ഇന്ത്യൻ പ്രീമിയർ ലീഗ് പണക്കൊഴുപ്പിന്റെ ടൂർണമെന്റാണ്. പലപ്പോഴും ചെറിയ താരങ്ങൾക്ക് പോലും വലിയ പ്രതിഫലമാണ് ലീഗിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വളരെ തുച്ഛമായ പ്രതിഫലം മാത്രം ലഭിക്കുന്ന ഒരു സൂപ്പർ താരമാണ് കൊൽക്കത്തയുടെ റിങ്കു സിംഗ്.
ഇടത്തരം കുടുംബത്തിൽ നിന്ന് ക്രിക്കറ്റിലേക്കെത്തിയ റിങ്കുവിന് കൊൽക്കത്തയ്ക്കായി ഒരു സീസൺ കളിക്കുമ്പോൾ ലഭിക്കുന്നത് 55 ലക്ഷം രൂപ മാത്രമാണ്. മറ്റുള്ള താരങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവുമാണ്. ഇപ്പോൾ 2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് റിങ്കു സിങ്.
ഐപിഎല്ലിൽ നിന്ന് കിട്ടുന്ന ഈ പ്രതിഫലത്തിൽ താൻ തൃപ്തനാണ് എന്ന് തന്നെയാണ് റിങ്കു സിംഗ് പറയുന്നത്. താൻ ക്രിക്കറ്റ് കളിച്ചു തുടങ്ങുന്ന സമയത്ത് ഈ തുക പോലും തനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് റിങ്കു പറഞ്ഞത്.
2018ന് ശേഷമാണ് റിങ്കു സിംഗ് കൊൽക്കത്ത ഫ്രാഞ്ചസിക്കൊപ്പം ചേർന്നത്. 2018ൽ 80 ലക്ഷം രൂപയ്ക്കായിരുന്നു കൊൽക്കത്ത റിങ്കുവിനെ ലേലത്തിൽ സ്വന്തമാക്കിയത്. ശേഷം 2022ൽ 55 ലക്ഷം രൂപയ്ക്ക് റിങ്കുവിനെ സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചു. പിന്നീടാണ് റിങ്കു ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയത്.
2024ലെ ബിസിസിഐയുടെ കേന്ദ്ര കരാറിൽ റിങ്കു സിംഗ് അംഗമാണ്. പ്രതിവർഷം ഒരുകോടി രൂപയാണ് റിങ്കുവിന് ബിസിസിഐയിൽ നിന്ന് ലഭിക്കുക. ഐപിഎല്ലിൽ നിന്ന് കിട്ടുന്ന ഈ പ്രതിഫലം തനിക്ക് വലിയൊരു തുക തന്നെയാണ് എന്ന് റിങ്കു പറയുന്നു. ദൈവം തരുന്നത് എത്ര തുകയാണെങ്കിലും അതിൽ താൻ സംതൃപ്തനാവും എന്ന് റിങ്കു കൂട്ടിച്ചേർക്കുകയുണ്ടായി.
“50- 55 ലക്ഷം രൂപ എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് വലിയൊരു തുകയാണ്. ഞാൻ കളിച്ചു തുടങ്ങുന്ന സമയത്ത് ഇത്തരത്തിലുള്ള തുകകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുട്ടിയായിരുന്ന സമയത്ത് എനിക്ക് 10 രൂപ ഒക്കെയാണ് കിട്ടിയിരുന്നത്. ഇപ്പോൾ 55 ലക്ഷം രൂപ സമ്പാദിക്കാൻ എനിക്ക് സാധിക്കുന്നു. അതെന്നെ സംബന്ധിച്ച് വലിയൊരു തുകയാണ്. ദൈവം എനിക്ക് എന്തു തരുന്നോ, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ രീതിയിൽ തന്നെയാണ് ഞാൻ ചിന്തിക്കുന്നത്. ഇത്രയും തുക ജീവിതത്തിൽ ലഭിക്കുമെന്ന് ഞാൻ മുൻപ് ചിന്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ 55 ലക്ഷത്തിൽ ഞാൻ തൃപ്തനാണ്. ഒന്നുംതന്നെ എന്റെ കയ്യിൽ ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം.”- റിങ്കു പറയുന്നു.
ഇത്രമാത്രം ലളിതപരമായി ജീവിതം നയിക്കുന്നതിനെപ്പറ്റി ചോദ്യം ഉയർന്നപ്പോൾ റിങ്കു പറഞ്ഞ മറുപടി ഇങ്ങനെയാണ്. “സത്യസന്ധമായി പറഞ്ഞാൽ ഇതൊരു തോന്നലാണ്. നമ്മൾ ഒന്നും തന്നെ നമ്മുടെ കൂടെ കൊണ്ടുപോകുന്നില്ല. നാം ഒന്നും എടുക്കുന്നുമില്ല. എപ്പോഴാണ് സമയം മാറുന്നത് എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മൾ മുൻപോട്ട് വന്ന വഴിയിലൂടെ തന്നെ എന്നെങ്കിലുമൊക്കെ തിരികെ നടക്കേണ്ട സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ലളിതപരമായി തന്നെ മുന്നോട്ടു പോവുക. മറ്റൊന്നും തന്നെയില്ല.”- റിങ്കു സിംഗ് കൂട്ടിച്ചേർത്തു.