രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമായിരുന്നു പഞ്ചാംബ് കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിലെ പരാജയത്തോട് കൂടി രാജസ്ഥാൻ റോയൽസിന്റെ ആദ്യ 2 സ്ഥാനങ്ങളിൽ എത്താമെന്ന ആഗ്രഹമാണ് അകന്നു പോയിരിക്കുന്നത്. മത്സരത്തിൽ പഞ്ചാബ് നായകൻ സാം കരന്റെ തട്ടുപൊളിക്കാൻ പ്രകടനമായിരുന്നു രാജസ്ഥാനെ ബാധിച്ചത്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ തിളങ്ങാൻ കരന് സാധിച്ചു. ബാറ്റിംഗിൽ ഒരു അർത്ഥ സെഞ്ച്വറിയുമായി കരൻ മികവ് പുലർത്തിയപ്പോൾ, ബോളിങ്ങിൽ 2 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് ഗുവാഹത്തിയിൽ കാലുകുത്തിയത് തങ്ങളുടെ സ്റ്റാർ താരം ജോസ് ബട്ലറുടെ അഭാവത്തിലാണ്. ബട്ലർ ട്വന്റി20 ലോകകപ്പിന് മുൻപായുള്ള തന്റെ ദേശീയ ഡ്യൂട്ടികൾക്കായി നാട്ടിലേക്ക് തിരിക്കുകയുണ്ടായി.
നിലവിൽ ഇംഗ്ലണ്ട് ട്വന്റി20 ടീമിന്റെ നായകനാണ് ബട്ലർ. ശേഷം ബട്ലർക്ക് പകരക്കാരനായി കോഹ്ലർ കാഡ്മോറാണ് രാജസ്ഥാനായി കളിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ബട്ലറുടെ മടങ്ങി പോക്കിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
കാഡ്മോർ മത്സരത്തിൽ 23 പന്തുകളിൽ 18 റൺസ് മാത്രമായിരുന്നു നേടിയത്. മാത്രമല്ല പരഗ് ഒഴികെയുള്ള മറ്റു രാജസ്ഥാൻ ബാറ്റർമാർക്ക് ആർക്കും തന്നെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മത്സരത്തിൽ രാജസ്ഥാൻ പരാജയമറിഞ്ഞത്. മത്സരത്തിലെ രാജസ്ഥാന്റെ പരാജയത്തിനു ശേഷമാണ് ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താൻ രംഗത്ത് വന്നത്.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് വലിയ പ്രതികരണം പത്താൻ നടത്തിയത്. ഐപിഎൽ സീസൺ കളിക്കുന്ന താരങ്ങൾ സീസൺ അവസാനിക്കുന്നതിനു മുൻപ് തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നതിനെതിരെയാണ് ഇർഫാൻ പത്താൻ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചത്. ഇത്തരത്തിൽ പാതിവഴിയിൽ തങ്ങളുടെ ഫ്രാഞ്ചൈസിയെ ഉപേക്ഷിച്ചു താരങ്ങൾ മടങ്ങുന്നത് അത്ര നല്ല കാര്യമല്ല എന്ന് ഇർഫാൻ പത്താൻ ഓർമിപ്പിക്കുന്നു.
ഒന്നുകിൽ ഈ താരങ്ങളൊക്കെയും മുഴുവൻ സീസണും കളിക്കാൻ തയ്യാറാവണമെന്നും, അല്ലെങ്കിൽ ഐപിഎല്ലിനായി വരരുത് എന്നും ഇർഫാൻ പത്താൻ തന്റെ ട്വിറ്ററിൽ കുറിച്ചു. “ഒന്നുകിൽ സീസണിൽ പൂർണമായും കളിക്കാൻ അവർ തയ്യാറാവുക, അല്ലെങ്കിൽ ഇങ്ങോട്ട് വരാതിരിക്കുക “- ഇർഫാൻ പത്താൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
രാജസ്ഥാനും പഞ്ചാബ് കിംഗ്സുമാണ് ഇത്തരത്തിൽ താരങ്ങളുടെ മടങ്ങിപ്പോക്ക് ഏറ്റവുമധികം ബാധിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികൾ. മാത്രമല്ല ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ ഒരു ഉഗ്രൻ തിരിച്ചുവരവ് നടത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനും തങ്ങളുടെ സ്റ്റാർ ബാറ്റർ വിൽ ജാക്സിന്റെ സേവനം അടുത്ത മത്സരത്തിൽ നഷ്ടമാവും.
ഇത്തരം സാഹചര്യങ്ങൾ ടീമുകളുടെ കോമ്പിനേഷനെ വളരെയധികം ബാധിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സൂപ്പർതാരം മോയിൻ അലിയും ഇതിനോടകം തന്നെ തിരിച്ചു നാട്ടിലേക്ക് പോകാൻ തയ്യാറായിക്കഴിഞ്ഞു. ഇവർക്കൊക്കെയും പകരം താരങ്ങളെ കണ്ടെത്തുക എന്നത് ഫ്രാഞ്ചൈസികൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പത്താൻ രംഗത്ത് വന്നിരിക്കുന്നത്. താരങ്ങളുടെ ഇത്തരം മടങ്ങിപ്പോക്ക് വരുന്ന ഐപിഎൽ ലേലത്തിലടക്കം വലിയ രീതിയിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയമില്ല.