ഐപിഎല്ലിനേക്കാൾ വലുതാണ് രാജ്യം, അവർ പോയി കളിക്കട്ടെ. ഇംഗ്ലണ്ട് താരങ്ങളെ പിന്തുണച്ച് മൈക്കിൾ വോൺ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിർണായകമായ പ്ലേയോഫ് മത്സരങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. പാകിസ്ഥാനെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിക്കുന്നതിനായാണ് ഐപിഎല്ലിന്റെ ഇടയിൽ തന്നെ ഇംഗ്ലണ്ട് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ഈ പ്രവൃത്തിയ്ക്കെതിരെ മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

ഒന്നുകിൽ താരങ്ങൾ പൂർണ്ണമായും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ സജ്ജരാവണമെന്നും, അല്ലാത്തപക്ഷം ഇങ്ങോട്ട് വരരുത് എന്നുമായിരുന്നു ഇർഫാൻ പത്താൻ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. പക്ഷേ ഇംഗ്ലണ്ട് താരങ്ങളുടെ ഈ പ്രവൃത്തിയിൽ താൻ യോജിക്കുന്നു എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ.

ക്രിക്ബസുമായി നടത്തിയ അഭിമുഖത്തിലാണ് വോൺ ഇക്കാര്യം പറഞ്ഞത്. എല്ലാ താരങ്ങളും തങ്ങളുടെ രാജ്യത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത് എന്ന് വോൺ പറയുന്നു. അതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടയിൽ ഇംഗ്ലണ്ട് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത് തെറ്റല്ല എന്നാണ് വോൺ ചൂണ്ടിക്കാട്ടുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നതെന്നും, അതിനാൽ തന്നെ ട്വന്റി20 ലോകകപ്പിന് മുൻപ് ഇത്തരമൊരു പരിശീലനം അവർക്ക് ആവശ്യമാണെന്നും വോൺ പറഞ്ഞു.

“ഇംഗ്ലണ്ട് താരങ്ങൾ ചെയ്തതുപോലെ നമ്മുടെ രാജ്യത്തിനെ പ്രതിനിധീകരിക്കാനായി നമ്മൾ തിരികെ നാട്ടിലേക്ക് പോകുന്നത് നീതിപരം തന്നെയാണ്. അതിനോട് ഞാൻ യോജിക്കുകയാണ്. പാക്കിസ്ഥാനെതിരായ പരമ്പരയാണ് ഇപ്പോൾ ഇംഗ്ലണ്ട് കളിക്കുന്നത്. ഒരുപക്ഷേ പാക്കിസ്ഥാനെതിരെ ആയിരുന്നില്ല പരമ്പരയെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾ ഒരിക്കലും തിരികെ നാട്ടിലേക്ക് പോകുമായിരുന്നില്ല.”- വോൺ പറയുന്നു.

“ഇത് നേരത്തെ തന്നെ തീരുമാനിച്ച പരമ്പരയാണ്. മുൻപ് ഇന്ത്യയിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ വളരെ മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ട് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ജോസ് ബട്ലറും ടീമും പാക്കിസ്ഥാനെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ പൂർണമായി തന്നെ അണിനിരക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അന്ന് 50 ഓവർ ലോകകപ്പിന് മുൻപ് കൃത്യമായി തയ്യാറെടുപ്പുകൾ നടത്താൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല.

ആ സമയത്ത് ഒരുപാട് മാറ്റങ്ങളും ടീമിൽ ഉണ്ടായി. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനെതിരെ തുടർച്ചയായി 5 മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. അത് മികച്ച ഒരു ബാലൻസുണ്ടാക്കി എടുക്കാൻ സഹായിക്കും. എല്ലാവരും പരമ്പരയിൽ അവരുടേതായ റോളിൽ കളിക്കും എന്നാണ് ഞാൻ കരുതുന്നത്. അത് അവർക്ക് മികച്ച ഒരു അവസരവും നൽകും.”- വോൺ കൂട്ടിച്ചേർത്തു.

ഇർഫാൻ പത്താനും സുനിൽ ഗവാസ്കറുമായിരുന്നു പ്രധാനമായും ഇക്കാര്യത്തിൽ തങ്ങളുടെ വിയോജിപ് അറിയിച്ച് രംഗത്തെത്തിയത്. ടൂർണമെന്റിൽ പൂർണമായും ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കേണ്ടിയിരുന്നു എന്നാണ് ഇരുവരും പറഞ്ഞത്. പ്രധാനമായും ഇംഗ്ലണ്ട് താരങ്ങൾ തിരികെ നാട്ടിലേക്ക് മടങ്ങിയതോടെ രാജസ്ഥാൻ, കൊൽക്കത്ത, ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. രാജസ്ഥാന്റെ പ്രധാന താരമായ ബട്ലർ, ബാംഗ്ലൂരിലെ പ്രധാനിയായ വില്‍ ജാക്സ്, കൊൽക്കത്തയുടെ സോൾട്ട് എന്നിവരാണ് മടങ്ങിയവരിൽ നിർണായക താരങ്ങൾ.

Previous articleവിരാട് കോഹ്ലിയ്ക്ക് സുരക്ഷാ ഭീഷണി, എലിമിനേറ്ററിന് മുമ്പ് പരിശീലനം ഒഴിവാക്കി ബാംഗ്ലൂർ.
Next articleലോകകപ്പ് ടീമിൽ സഞ്ജുവല്ല വേണ്ടത്. പന്തിനെ ഉൾപ്പെടുത്തണം. യുവരാജ് സിംഗ് പറയുന്നു.