എലിമിനേറ്ററിൽ മഴ പെയ്താൽ രാജസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുമോ? ഐപിഎൽ നിയമം ഇങ്ങനെ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫ് ഇന്ന് ആരംഭിക്കുകയാണ്. കൊൽക്കത്ത, ഹൈദരാബാദ്, രാജസ്ഥാൻ, ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേയോഫിൽ എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഇടംപിടിച്ച സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ ക്വാളിഫയർ മത്സരം നടക്കുന്നത്.

ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും തമ്മിലുള്ള എലിമിനേറ്റർ നടക്കും. എലിമിനെറ്ററിൽ പരാജയപ്പെടുന്ന ടീം നേരിട്ട് പുറത്തേക്ക് പോകും. വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുകയും ചെയ്യും. എന്നാൽ എലിമിനേറ്ററിൽ മഴ അതിഥിയായി എത്തിയാൽ മത്സരഫലത്തെ ഏത് തരത്തിൽ ബാധിക്കുമെന്നത് വലിയ സംശയമായി നിലനിൽക്കുന്നു. പ്ലേയോഫ് മത്സരങ്ങൾ മഴമൂലം തടസപ്പെട്ടാലുള്ള ഐപിഎൽ നിയമം എങ്ങനെയാണ് എന്ന് പരിശോധിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് റിസർവ് ദിവസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പ്ലേയോഫിൽ നടക്കുന്ന മത്സരങ്ങൾക്ക് ഒരു റിസർവ് ദിവസം അനുവദിച്ചിട്ടുണ്ട്. ഇതിലുപരിയായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ തന്നെ കളി പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം.

പ്ലേയോഫ് മത്സരങ്ങൾ അവസാനിപ്പിക്കാൻ 120 മിനിറ്റാണ് അധികമായി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മഴമൂലം വൈകിയാലും, അധികമായി നൽകിയിരുന്നത് 60 മിനിറ്റുകൾ മാത്രമായിരുന്നു. ഇനി കാലാവസ്ഥ പ്രതികൂലമായി ക്വാളിഫയർ 1, എലിമിനേറ്റർ, ക്വാളിഫയർ 2, ഫൈനൽ എന്നീ മത്സരങ്ങൾ നിശ്ചയിച്ച ദിവസങ്ങളിൽ നടത്താൻ സാധിക്കാതെ വരികയാണെങ്കിൽ, മത്സരം അടുത്ത ദിവസത്തേക്ക് മാറ്റും. ഇതാണ് റിസർവ് ഡേ.

റിസർവ് ദിവസവും കളി നടന്നില്ലെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയികളെ തീരുമാനിക്കും എന്നതാണ് ഐപിഎല്ലിലെ നിയമം. പക്ഷേ സൂപ്പർ ഓവർ പോലും നടക്കാത്ത സാഹചര്യം ഉണ്ടായാൽ, മത്സരഫലം പോയിന്റ് ടേബിൾ അനുസരിച്ചാവും മുമ്പോട്ടു പോവുക. അതായത് ഗ്രൂപ്പ് ഘട്ടത്തിൽ, ഉയർന്ന പൊസിഷനിൽ നിൽക്കുന്ന ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഉദാഹരണമായി രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റർ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുന്നത് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ആയിരിക്കും. കാരണം പോയിന്റ് പട്ടികയിൽ ബാംഗ്ലൂരിനേക്കാൾ ഉയർന്ന പൊസിഷനിലാണ് രാജസ്ഥാനുള്ളത്.

ഇതുപോലെ തന്നെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദ് സൺറൈസേഴ്സും തമ്മിലുള്ള ഒന്നാം ക്വാളിഫയർ മത്സരം മഴമൂലം ഉപേക്ഷിച്ചാൽ കൊൽക്കത്ത ടീമാവും ഫൈനലിലേക്ക് യോഗ്യത നേടുക. കാരണം ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ആയിരുന്നു കൊൽക്കത്ത പ്ലേയോഫിൽ എത്തിയത്. ഇതൊക്കെയും പൂർണമായും മത്സരം മഴ തടസ്സപ്പെടുത്തിയാൽ മാത്രം ഉണ്ടാവുന്ന കാര്യങ്ങളാണ്. കുറഞ്ഞത് ഒരു സൂപ്പർ ഓവറെങ്കിലും പ്ലേയോഫ് മത്സരങ്ങൾക്ക് ഉണ്ടാവാൻ സാധ്യത ഏറെയാണ്. അല്ലാത്തപക്ഷം മാത്രമാണ് ഈ നിയമം പ്രാവർത്തികമാവുക.

Previous articleഗംഭീർ കോച്ചാവണ്ട, കർക്കശസ്വഭാവം ഇന്ത്യയുടെ സീനിയർ താരങ്ങൾ അംഗീകരിക്കില്ല. തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര.
Next articleനല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.