“ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവി. പണി പാളിയത് ഈ കാര്യത്തില്‍”, രോഹിത് തുറന്ന് പറയുന്നു.

20241024 165814

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 113 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 259 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 156 റൺസിൽ അവസാനിച്ചു.

പിന്നീട് രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 359 റൺസായി മാറുകയായിരുന്നു. എന്നാൽ ജയ്സ്വാൾ ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ മികവ് പുലർത്താതിരുന്നതോടെ മത്സരത്തിൽ ഒരു ദയനീയ പരാജയമാണ് ടീമിന് നേരിടേണ്ടിവന്നത്. മത്സരത്തിലെ പരാജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ബാറ്റിംഗിൽ വന്ന വലിയ പോരായ്മയാണ് മത്സരത്തിൽ പരാജയത്തിന് കാരണമായത് എന്ന് രോഹിത് ശർമ പറഞ്ഞു. “ഇത് തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ഇതായിരുന്നില്ല ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും ന്യൂസിലാൻഡ് പൂർണമായും ക്രെഡിറ്റ് അർഹിക്കുന്നു. കാരണം ഞങ്ങളെക്കാൾ നന്നായി കളിക്കാൻ അവർക്ക് സാധിച്ചു. കൃത്യമായ നിമിഷങ്ങൾ മുതലെടുക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു. അവർ ഉയർത്തിയ വെല്ലുവിളിയോട് പ്രതികരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ പരാജയപ്പെട്ടത്.”- രോഹിത് പറഞ്ഞു.

“മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ മത്സരത്തിൽ ഞങ്ങളുടെ ബാറ്റർമാർക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ 20 വിക്കറ്റുകൾ സ്വന്തമാക്കി. പക്ഷേ ബാറ്റർമാർ വേണ്ട രീതിയിൽ സ്കോർ ചെയ്തില്ല. രണ്ടാം ഇന്നിങ്സിൽ നല്ലൊരു പോരാട്ടവീര്യം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 250 റൺസിൽ ന്യൂസിലാൻഡിനെ പുറത്താക്കാൻ സാധിച്ചത് വലിയ കാര്യം തന്നെയാണ്.”

Read Also -  ബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.

”രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് അവർ സ്വന്തമാക്കുകയുണ്ടായി. ശേഷമാണ് 259 റൺസിന് ഞങ്ങൾ അവരെ പുറത്താക്കിയത്.  പിച്ചിൽ നിന്ന് ഒരുപാട് സഹായങ്ങൾ ആർക്കും ലഭിച്ചിരുന്നില്ല. കൃത്യമായി പറഞ്ഞാൽ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് മത്സരത്തിൽ പരാജയത്തിന് കാരണമായത്.”- രോഹിത് കൂട്ടിച്ചേർത്തു.

“ആദ്യ ഇന്നിങ്സിലെ ന്യൂസിലാൻഡിന്റെ സ്കോറിനോട് അടുത്തെത്താൻ സാധിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ കാര്യങ്ങൾ വ്യത്യസ്തമായേനെ. ഇനി വരാനിരിക്കുന്ന ടെസ്റ്റ് മത്സരം വാങ്കഡേയിലാണ്. അവിടെ മികച്ച പ്രകടനം നടത്തി വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ടീമും ഏറ്റെടുക്കുന്നു. ബാറ്റർമാരെയോ ബോളർമാരെയോ വിമർശിക്കാനില്ല. കൂടുതൽ മികച്ച മനോഭാവത്തോടെ ഞങ്ങൾ അടുത്ത മത്സരത്തിനായി തയ്യാറാവും. മെച്ചപ്പെട്ട ആശയങ്ങളും മെച്ചപ്പെട്ട വഴികളുമാവും വാങ്കഡേയിൽ ഞങ്ങൾ പുലർത്തുക.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Scroll to Top