“എല്ലാം ദൈവത്തിന്റെ പ്ലാനാണ് യാഷ്”. യാഷ് ദയാലിനെ പ്രശംസിച്ച് റിങ്കു സിംഗ്..

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് രക്ഷയായത് യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറായിരുന്നു. മുൻപ് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ദയാലിന്റെ ഒരു തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. അവസാന ഓവറിൽ ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേയോഫിലേക്ക് യോഗ്യത നേടാൻ ആവശ്യമായിരുന്നത് 17 റൺസ് ആയിരുന്നു.

ദയാൽ എറിഞ്ഞ ആദ്യ പന്തിൽ മഹേന്ദ്ര സിംഗ് ധോണി ഒരു പടുകൂറ്റൻ സിക്സർ നേടുകയുണ്ടായി. ഇതോടെ ചെന്നൈ വിജയത്തിലേക്ക് കുതിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അടുത്ത പന്തിൽ തന്നെ ധോണിയെ പുറത്താക്കി ദയാൽ തിരിച്ചുവരികയായിരുന്നു.

ശേഷം അടുത്ത പന്തുകളിൽ തന്റെ സ്ലോ ബോളുകൾ വളരെ നന്നായി ഉപയോഗിക്കാനും ദയാലിന് സാധിച്ചു. ഇതോടെ മത്സരത്തിൽ ബാംഗ്ലൂർ വിജയം നേടി. ഒപ്പം പ്ലേഓഫിലേക്ക് യോഗ്യത കണ്ടെത്താനും ബാംഗ്ലൂരിന് സാധിച്ചു. ഇപ്പോൾ ദയാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് കൊൽക്കൻ താരം റിങ്കു സിങ്ങാണ്.

തന്റെ ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറി ഷെയർ ചെയ്താണ് റിങ്കു ദയാലിനെ അഭിനന്ദിച്ചത്. “എല്ലാം ദൈവത്തിന്റെ പ്ലാനാണ്” എന്ന ശീർഷകത്തിൽ ദയാലിന്റെ ഫോട്ടോ സ്റ്റോറിയായി ഇട്ടാണ് റിങ്കു രംഗത്ത് വന്നത്. കഴിഞ്ഞ ഐപിഎല്ലിലെ ഓർമ്മകൾ കൂടിയാണ് റിങ്കു ഇതിലൂടെ പങ്കുവെച്ചത്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ ഗുജറാത്തിനെതിരായ മത്സരത്തിലായിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അവസാന 5 പന്തുകളിൽ 28 റൺസായിരുന്നു അന്ന് കൊൽക്കത്തയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. യാഷ് ദയാൽ ആയിരുന്നു ഗുജറാത്തിനായി അവസാന ഓവർ ചെയ്തത്. റിങ്കു സിംഗ് ആയിരുന്നു ബാറ്റർ. റിങ്കു തുടർച്ചയായി ദയാലിനെതിരെ 5 സിക്സറുകൾ നേടുകയും കൊൽക്കത്തയെ വിജയത്തിൽ എത്തിക്കുകയുമാണ് ചെയ്തത്. അന്നുമുതൽ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ദയാലിനെതിരെ ഉയർന്നത്.

ഇതിന് പിന്നാലെ ഗുജറാത്ത് ടീം ദയാലിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ശേഷമാണ് ബാംഗ്ലൂർ ദയാലിനെ സ്വന്തമാക്കിയത്. പക്ഷേ അന്ന് വില്ലനായി അവതരിച്ച ദയാൽ, ഇന്ന് ബാംഗ്ലൂരിന്റെ ഹീറോയായി മാറുന്നതാണ് കാണാൻ സാധിച്ചത്.

2024 ലേലത്തിൽ 5 കോടി രൂപയ്ക്ക് ആയിരുന്നു ബാംഗ്ലൂർ ദയാലിനെ സ്വന്തമാക്കിയത്. നിർണായക മത്സരത്തിൽ തന്റെ കഴിവ് പരമാവധി പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് യാഷ് ദയാൽ.

Previous articleധോണി സിക്സർ നേടിയപ്പോൾ റിങ്കുവിനെതിരെയുള്ള ഓവർ ഓർമ വന്നു. ധോണിയുടെ വിക്കറ്റ് വഴിത്തിരിവായെന്ന് ദയാൽ.
Next articleമത്സരശേഷം ധോണിയ്ക്ക് ഹസ്തദാനം നൽകാതെയിരുന്നത് കോഹ്ലി അടക്കമുള്ളവരുടെ തെറ്റ്. മുൻ ഇംഗ്ലണ്ട് നായകൻ പറയുന്നു.