2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ടൂർണമെന്റിന്റെ പാതിയെത്തുമ്പോൾ അവസാന സ്ഥാനക്കാരായിരുന്ന ബാംഗ്ലൂർ, പിന്നീട് ഉഗ്രൻ തിരിച്ചുവരവോടെ പ്ലെയോഫിൽ സ്ഥാനം കണ്ടെത്തുകയുണ്ടായി. പക്ഷേ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നാലു വിക്കറ്റുകൾക്ക് പരാജയം നേടി ബാംഗ്ലൂർ പുറത്താവുകയാണ് ഉണ്ടായത്.
ഈ സാഹചര്യത്തിൽ ബാംഗ്ലൂരിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. മത്സരത്തിലെ പരാജയത്തിന് ശേഷം ബാംഗ്ലൂർ താരം ഗ്ലെൻ മാക്സ്വെല്ലിനെ വിമർശിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത് എത്തിയത്. മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പൂജ്യനായി മാക്സ്വെൽ മടങ്ങുകയായിരുന്നു.
പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്താറുള്ള മാക്സ്വെൽ ഐപിഎല്ലിൽ ബാംഗ്ലൂരിനായി തീർത്തും പരാജയമായി മാറിയതിനെയാണ് മനോജ് തിവാരി വിമർശിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിനോട് മാക്സ്വെല്ലിന് താല്പര്യമില്ല എന്ന് മനോജ് തിവാരി പറയുന്നു. മത്സരത്തിന്റെ ഏത് സമയത്ത് പുറത്തായാലും കൃത്യമായ രീതിയിൽ പണം സമ്പാദിക്കാൻ മാക്സ്വെല്ലിന് സാധിക്കുന്നുണ്ട് എന്ന് തിവാരി കൂട്ടിച്ചേർക്കുകയുണ്ടായി. എത്രമാത്രം മോശം പ്രകടനം മൈതാനത്ത് കാഴ്ചവച്ചാലും വൈകുന്നേരം ചിരിച്ച് ആസ്വദിച്ച് ഫോട്ടോകൾ സ്വന്തമാക്കാനും ഇത്തരം താരങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നാണ് മനോജ് തിവാരി വിലയിരുത്തുന്നത്.
“ഗ്ലെന്‍ മാക്സ്വെൽ ഓസ്ട്രേലിയക്കായി എല്ലായിപ്പോഴും വമ്പൻ പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവയ്ക്കാറുള്ളത് എന്ന് നമുക്ക് മനസ്സിലാവും. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ ഒരു തരത്തിലുള്ള ഷോയും മാക്സ്വെല്ലിൽ നിന്ന് ഉണ്ടാവുന്നില്ല. അവന് ഐപിഎല്ലിൽ കളിക്കുന്നതിനോട് താല്പര്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മത്സരത്തിൽ പുറത്തായാലും മാക്സ്വെല്ലിന് ഒന്നും നഷ്ടപ്പെടാനില്ല. സത്യസന്ധമായി പറഞ്ഞാൽ അയാൾക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ട്. ചെക്കുകൾ പെട്ടെന്ന് തന്നെ മാറി പണമാകുന്നുണ്ട്. അതുകൊണ്ട് മറ്റൊന്നും അവന് പ്രശ്നമല്ല. രാത്രികളിൽ ചിരിച്ച് ആസ്വദിച്ച് ഫോട്ടോകൾ ക്ലിക്ക് ചെയ്യാനും അവന് സാധിക്കുന്നുണ്ട്.”- മനോജ് തിവാരി പറഞ്ഞു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 10 മത്സരങ്ങൾ കളിച്ച മാക്സ്വെൽ കേവലം 52 റൺസ് മാത്രമാണ് നേടിയത്. 5.7 എന്ന കുറഞ്ഞ ശരാശരിയിലാണ് മാക്സ്വെൽ കളിച്ചത്. 28 റൺസാണ് മാക്സ്വെല്ലിന്റെ ഈ സീസണിലെ ഉയർന്ന സ്കോർ. സീസണിലുടനീളം കളിച്ച താരം 6 ബൗണ്ടറികളും 2 സിക്സറുകളും മാത്രമാണ് നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോർഡും മാക്സ്വെൽ സ്വന്തമാക്കുകയുണ്ടായി. ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോർഡിൽ ദിനേശ് കാർത്തിക്കിനൊപ്പം എത്താനും മാക്സ്വെല്ലിന് ഈ സീസണിലൂടെ സാധിച്ചു. 18 തവണയാണ് മാക്സ്വെൽ പൂജ്യനായി ഐപിഎല്ലിൽ പുറത്തായിട്ടുള്ളത്.