“കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് 10 ഇരട്ടി ശക്തമായ ടീമാണ് ഇപ്പോൾ ബാംഗ്ലൂർ”- ഡിവില്ലിയേഴ്സ് പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്‌ക്വാഡിനെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുൻ കളിക്കാരനുമായ എബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബാലൻസ്ഡായ ബാംഗ്ലൂർ ടീമാണ് ഇത്തവണ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത് എന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ മികച്ച തുടക്കം ബാംഗ്ലൂരിന് ലഭിക്കാനുള്ള കാരണം ഇത്തരത്തിൽ സന്തുലിതാവസ്ഥയുള്ള ഒരു നിര തന്നെയാണ് എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുകയുണ്ടായി.

2025 ഐപിഎൽ സീസണിൽ മികച്ച ഒരു തുടക്കം തന്നെയാണ് ബാംഗ്ലൂർ ടീമിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച 2 മത്സരങ്ങളിലും ബാംഗ്ലൂർ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 50 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ബാംഗ്ലൂർ സ്വത്തമാക്കിയത്. ഇതിന് ശേഷമാണ് ഡിവില്ലിയേഴ്സ് രംഗത്ത് എത്തിയത്
ഇത്തവണത്തെ ഐപിഎല്ലിൽ കൃത്യമായ ബാലൻസ് ഉള്ള ഒരു ടീമിനെ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട് എന്നാണ് ഡിവില്ലിയേഴ്സിന്റെ അഭിപ്രായം.

“കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണത്തെ ബാംഗ്ലൂർ ടീം 10 ഇരട്ടിയോളം ബാലൻസ് ഉള്ളതാണ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ ലേലത്തിന് ശേഷം ഞാൻ ബാംഗ്ലൂർ ടീം സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സംസാരിച്ചിരുന്നു. ബാറ്റർമാർ, ബോളർമാർ, ഫീൽഡർമാർ എന്നിങ്ങനെ ടീമിലേക്ക് കൊണ്ടുവരിക എന്നതിലല്ല കാര്യം. കൃത്യമായി ടീമിനുള്ളിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ എല്ലാവർക്കും സാധിക്കണം. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.”- ഡിവില്ലിയേഴ്സ് പറയുന്നു.

ഇത്തവണത്തെ ലേലത്തിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്തിയായിരുന്നു ബാംഗ്ലൂർ മൈതാനത്ത് എത്തിയത്. മികച്ച ഒരു കോർ നിർമ്മിക്കാനാണ് ബാംഗ്ലൂർ ലേലത്തിൽ ശ്രമിച്ചത്. ബോളിംഗ് വിഭാഗത്തിലും ബാറ്റിംഗ് വിഭാഗത്തിലും ആവശ്യമായ ഡെപ്ത്ത് ഉണ്ടാക്കാൻ ബാംഗ്ലൂർ ലേലത്തിൽ ശ്രമിച്ചു. ഓസ്ട്രേലിയയുടെ സൂപ്പർ പേസറായ ഹേസല്‍വുഡ്. ഇന്ത്യയുടെ താരം ഭുവനേശ്വർ കുമാർ എന്നിവരെ കൃത്യമായ രീതിയിൽ ടീമിലെത്തിക്കാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ മൂന്നാം നമ്പർ ബാറ്റർ സോൾട്ടിനെയും ബാംഗ്ലൂർ ടീമിൽ എത്തിക്കുകയുണ്ടായി.

Previous article“അശ്വിന് മുമ്പ് ധോണി ക്രീസിൽ എത്തണമായിരുന്നു, 9ആം നമ്പറിൽ കളിക്കേണ്ട താരമല്ല”, മുൻ ഇന്ത്യൻ താരങ്ങൾ.