ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടക്കാൻ പോകുന്നത്. ഇരു ടീമുകളുടെയും ലീഗ് റൗണ്ടിലെ അവസാന മത്സരമാണ് നടക്കാനിരിക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കുന്ന ടീം പ്ലേയോഫിലേക്ക് യോഗ്യത നേടും.
ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി പ്ലെയോഫിലേക്ക് യോഗ്യത നേടുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിർണായകഘട്ടത്തിൽ ചെന്നൈക്കായി രക്ഷകനായി എത്താറുള്ള മഹേന്ദ്ര സിംഗ് ധോണി ഇത്തവണയും ടീമിനെ വിജയിപ്പിക്കും എന്നാണ് കൈഫ് കരുതുന്നത്.
നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും ആവശ്യമായ സാഹചര്യത്തിൽ തന്റെ ടീമിനെ വിജയിപ്പിക്കാനുള്ള കഴിവ് ധോണിയ്ക്കുണ്ട് എന്ന് കൈഫ് പറയുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ധോണി ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രമോട്ട് ചെയ്യും എന്നാണ് കൈഫ് വിശ്വസിക്കുന്നത്.
“തന്റെ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് ഇതൊരു നോകൗട്ട് മത്സരമാണെന്ന് ധോണിയ്ക്ക് അറിയാം. 2011 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ധോണി സ്വയം പ്രമോട്ട് ചെയ്ത് നാലാം നമ്പറിൽ എത്തിയിരുന്നു. ആ മത്സരത്തിന് മുൻപുവരെ ധോണി ഫോമിലായിരുന്നില്ല. പക്ഷേ മത്സരത്തിന്റെ നോക്കൗട്ട് സ്റ്റേജിൽ ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവയ്ക്കാൻ ധോണിയ്ക്ക് സാധിച്ചു.”- കൈഫ് പറയുന്നു.
“ബാംഗ്ലൂരിനെതിരായ മത്സരത്തിലും ധോണി മധ്യനിരയിൽ തന്നെ ബാറ്റ് ചെയ്യുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. ധോണി ഒരു ചാമ്പ്യൻ ക്രിക്കറ്റർ ആണ്. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് മറ്റു താരങ്ങൾക്കും ഗുണമുണ്ടാക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്.”
“കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ 2 പന്തുകളിൽ 10 റൺസ് ആയിരുന്നു ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആ സമയത്താണ് ജഡേജ ഒരു സിക്സറും ഒരു ബൗണ്ടറിയും കണ്ടെത്തിയത്. ഇതും ധോണിയുടെ സാന്നിധ്യത്തിന്റെ ഫലമാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.”- കൈഫ് കൂട്ടിച്ചേർത്തു.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് ക്യാപ്റ്റൻമാർ വരികയും പോകുകയും ചെയ്യും. പക്ഷേ ധോണി എന്നും സ്പെഷ്യലാണ്. വെല്ലുവിളികൾ ഉയർന്ന സമയത്ത് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന നിലവാരമുള്ള ക്രിക്കറ്ററാണ് മഹേന്ദ്രസിംഗ് ധോണി. എപ്പോഴും മൈതാനത്ത് ശാന്തനായി തുടർന്ന് മറ്റുള്ളവരുടെ പിഴവുകൾ പോലും പരിഹരിക്കാൻ ധോണിയ്ക്ക് സാധിക്കും.”
“ബാംഗ്ലൂരിന്റെ പേസർ മുഹമ്മദ് സിറാജിനെതിരെ ധോണി വെടിക്കെട്ട് പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ ഞാൻ കാത്തിരിക്കുന്നത് ധോണിയും സിറാജും തമ്മിലുള്ള മത്സരത്തിനാണ്.”- കൈഫ് പറഞ്ഞുവെക്കുന്നു.