ഐപിഎല്ലിൽ മികവ് കാട്ടിയിട്ടും സഞ്ജുവിന് മുൻനിരയിൽ അവസരം ലഭിച്ചിട്ടില്ല. തുറന്ന് പറഞ്ഞ് കെ എൽ രാഹുൽ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിന മത്സരത്തിൽ 78 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സഞ്ജു സാംസന്റെ മികവിലായിരുന്നു 296 എന്ന ശക്തമായ സ്കോർ നേടിയെടുത്തത്. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്ക പൂർണമായും മത്സരത്തിൽ നിന്ന് അകന്നു പോവുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക പൊരുതാൻ ശ്രമിച്ചങ്കിലും അർഷദീപിന്റെ ബോളിംഗിന് മുൻപിൽ കടപുഴകി വീഴുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ കേവലം 218 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. മത്സരത്തിൽ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. മത്സരത്തിലെ താരങ്ങളുടെ മികച്ച പ്രകടനത്തെ പറ്റി ഇന്ത്യൻ നായകൻ രാഹുൽ സംസാരിക്കുകയുണ്ടായി.

“സഹതാരങ്ങൾക്കൊപ്പം മൈതാനത്ത് ഇറങ്ങാൻ സാധിക്കുന്നത് വലിയ സന്തോഷമാണ്. ലോകകപ്പിലെ നിരാശയ്ക്ക് ശേഷം വീണ്ടും മൈതാനത്തേക്ക് തിരിച്ചു വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. പരമ്പരയിൽ ഇന്ത്യക്കായി കളിച്ച പല കളിക്കാരും ഐപിഎല്ലിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളതാണ്. ദക്ഷിണാഫ്രിക്കയെ നേരിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സഹതാരങ്ങളോട് ഞാൻ പറഞ്ഞത് മത്സരത്തിൽ പൂർണമായും ആസ്വദിച്ചു കളിക്കാനാണ്. തങ്ങളുടെ ഏറ്റവും മികച്ചത് മത്സരത്തിൽ നൽകാനും ബാക്കി ഒന്നിനെയുമോർത്ത് ആകുലത കാട്ടേണ്ടതുമില്ല എന്ന് ഞാൻ പറയുകയുണ്ടായി.”- രാഹുൽ പറയുന്നു.

“ടീമിൽ കളിച്ചവരൊക്കെയും വളരെ മികച്ച ക്രിക്കറ്റർമാരാണ്. എന്നിരുന്നാലും ചില താരങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ അവസരം കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ അവർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഒത്തുപോകാൻ വേണ്ട സമയം നൽകുക എന്നതാണ് പ്രധാനം. അവർക്ക് അവരുടെ റോൾ കൃത്യമായി നൽകുക. അങ്ങനെ സംഭവിച്ചാൽ അവർ 100%വും ആത്മാർത്ഥത പുലർത്തും. അവരോട് ഒന്നും തന്നെ ആവശ്യപ്പെടേണ്ട കാര്യമില്ല.”- കെഎൽ രാഹുൽ കൂട്ടിച്ചേർത്തു. ഒപ്പം സഞ്ജു സാംസണിന്റെ മികവിനെപ്പറ്റിയും രാഹുൽ സംസാരിക്കുകയുണ്ടായി.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ അവിശ്വസനീയ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു സാംസൺ. എന്നിരുന്നാലും മുൻനിരയിൽ കളിക്കാൻ സഞ്ജുവിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ല. അതിന് പലതരം കാരണങ്ങളുണ്ട്. പക്ഷേ ഇന്ന് അയാൾ മികച്ച പ്രകടനം പുറത്തെടുത്തത് ഒരുപാട് സന്തോഷം നൽകുന്നു.”- രാഹുൽ പറഞ്ഞു വെക്കുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ ഒരു വിജയമാണ് പരമ്പരയിൽ ഉണ്ടായിരിക്കുന്നത്. 2-1 എന്ന നിലയിലാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയത്. മുൻപ് 1-1 നിലയിൽ ട്വന്റി20 പരമ്പര സമനിലയിലാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Previous articleസഞ്ചുവിന്‍റെ സെഞ്ചുറിയും അച്ചടക്കത്തോടെ ബൗളര്‍മാരും. പരമ്പര വിജയവുമായി ഇന്ത്യ.
Next articleഞാൻ ഒരുപാട് കഷ്ടപ്പെട്ടു. മുൻനിരയിൽ ഇറങ്ങാനായത് ഗുണം ചെയ്തു. സഞ്ജു സാംസൺ പറയുന്നു.