കണക്കുകൾ ബാക്കിവയ്ക്കുന്ന ശീലം ഇന്ത്യയ്ക്കില്ല. ഇവിടെ തീർന്നത് ആ 10 വിക്കറ്റിന്റെ കണക്ക്.

വെല്ലുവിളികൾക്ക് മുൻപിൽ പതറാതെ ഓരോ ചുവടും മുൻപോട്ടു വെച്ച് പാരമ്പര്യമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിനുള്ളത്. ഓരോ കണക്കുകളും തങ്ങളുടെ വിജയവഴിയിൽ തീർത്തു പോവുക എന്ന ശീലവും നിലവിലെ ഇന്ത്യൻ ടീം വച്ചുപുലർത്തുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലെ വിജയം.

2022 ട്വന്റി20 ലോകകപ്പിൽ അഡ്ലൈഡിൽ നടന്ന സെമി ഫൈനലിൽ ഇന്ത്യയെ നാണം കെടുത്തിവിട്ട ഇംഗ്ലണ്ടിനെതിരെ, 2024ൽ ഇന്ത്യ കണക്ക് തീർത്തിരിക്കുകയാണ്. അന്ന് ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ വിജയം നേടിയ ഇംഗ്ലണ്ട് ഇത്തവണയും വളരെ വലിയ ആത്മവിശ്വാസത്തോടെയാണ് മൈതാനത്ത് ഇറങ്ങിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും തുടർച്ചയായി എറിഞ്ഞിട്ട് ഇന്ത്യ പ്രതികാരം തീർത്തിരിക്കുന്നു.

അന്ന് അഡ്ലൈഡിൽ പറ്റിയ പിഴവ് ഇനി ആവർത്തിക്കില്ല എന്ന് ശപഥം ചെയ്ത ഇന്ത്യൻ ടീമിനെയാണ് കാണാൻ സാധിച്ചത്. 2022 നവംബർ 10 ഓർമയിൽ ഉണ്ടായിരുന്ന ജോസ് ബട്ലർ ഈ മത്സരത്തിൽ അതേ മനോഭാവം തന്നെ കാട്ടുകയുണ്ടായി. ഇന്ത്യക്കെതിരെ ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്താണ് ബട്ലർ ആരംഭിച്ചത്. പക്ഷേ രോഹിത് ശർമയും ടീമും അതിൽ ഭയക്കുന്നവർ ആയിരുന്നില്ല. കൃത്യമായ രീതിയിൽ ബോളിംഗ് ചെയ്ഞ്ചുകൾ വരുത്തി ഇംഗ്ലണ്ടിന്റെ അടിവേരെടുക്കാൻ രോഹിത്തിനും കൂട്ടർക്കും സാധിച്ചു. അക്ഷർ പട്ടേലിന് പവർപ്ലെയിൽ ബോൾ നൽകാനുള്ള രോഹിത്തിന്റെ തീരുമാനമായിരുന്നു വിജയം കണ്ടത്. അക്ഷർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ജോസ് ബട്ലർ കൂടാരം കയറുകയുണ്ടായി.

പിന്നാലെ ഡ്രസ്സിംഗ് റൂമിലേക്ക് ഒരു ജാഥ തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ കേവലം 13 റൺസിന് ഇംഗ്ലണ്ടിനെ ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ഇരട്ടിമധുരം നൽകുന്ന വിജയമാണ്. മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ സാമൂഹ്യ മാധ്യമ പേജിൽ ഔദ്യോഗികമായി പരിഹാസം പോലും ചൊരിഞ്ഞിരുന്നു. “ആരെങ്കിലും 2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനൽ ഓർക്കുന്നുണ്ടോ” എന്ന ശീർഷകത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മത്സരത്തെപ്പറ്റിയുള്ള പോസ്റ്റ് തയ്യാറാക്കിയത്. പക്ഷേ ഇതിനെല്ലാം മറുപടി ഇത്തരത്തിൽ ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല.

2023 ഏകദിന ലോകകപ്പിലേതിന് സമാനമായ കുതിപ്പാണ് ഇത്തവണയും ഇന്ത്യ നടത്തിയത്. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യ ഈ ലോകകപ്പിന്റെ ഫൈനലിലും എത്തിയിരിക്കുന്നത്. എന്നാൽ 2023ല്‍ ഓസ്ട്രേലിയക്കെതിരെ ഫൈനലിൽ ഇന്ത്യ വരുത്തിയ പിഴവ് ഇനിയും ആവർത്തിക്കാൻ പാടില്ല. വളരെ സൂക്ഷ്മതയോടെ ദക്ഷിണാഫ്രിക്കെതിരെ പട നയിക്കേണ്ടത് രോഹിത് ശർമയുടെ ആവശ്യമാണ്. 13 വർഷങ്ങളായി തലനാരിഴയ്ക്ക് നഷ്ടമാവുന്ന ആ കിരീടം ഇത്തവണ രോഹിത് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Previous article“പവർപ്ലേയിൽ പന്തെറിയാൻ ഞാൻ തയാറായിരുന്നു. പിച്ചിന്റെ സ്ലോനെസ് സഹായിച്ചു “: അക്ഷർ
Next articleരോഹിതിന്റെ ഏറ്റവും വലിയ പിഴവ്. ദുബെയെ ടീമിലെടുത്തത് സഞ്ജു പുറത്തിരിക്കുമ്പോൾ.