2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായുള്ള വലിയ രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബിസിസിയെയും ഐപിഎൽ ഫ്രാഞ്ചൈസി ഓണർമാരും തമ്മിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി എത്ര താരങ്ങളെ ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിർത്താൻ സാധിക്കും, റൈറ്റു ടു മാച്ച് അടക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാവുമോ, ഇമ്പാക്ട് പ്ലെയർ റൂൾ ഇനിയും ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഫ്രാഞ്ചൈസികൾ ചർച്ചയ്ക്ക് ഉന്നയിക്കുന്നത്.
ഇതോടൊപ്പം വിദേശ താരങ്ങളുടെ ടൂർണമെന്റിലെ പങ്കാളിത്തത്തെ സംബന്ധിച്ചും വലിയ ചർച്ചകൾ ഉയരുകയുണ്ടായി. ഫ്രാഞ്ചൈസികൾ വിദേശ താരങ്ങളെ തങ്ങളുടെ ടീമിൽ സ്വന്തമാക്കിയിട്ടും, പലരും ഐപിഎല്ലിൽ നിന്ന് ഒഴിവാകുന്നത് കഴിഞ്ഞ സീസണിൽ അടക്കം കണ്ടിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടീം ഉടമകൾ ഇപ്പോൾ.
ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തങ്ങൾ ലേലത്തിൽ സ്വന്തമാക്കുന്ന വിദേശ താരങ്ങളിൽ പലരും ഫ്രാഞ്ചൈസികൾക്ക് വേണ്ട ബഹുമാനം നൽകുന്നില്ലെന്നും, ആത്മാർത്ഥതയോടെ ഐപിഎല്ലിൽ തുടരാൻ തയ്യാറാവുന്നില്ല എന്നും ഫ്രാഞ്ചൈസികൾ പറയുകയുണ്ടായി. ഇതേ സംബന്ധിച്ച് തങ്ങളുടെ നിരാശ ഫ്രാഞ്ചൈസി ഓണർമാർ ലേലത്തിന് മുൻപ് വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ സമയങ്ങളിൽ ഒക്കെയും ഇതേ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു. ലേലത്തിലൂടെ വമ്പൻ തുകയ്ക്ക് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുന്ന പല താരങ്ങളും ഓരോ കാരണങ്ങൾ പറഞ്ഞ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് ഫ്രാഞ്ചൈസികൾക്ക് വലിയ രീതിയിലുള്ള തലവേദനകൾ ഉണ്ടാക്കിയിട്ടുമുണ്ട്.
ഐപിഎൽ ലേലത്തിൽ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ഓരോ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ വിദേശ താരങ്ങൾ ഇത്തരത്തിൽ മാറിനിൽക്കുന്നത് ടീമുകളുടെ സന്തുലിതാവസ്ഥയെ പോലും ബാധിക്കുന്നുണ്ട്. ജേസൺ റോയ്, അലക്സ് ഹെയ്ൽസ്, വനിന്തു ഹസരംഗ തുടങ്ങി പല താരങ്ങളും കഴിഞ്ഞ ഐപിഎൽ സീസണുകളിൽ കൃത്യമായി കാരണങ്ങളൊന്നും ഇല്ലാതെ ഐപിഎല്ലിൽ നിന്ന് മാറി നിൽക്കുകയുണ്ടായി. തങ്ങൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ മാറിനിൽക്കുന്നത് എന്ന് കൃത്യമായി ഫ്രാഞ്ചൈസികളെ ബോധിപ്പിക്കാൻ പോലും ഇത്തരം താരങ്ങൾക്ക് സാധിച്ചിട്ടില്ല. ഇത്തരം ഒഴിവാകലുകൾ മറ്റു വിദേശ താരങ്ങളുടെ ടൂർണമെന്റിലെ ലഭ്യതയെ സംബന്ധിച്ചും സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് തുടക്കത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ താരങ്ങളെ ഐപിഎല്ലിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു. ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിനായാണ് ഇത്തരത്തിൽ താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തിരിച്ചുവിളിച്ചത്. രാജസ്ഥാന്റെ പ്രധാന താരമായ ജോസ് ബട്ലർ അടക്കമുള്ള താരങ്ങൾക്ക് കൃത്യമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫ് കളിക്കാനും ഇതുമൂലം സാധിച്ചിരുന്നില്ല.
ശേഷം ഐപിഎല്ലിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ഒഴിവാക്കണമെന്ന് ബട്ലർ അടക്കമുള്ളവർ പറയുകയും ചെയ്തു. ഇത്തരം പ്രവണതകൾ മാറ്റിനിർത്തുക എന്ന ഉദ്ദേശം കൂടി ഫ്രാഞ്ചൈസികൾക്കുണ്ട്. എന്തായാലും ഇതേ സംബന്ധിച്ച് കർശനമായ നടപടികൾ സ്വീകരിച്ചു മുൻപോട്ടു പോവാനാണ് ബിസിസിഐ ശ്രമിക്കുന്നത്.