“കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്”- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.

രാജസ്ഥാനെതിരായ മത്സരത്തിലെ മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്‌റ്റെയ്‌ൻ. മത്സരത്തിന് ശേഷം ഹർദിക് പാണ്ഡ്യ നൽകിയ ന്യായീകരണങ്ങളിലാണ് സ്റ്റെയിൻ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചത്.

പല സമയത്തും മത്സരശേഷം പരാജയപ്പെട്ട ടീമിന്റെ നായകന്മാർ സുരക്ഷിതമായ കാര്യങ്ങൾ മാത്രമാണ് പറയുന്നതെന്നും, യാതൊരു തരത്തിലും തങ്ങളുടെ വികാരങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്നും സ്റ്റെയിൻ പറയുകയുണ്ടായി. മത്സരത്തിലെ വിജയത്തിനോ പരാജയത്തിനോ ശേഷം കൃത്യമായി തങ്ങൾക്ക് തോന്നുന്ന കാര്യം തുറന്നുപറയാൻ ക്യാപ്റ്റന്മാർ തയ്യാറാവണം എന്നാണ് സ്റ്റെയിൻ പറഞ്ഞത്.

രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയോട് മത്സരത്തിലെ പരാജയത്തെ പറ്റി ചോദിക്കുകയുണ്ടായി. ഈ സമയത്ത് പാണ്ഡ്യ ഒരു ചിരിയോടെയാണ് മറുപടി നൽകിയത്. തങ്ങളുടെ താരങ്ങളെ വിമർശിക്കാൻ പറ്റിയ സമയമല്ല ഇതെന്നും, അവർ എല്ലാവരും തന്നെ പ്രൊഫഷണൽ താരങ്ങളാണ് എന്നുമായിരുന്നു പാണ്ഡ്യ പരാജയത്തിന് ശേഷം പറഞ്ഞത്. ഇതാണ് സ്റ്റെയിനെ കൂടുതൽ പ്രകോപിതനാക്കിയത്.

പ്രധാനമായും നായകന്മാർ തങ്ങളുടെ “പ്രക്രിയകളിൽ വിശ്വസിക്കുന്നു” എന്നും “അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നു” എന്നും വീണ്ടും പറയുന്നതിനെയാണ് സ്റ്റെയിൻ വിമർശിച്ചത്. ഇത്തരം ക്ലീഷേ കാര്യങ്ങൾ തുടർച്ചയായി പറയുന്നത് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്ന് സ്റ്റെയിൻ പറയുന്നു.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് സ്റ്റെയിൻ പാണ്ഡ്യക്കെതിരെയുള്ള വിമർശനം ഉന്നയിച്ചത്. “കളിക്കാർ തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാൻ ശ്രമിക്കണം എന്നാണ് ഞാൻ കരുതുന്നത്. എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. സാധാരണയായി നമ്മൾ പറയുന്ന സുരക്ഷിതമായ കാര്യങ്ങളാണ് വീണ്ടും ഇവിടെ ക്യാപ്റ്റൻമാർ ആവർത്തിക്കുന്നത്. മത്സരം പരാജയപ്പെടുന്നു, ചിരിക്കുന്നു, വീണ്ടും ഇത്തരത്തിൽ അസംബന്ധങ്ങൾ വിളിച്ചു പറയുന്നു”- സ്റ്റെയിൻ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വളരെ മോശം പ്രകടനമായിരുന്നു മുംബൈ നായകൻ ഹർദിക് പാണ്ഡ്യ പുറത്തെടുത്തത്. മത്സരത്തിൽ ബാറ്റിംഗിൽ 10 പന്തുകൾ നേരിട്ട് പാണ്ട്യ 10 റൺസാണ് നേടിയത്. ശേഷം 2 ഓവറുകൾ പന്തറിഞ്ഞ പാണ്ഡ്യ 21 റൺസും വിട്ടു നൽകുകയുണ്ടായി. ശേഷം മത്സരത്തിലെ പരാജയത്തെ പറ്റി ചോദിച്ചപ്പോൾ സാധാരണയായുള്ള കാര്യങ്ങൾ മാത്രമാണ് പാണ്ഡ്യ പറഞ്ഞത്. അടുത്ത മത്സരത്തിൽ തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേർക്കുകയുണ്ടായി

Previous article“എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി”- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..
Next articleരാഹുലിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്. ലോകകപ്പിലേക്ക് വമ്പൻ എൻട്രി ഉടൻ??