“കരിയറിൽ എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ പേസറാണ് “- രോഹിത് ശർമ പറയുന്നു.

ഒരു നായകനെന്ന നിലയിലും ഒരു ബാറ്ററെന്ന നിലയിലും ഇന്ത്യയ്ക്കായി മികവ് പുലർത്താൻ സാധിച്ചിട്ടുള്ള താരമാണ് രോഹിത് ശർമ. നിലവിലെ ഇന്ത്യൻ നായകനായ രോഹിത് ഇതിനോടകം തന്നെ തന്റെ വെടിക്കെട്ടുകൾ കൊണ്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചറികൾ സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു താരം രോഹിത് ശർമയാണ്.

ഒരു ഓപ്പണറായി ഇന്ത്യൻ ടീമിൽ പ്രമോഷൻ ലഭിച്ചതിന് ശേഷം രോഹിത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രധാനമായും ആക്രമിച്ചു തുടങ്ങുക എന്നതാണ് രോഹിത്തിന്റെ ശൈലി. പക്ഷേ ഇതിനിടയിലും ചില ബോളർമാരെ രോഹിത് ശർമ ഭയപ്പെടുന്നുണ്ട്. തന്റെ കരിയറിൽ നേരിട്ട ഏറ്റവും പ്രയാസകരമായ പന്തുകൾ ആരുടേതാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത് ഇപ്പോൾ.

മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്‌റ്റെയ്‌നെ നേരിടാനാണ് താൻ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ പേസ് ബോളറായ സ്‌റ്റെയ്‌നെതിരെ താൻ കുറച്ചു ഭയപ്പെട്ടിട്ടുണ്ട് എന്ന് രോഹിത് സമ്മതിക്കുകയാണ്. ബാറ്റ് ചെയ്യാൻ എത്തുന്നതിനു മുൻപ് സ്‌റ്റെയ്‌ൻ ബോൾ ചെയ്യുന്ന വീഡിയോ നൂറിലധികം തവണ താൻ കാണാറുണ്ടായിരുന്നു എന്നാണ് രോഹിത് പറയുന്നത്.

“ഞാൻ ബാറ്റ് ചെയ്യാൻ ക്രീസിലെത്തുന്നതിന് മുൻപ് സ്‌റ്റെയ്‌ൻ ബോൾ ചെയ്യുന്ന വീഡിയോ 100 തവണയിലധികം കണ്ടിട്ടുണ്ട്. അതാണ് ക്രിക്കറ്റിൽ സ്‌റ്റെയ്‌ൻ. അദ്ദേഹം ഒരു ഇതിഹാസ താരം തന്നെയാണ്. ഒരുപാട് അംഗീകാരങ്ങൾ തന്റെ കരിയറിൽ നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ബോളറാണ് സ്‌റ്റെയ്‌ൻ”- രോഹിത് ശർമ പറയുന്നു.

“ഞാൻ ഒരുപാട് തവണ സ്‌റ്റെയ്‌നെ നേരിട്ടിട്ടുണ്ട്. വളരെ സ്പീഡിലാണ് അദ്ദേഹം പന്ത് എറിയുന്നത്. ആ സ്പീഡിൽ പന്തിൽ സ്വിങ് കണ്ടെത്താനും സ്റ്റെയിന് സാധിക്കാറുണ്ട് അത് നേരിടുക എന്നത് അത്ര അനായാസമല്ല. വലിയ പ്രയാസമാണ്. സ്റ്റെയിന് മുൻപിൽ പിടിച്ചുനിൽക്കുക എന്നത് ബുദ്ധിമുട്ടാണ്. എല്ലായിപ്പോഴും ഒരു മത്സരം കാഴ്ചവെക്കാൻ സ്റ്റെയിന് സാധിക്കാറുണ്ട്. മൈതാനത്ത് എത്തിയാൽ എന്തും ചെയ്യാൻ തയ്യാറായാണ് സ്റ്റെയിൻ എത്താറുള്ളത്. എല്ലാ മത്സരവും എല്ലാ സെക്ഷനും സ്റ്റെയിന് വിജയിക്കണം. അതുകൊണ്ട് അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യുന്നത് വളരെ നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്.”- രോഹിത് തുറന്നു പറയുന്നു.

എന്നിരുന്നാലും രോഹിത് ശർമക്കെതിരെ അത്ര വലിയ റെക്കോർഡുകളൊന്നും സ്‌റ്റെയ്‌ന് അവകാശപ്പെടാനില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ കേവലം ഒരു തവണ മാത്രമാണ് സ്റ്റെയിൻ രോഹിത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിൽ പൂജ്യനായി രോഹിത്തിനെ പുറത്താക്കാൻ അന്ന് സ്‌റ്റെയ്‌ന് സാധിച്ചിരുന്നു. ഇതിനു മുൻപും സ്റ്റെയിൻ ഉയർത്തുന്ന വെല്ലുവിളികളെ പറ്റി രോഹിത് സംസാരിച്ചിരുന്നു. തന്റെ കൃത്യമായ ലെങ്ത് ഉപയോഗിച്ച് ബാറ്റർമാരെ എല്ലായിപ്പോഴും കുഴയ്ക്കാൻ സാധിക്കുന്ന ബോളറാണ് സ്‌റ്റെയ്‌ൻ എന്ന് രോഹിത് പറയുകയുണ്ടായി. രോഹിത് ശർമയ്ക്കെതിരെ ബോൾ ചെയ്യാൻ താനും വളരെ ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് സ്‌റ്റെയ്‌ൻ ഇതിന് മറുപടിയും നൽകിയിരുന്നു.

Previous articleസഞ്ജുവിന് വീണ്ടും ബാറ്റിംഗ് ദുരന്തം. മികച്ച അവസരം മുതലാക്കാതെ മടങ്ങി.
Next articleരാജസ്ഥാന്‍ ജയിക്കാന്‍ മറന്നു. തുടര്‍ച്ചയായ നാലാം പരാജയം.