുന്നു സഞ്ജു പുറത്തായത്. ഇതിന് ശേഷവും ജയസ്വാൾ ആക്രമണം അഴിച്ചുവിട്ടു. 45 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 67 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയത്. പിന്നീട് മത്സരത്തിന്റെ അവസാന സമയങ്ങളിൽ റിയാൻ പരാഗിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. പരഗ് 25 പന്തുകളിൽ 43 റൺസ് സ്വന്തമാക്കി പുറത്താവാതെ നിന്നു.
ഇതോടെ അവസാന ഓവറുകളിൽ മികവു പുലർത്താൻ രാജസ്ഥാന് സാധിച്ചു. ഇങ്ങനെ രാജസ്ഥാന്റെ സ്കോർ 200 കടക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 205 റൺസ് ആണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ജോഫ്രാ ആർച്ചർ ആരംഭിച്ചത്. ഓപ്പണർ ആര്യയെയും(0) ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും(10) ആദ്യ ഓവറിൽ പുറത്താക്കാൻ ആർച്ചർക്ക് സാധിച്ചു. പിന്നീട് മർക്കസ് സ്റ്റോയിനിസിനെ പുറത്താക്കി സന്ദീപ് ശർമയും മികവ് പുലർത്തി. ശേഷം പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു.
പിന്നീടാണ് മാക്സ്വെല്ലും നേഹൽ വധേരയും ചേർന്ന് പഞ്ചാബിനെ കൈപിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മധ്യ ഓവറുകളിൽ രാജസ്ഥാൻ ബോളർമാരെ നന്നായി പ്രഹരിക്കാൻ വധേരയ്ക്ക് സാധിച്ചു. മാക്സ്വെൽ 21 പന്തുകളിൽ 30 റൺസ് നേടിയ ശേഷമാണ് പുറത്തായത്. വധേര 41 പന്തുകളിൽ 62 റൺസ് നേടി. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയ്ക്കുള്ളിൽ പുറത്താക്കാൻ സാധിച്ചത് രാജസ്ഥാന് ഗുണം ചെയ്തു. ശേഷം മത്സരത്തിലേക്ക് പൂർണമായും രാജസ്ഥാൻ തിരികെ വരുകയായിരുന്നു. മത്സരത്തിൽ 155 റൺസിന് പഞ്ചാബിനെ നിർത്താൻ രാജസ്ഥാന് സാധിച്ചു.