“എന്റെ സ്ട്രൈക്ക് റേറ്റ് ഞാൻ ശ്രദ്ധിക്കുന്നില്ല. ടീം വിജയിക്കുക എന്നതാണ് പ്രധാനം “- കോഹ്ലി പറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമാണ് ബാംഗ്ലൂർ ബാറ്റർ വിരാട് കോഹ്ലി. ബാംഗ്ലൂരിനായി എല്ലാ മത്സരങ്ങളിലും മികച്ച സ്കോറുകൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ വിരാട്ടിന്റെ കഴിഞ്ഞ സമയത്തെ സ്ട്രൈക്ക് റേറ്റിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.

മത്സരങ്ങളിൽ ബാംഗ്ലൂരിന്റെ പരാജയത്തിൽ വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് പ്രധാന ഘടകമായി മാറുന്നുണ്ട് എന്നാണ് പല ആരാധകരും പറയുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ 44 പന്തുകളിൽ 70 റൺസായിരുന്നു കോഹ്ലി നേടിയത്. ഇതോടുകൂടി ഈ സീസണിൽ 500 റൺസ് പൂർത്തീകരിക്കാനും സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.

സ്ട്രൈക്ക് റേറ്റിനെ കുറിച്ചും സ്പിന്നർമാർക്കെതിരെയുള്ള തന്റെ പ്രകടനത്തെക്കുറിച്ചും ഉയരുന്ന വിമർശനങ്ങൾക്ക് യാതൊരു മറുപടിയും നൽകാൻ തയ്യാറല്ല എന്നാണ് കോഹ്ലി പറഞ്ഞത്. “ഇതൊന്നും മുഖവില കിടക്കുന്ന താരമല്ല ഞാൻ. എന്റെ സ്ട്രൈക്ക് റേറ്റിനെയും സ്പിന്നിനെതിരെയുള്ള പ്രകടനത്തെ പറ്റിയും സംസാരിക്കുന്നവരൊക്കെയും ഈ നമ്പറുകളെ പറ്റി സംസാരിക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരാണ്. എന്നെ സംബന്ധിച്ച് ഇതൊന്നും അത്ര പ്രധാന കാര്യമല്ല. പ്രധാന കാര്യമായുള്ളത് ടീമിനെ വിജയിപ്പിക്കുക എന്നതാണ്. അതുകൊണ്ടു തന്നെയാണ് 15 വർഷങ്ങളായി ഞാൻ ക്രിക്കറ്റിൽ തുടരുന്നത്. ഞാനിത് ദീർഘകാലമായി ചെയ്തുകൊണ്ടിരിക്കുകയാണ്.”- കോഹ്ലി പറയുന്നു.

“എല്ലായിപ്പോഴും ഞാൻ എന്റെ ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ആളുകൾക്കൊക്കെയും മത്സരത്തെപ്പറ്റി അവരുടേതായ ആശയങ്ങളും അനുമാനങ്ങളുമൊക്കെ നടത്താൻ സാധിക്കും. എന്നാൽ ദീർഘകാലമായി ഇതൊക്കെ ചെയ്തു കൊണ്ടിരിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് വ്യക്തമായി അറിയാം.”- കോഹ്ലി കൂട്ടിച്ചേർക്കുകയുണ്ടായി. ഇതുവരെ ഐപിഎല്ലിന്റെ 2024 സീസണിൽ മെല്ലെപോക്കിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് കോഹ്ലി. പല മത്സരങ്ങളിലും പവർപ്ലേയിൽ നന്നായി തുടങ്ങാൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ മധ്യ ഓവറുകളിൽ കോഹ്ലി പതിഞ്ഞ താളത്തിനാണ് കളിക്കുന്നത്.

കോഹ്ലിയുടെ ഈ ശൈലി ആധുനിക ക്രിക്കറ്റിനു യോജിച്ചതല്ല എന്നുപോലും പലരും പറയുകയുണ്ടായി. അതുകൊണ്ട് തന്നെ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോഹ്ലിയെ ഉൾപ്പെടുത്തരുത് എന്ന അഭിപ്രായം പങ്കുവെച്ചവരുമുണ്ട് പക്ഷേ റൺസ് വാരി കൂട്ടുന്നതിൽ നിലവിൽ ഏറ്റവും മുമ്പിൽ വിരാട് കോഹ്ലി തന്നെയാണ്. ഇത് ഏഴാം തവണയാണ് കോഹ്ലി ഒരു ഐപിഎൽ സീസണിൽ 500 റൺസിലധികം സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കോഹ്ലിയുടെ ലോകകപ്പ് സ്ക്വാഡിലേക്കുള്ള പ്രതീക്ഷയും ഒരുപാട് ഉയർന്നിട്ടുണ്ട്.

Previous article“കോഹ്ലി ദൈവമല്ല, മനുഷ്യനാണ്.. മനുഷ്യരെപോലെയെ കളിക്കാൻ പറ്റൂ”- സ്ട്രൈക്ക് റേറ്റ് കാര്യത്തിൽ സിദ്ധുവിന്റെ നിലപാട്..
Next articleസഞ്ചു സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ ടീം മാനേജ്മെന്‍റിനു വേണ്ടത് മറ്റൊരു താരത്തെ. റിപ്പോര്‍ട്ട്