2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഇടം പിടിച്ചത്.
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള തന്റെ യാത്രയെപ്പറ്റി വൈകാരികപരമായി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. പൂർണ്ണമായും തന്റെ മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായി, കഴിഞ്ഞ 2-3 മാസങ്ങളിൽ തന്റെ ഫോൺ പോലും ഉപേക്ഷിച്ചിരുന്നു എന്നാണ് സഞ്ജു സാംസൺ പറഞ്ഞിരിക്കുന്നത്.
2024 ഐപിഎല്ലിൽ 15 ഇന്നിങ്‌സുകളിൽ നിന്ന് 531 റൺസാണ് സഞ്ജു സാംസൺ നേടിയത്. 48.27 എന്ന ഉയർന്ന ശരാശരിയിൽ ആയിരുന്നു സഞ്ജുവിന്റെ നേട്ടം. ഇതിന് ശേഷമാണ് സഞ്ജു 2024 ട്വന്റി20 ലോകകപ്പ് കളിക്കാനായി പുറപ്പെടുന്നത്.
2015ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ ടീമിൽ ലഭിച്ചിരുന്നില്ല. ശേഷം ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് ഇപ്പോൾ സഞ്ജു 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് ഇടംപിടിച്ചത്.
“എന്നെ സംബന്ധിച്ച് ലോകകപ്പ് സെലക്ഷൻ എന്നത് ഒരു വൈകാരികപരമായ യാത്ര തന്നെയായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഇത്തരത്തിൽ ടീമിൽ സ്ഥാനം ലഭിക്കുമെന്ന് ഞാൻ വലുതായി പ്രതീക്ഷിച്ചിരുന്നില്ല. സെലക്ഷൻ പ്രക്രിയയ്ക്ക് ഒരുപാട് അടുത്താണ് നിൽക്കുന്നത് എന്ന് ഞാൻ കരുതിയിട്ടുമില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ എനിക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കൂ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അവിടെ നിന്നാണ് ഞാൻ കാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങിയത്.”- സഞ്ജു പറഞ്ഞു.
“ഞാൻ ആദ്യം ചെയ്തത് എന്റെ ഫോൺ ഉപേക്ഷിക്കുക എന്നതാണ്. ഞാൻ പൂർണ്ണമായും എന്റെ ഫോൺ ഉപേക്ഷിക്കുകയുണ്ടായി. കഴിഞ്ഞ 2-3 മാസങ്ങളിൽ ഞാൻ ഫോൺ ഉപയോഗിച്ചില്ല. പൂർണമായും എന്റെ മത്സരത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധ ചെലുത്തിയത്. മൈതാനത്തെത്തി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് എന്റെ ടീമിനെ വിജയത്തിൽ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തിരുന്നു.”
“ആ വഴിയിലൂടെ തന്നെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ കരുതിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി20 ടീമിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതും ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ. ഇത് എനിക്ക് ഒരുപാട് സ്പെഷ്യലാണ്.”- സഞ്ജു കൂട്ടിച്ചേർത്തു.
താൻ ലോകകപ്പ് കളിക്കാൻ എല്ലാത്തരത്തിലും തയ്യാറാണെന്ന് സഞ്ജു സാംസൺ കൂട്ടിച്ചേർക്കുകയുണ്ടായി. “ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. നമ്മൾ സ്വയം വിശ്വസിക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. കാര്യങ്ങളൊക്കെയും മാറിമറിയും എന്ന് സ്വയം വിശ്വസിപ്പിക്കുക. എന്റെ പ്രതിഭയോട് എനിക്ക് നീതിപുലർത്താൻ സാധിച്ചാൽ അത് എനിക്ക് ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.”
“ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റ്കളിൽ ഒന്നിൽ കളിക്കുമ്പോൾ, എന്റെ രാജ്യത്തിന് നല്ല സംഭാവനകൾ നൽകാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. എല്ലാത്തരത്തിലും ഞാൻ തയ്യാറാണ്. എന്റെ രാജ്യത്തിനായി സംഭാവന നൽകാൻ ഞാൻ ഒരുങ്ങികഴിഞ്ഞു.”- സഞ്ജു പറഞ്ഞുവെക്കുന്നു.