“ഏത് കളിയാണ് രോഹിത് കളിച്ചത്?.. കിഷൻ അതിനേക്കാൾ മോശം “- തേച്ചൊട്ടിച്ച് വിരേന്ദർ സേവാഗ്.

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് മുൻ താരം വീരേന്ദർ സേവാഗ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ രൂക്ഷമായ വിമർശനം. കൊൽക്കത്തക്കെതിരായ മുംബൈയുടെ അവസാന മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു രോഹിത് കാഴ്ച്ച വച്ചിരുന്നത്.

24 പന്തുകൾ നേരിട്ട രോഹിത് കേവലം 19 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ മുംബൈ 18 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയപ്പോൾ രോഹിത്തിനെ വിമർശിച്ചുകൊണ്ടാണ് സേവാഗ് രംഗത്തെത്തിയത്. വരാനിരിക്കുന്ന സീസണിൽ മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ ഈ പ്രകടനം വലിയ തിരിച്ചടിയുണ്ടാക്കും എന്ന് സേവാഗ് കരുതുന്നു.

ഐപിഎല്ലിന്റെ 2024 സീസണിൽ മുംബൈ ടീമിൽ ആകെ 2 ഇന്ത്യൻ താരങ്ങൾ മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നത് എന്ന് സേവാഗ് പറയുന്നു. മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇവരെ മാത്രം മുംബൈ നിലനിർത്തിയാൽ മതിയാകും എന്നാണ് സേവാഗിന്റെ വാദം.

“നമുക്ക് ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നീ സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും ഒരു ചിത്രം ഹിറ്റ് ആകണമെന്നില്ല. അവിടെ നമുക്ക് ആവശ്യം പ്രകടനമാണ്. സ്ക്രിപ്റ്റിൽ എന്തെങ്കിലും കാര്യമായി തന്നെ ഉണ്ടാവണം. ഇതൊക്കെയും വലിയ പേരുകളാണെങ്കിലും എല്ലാവരും പ്രകടനം കാഴ്ചവയ്ക്കണം.”- സേവാഗ് പറയുന്നു.

“2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ ഒരു സെഞ്ച്വറിയാണ് നേടിയത്. ആ മത്സരത്തിൽ മുംബൈ പരാജയപ്പെടുകയും ചെയ്തു. ബാക്കിയുള്ള മത്സരങ്ങൾ പരിശോധിച്ചാൽ, എവിടെയാണ് അവൻ പ്രകടനങ്ങൾ കാഴ്ചവെച്ചത്? മറ്റൊരു വശത്ത് നോക്കിയാൽ, ഇഷാൻ കിഷൻ ഈ സീസണിൽ പവർപ്ലേയ്ക്ക് അപ്പുറം കളിച്ചതായി പോലും ഓർക്കുന്നില്ല. അതുകൊണ്ടു തന്നെ മുംബൈയ്ക്ക് നിലനിർത്താൻ സാധിക്കുന്ന 2 താരങ്ങൾ ബൂമ്രയും സൂര്യകുമാർ യാദവും മാത്രമാണ്. അതിനപ്പുറത്തേക്ക് അവർ മൂന്നാമനെയും നാലാമനെയും കണ്ടെത്തുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.”- സേവാഗ് പറയുകയുണ്ടായി.

മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 5 സീസണുകളിൽ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശർമ. എന്നാൽ കഴിഞ്ഞ സീസണുകളിൽ ഒന്നുംതന്നെ ബാറ്റിംഗിൽ മികവ് പുലർത്താൻ രോഹിത്തിന് സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്നും 349 റൺസ് മാത്രമാണ് രോഹിത് സ്വന്തമാക്കിയത്.

29.5 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ സ്വന്തമാക്കിയ സെഞ്ച്വറി മാത്രമാണ് രോഹിത്തിന് എടുത്തു പറയാൻ സാധിക്കുന്ന പ്രകടനം. 2024 ട്വന്റി20 ലോകകപ്പിലേക്ക് എത്തുമ്പോൾ രോഹിത്തിന്റെ ഈ മോശം ഫോം ഇന്ത്യൻ ടീമിനെ അലട്ടുന്നുണ്ട്.

Previous article“ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?”. ആവേശം വിതറി റെയ്‌നയുടെ മറുപടി.
Next articleഅന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.