ഓറഞ്ച് ക്യാപ്പ് നേടിയിട്ട് കാര്യമില്ല, ഐപിഎൽ കിരീടം നേടണം. കോഹ്ലിയേയും ബാംഗ്ലൂരിനെയും വിമർശിച്ച് റായുഡു.

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിമർശനങ്ങളുമായി മുൻ ഇന്ത്യൻ തരം അമ്പട്ടി റായുഡു രംഗത്ത്. 2024 ഐപിഎല്ലിന്റെ ഫൈനലിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയകിരീടം ചൂടിയിരുന്നു.

8 വിക്കറ്റുകൾക്കായിരുന്നു ഫൈനലിലെ കൊൽക്കത്തയുടെ വിജയം. ഇതിന് പിന്നാലെയാണ് ബാംഗ്ലൂരിനെയും വിരാട് കോഹ്ലിയെയും വിമർശിച്ച് റായുഡു വീണ്ടും രംഗത്ത് എത്തിയത്. എല്ലാ ടീമുകളെയും കൂട്ടായ പ്രകടനമാണ് വിജയകിരീടത്തിൽ എത്തിക്കുന്നതിനും, അല്ലാത്തപക്ഷം ഓറഞ്ച് ക്യാപ്പ് മാത്രം കിട്ടിയിട്ട് കാര്യമൊന്നുമില്ല എന്നുമാണ് റായുഡു പറഞ്ഞത്.

ലീഗിന്റെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയമേറ്റ് ബാംഗ്ലൂർ പുറത്തായിരുന്നു. പക്ഷേ 700ലധികം റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാൻ ബാംഗ്ലൂർ താരം വിരാട് കോഹ്ലിക്ക് സാധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റായുഡുവിന്റെ ഈ പരാമർശം.

“വിജയകിരീടം ചൂടിയ കൊൽക്കത്തക്ക് അഭിനന്ദനങ്ങൾ. സുനിൽ നരെയൻ, ആൻഡ്ര റസൽ, മിച്ചൽ സ്റ്റാർക്ക് എന്നിവരെല്ലാം മികച്ച പ്രകടനത്തിലൂടെ കൊൽക്കത്തയുടെ ഈ വിജയത്തിൽ പങ്കാളികളായി. ഐപിഎല്ലിൽ വിജയം സ്വന്തമാക്കേണ്ടത് ഈ രീതിയിലാണ്. ഇതാണ് നമ്മൾ വർഷങ്ങളായി കാണുന്നത്. അതുപോലെതന്നെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് കൊണ്ട് ആർക്കും തന്നെ ഒന്നും കിട്ടാനില്ല. തങ്ങളുടെ പ്രധാന താരങ്ങളൊക്കെ 300 റൺസിലധികം നേടി മികച്ച സംഭാവനകൾ നൽകുമ്പോഴാണ് ടീമുകൾ വിജയം സ്വന്തമാക്കുന്നത്.”- റായുഡു പറയുന്നു.

ഇതേസമയം വിരാട് കോഹ്ലിയുടെ പ്രകടനത്തെപ്പറ്റി പരാമർശിക്കാനും റായുഡു മറന്നില്ല. “ബാംഗ്ലൂരിനെ സംബന്ധിച്ച് കോഹ്ലി ഒരു ഇതിഹാസ താരമാണ്. കോഹ്ലിയുടെ ഈ സീസണിലെ പ്രകടനങ്ങളും യുവതാരങ്ങളെ ഒരുപാട് സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.”- റായുഡു വ്യക്തമാക്കുകയുണ്ടായി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇത്തരം മോശം പ്രകടനങ്ങൾക്ക് കാരണം മാനേജ്മെന്റിന്റെ പോരായ്മകളാണ് എന്ന് ചൂണ്ടിക്കാട്ടി റായുഡു മുൻപും രംഗത്ത് വന്നിരുന്നു. പലപ്പോഴും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റ് വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്നും, അതിനാലാണ് 17 സീസണുകൾ പിന്നിട്ടിട്ടും ടീമിന് കിരീടം സ്വന്തമാക്കാൻ സാധിക്കാത്തതെന്നും റായുഡു പറഞ്ഞിരുന്നു.

വരാനിരിക്കുന്ന മെഗാ ലേലത്തിലെങ്കിലും ബാംഗ്ലൂർ യുക്തിപരമായി താരങ്ങളെ തിരഞ്ഞെടുക്കണമെന്നാണ് റായുഡു ഉപദേശിക്കുന്നത്. ടീമിന് പ്രാധാന്യം നൽകുന്ന താരങ്ങളെയാണ് തങ്ങൾക്ക് ആവശ്യമെന്ന് ബാംഗ്ലൂർ മനസ്സിലാക്കണമെന്ന് റായുഡു പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിന് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്.

2008 സീസൺ മുതൽ ബാംഗ്ലൂരിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. പക്ഷേ ഇതുവരെയും ടീമിനെ കിരീടത്തിൽ എത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. വമ്പൻ താരങ്ങൾ അണിനിരന്ന ടീമായിട്ടും കൂട്ടായ പ്രകടനം ടീമിൽ നിന്ന് ഉണ്ടായിട്ടുമില്ല.

Previous articleസഞ്ജുവും ശ്രേയസുമല്ല, ഈ സീസണിലെ ഏറ്റവും മികച്ച നായകൻ അവനാണ്. ഇർഫാൻ പത്താൻ പറയുന്നു.
Next article“പാകിസ്ഥാനെതിരെ കളിക്കുന്നതിലും ഭേദം ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നതായിരുന്നു”. പാകിസ്ഥാനെ അധിക്ഷേപിച്ച് മൈക്കിൾ വോൺ.