അയർലൻഡിനെതിരെ ജൂൺ അഞ്ചിന് നടക്കുന്ന മത്സരത്തോടുകൂടി ഇന്ത്യയുടെ ഇത്തവണത്തെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാണ്. ന്യൂയോർക്കിലാണ് ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ആദ്യ മത്സരത്തിലെ വിജയത്തിനായുള്ള കഠിന പ്രയത്നത്തിലാണ്.
ഇതിനിടെ ടൂർണമെന്റിലേക്ക് എത്തുമ്പോഴുള്ള തന്റെ കഴിവുകളെ ഉയർത്തിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. താൻ ഏറ്റവുമധികം തയ്യാറായി എത്തിയിട്ടുള്ള ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി.
“ഇപ്പോഴുള്ളതാണ് ഏറ്റവും തയ്യാറെടുപ്പുകളോട് കൂടിയ, പരിചയസമ്പന്നനായ സഞ്ജു സാംസണാണ്. അത്തരത്തിലാണ് ഞാൻ തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങളിൽ ഒരുപാട് ഒരുപാട് പരാജയങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. കുറച്ച് വിജയങ്ങളും എന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഉണ്ടായി. ജീവിതവും ക്രിക്കറ്റും ഒരുപാട് കാര്യങ്ങൾ എന്നെ കഴിഞ്ഞ വർഷങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു നിർണായകമായ ടൂർണമെന്റിന് മുൻപ് ഏത് തരത്തിൽ മുൻപോട്ട് പോകണം എന്നതിനെപ്പറ്റി ഞാൻ പഠിച്ചത് അങ്ങനെയാണ്.”- സഞ്ജു സാംസൺ പറഞ്ഞു.
“ഐപിഎൽ എന്റെ മാനസിക നിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. കാരണം ഒരുപാട് കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ ഉണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ നായകൻ എന്ന നിലയിൽ എനിക്ക് ക്രിക്കറ്റിൽ സജീവമാകാൻ സാധിച്ചു. എന്നിരുന്നാലും ടീമിൽ കളിക്കുമ്പോഴും ലോകകപ്പ് സെലക്ഷനെ സംബന്ധിച്ചുള്ള ചിന്തകൾ എനിക്ക് ചുറ്റും എത്തിയിരുന്നു. ഷോട്ടുകൾ കളിക്കുന്നത് തുടരുക എന്നതാണ് ഞാൻ എന്റെ കരിയറിൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച കാര്യം.”
“മാത്രമല്ല എന്നെ സംബന്ധിച്ച് ഒരു മികച്ച ഐപിഎൽ സീസണാണ് അവസാനിച്ചത് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അവസരങ്ങൾ ലഭിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതേസമയം ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് എത്ര പ്രയാസകരമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്താണോ ടീമിന് ആവശ്യമായത്, അതനുസരിച്ചുള്ള കോമ്പിനേഷനാണ് ടീം തയ്യാറാക്കുന്നത്. സെലക്ടർമാരും മാനേജ്മെന്റ് അതിനായാണ് ശ്രമിക്കുന്നത്.”- സഞ്ജു കൂട്ടിച്ചേർത്തു.
“എന്നാൽ ഇപ്പോൾ എനിക്ക് എന്നെ നന്നായി കൺവിൻസ് ചെയ്യിക്കാൻ സാധിച്ചു. ഇത്തരമൊരു വലിയ ടൂർണമെന്റ് കളിക്കാൻ ഞാൻ തയ്യാറാണ്. ആ രീതിയിലാണ് ഞാൻ മുൻപോട്ട് പോകുന്നത്.”- സഞ്ജു സാംസൺ പറയുന്നു. കഴിഞ്ഞ ഐപിഎല്ലിൽ 15 ഇന്നിങ്സുകൾ കളിച്ച സഞ്ജു സാംസൺ 531 റൺസാണ് സ്വന്തമാക്കിയത്. 153.47 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ഐപിഎല്ലിൽ കളിച്ചത്. ഐപിഎല്ലിന്റെ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തായിരുന്നു സഞ്ജു സ്ഥാനം കണ്ടെത്തിയത്. ഈ ലോകകപ്പിലും സഞ്ജു മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.