“എന്റെ സെഞ്ച്വറി നോക്കണ്ട, നീ അടിച്ചു തകർത്തോളൂ”, അവസാന ഓവറിന് മുമ്പ് ശ്രേയസ് ശശാങ്കിനോട് പറഞ്ഞത്..

ഗുജറാത്ത് ടീമിനെതിരായ ഐപിഎൽ മത്സരത്തിൽ അർഹതപ്പെട്ട ഒരു സെഞ്ച്വറി ആയിരുന്നു പഞ്ചാബ് നായകൻ ശ്രേയസ് അയ്യർക്ക് നഷ്ടമായത്. മത്സരത്തിൽ പൂർണമായ ആക്രമണം അഴിച്ചുവിടാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. എന്നിരുന്നാലും അവസാന ഓവറിൽ സ്ട്രൈക്ക് ലഭിക്കാത്തതിനാലാണ് അയ്യർക്ക് സെഞ്ച്വറി നഷ്ടമായത്.

മത്സരത്തിൽ 97 റൺസ് നേടിയ അയ്യർ നോട്ടൗട്ടായി നിൽക്കുകയായിരുന്നു.19 ഓവറുകൾ അവസാനിക്കുമ്പോളും അയ്യർ 97 റൺസിൽ തന്നെയായിരുന്നു. പക്ഷേ അവസാന ഓവറിൽ ശശാങ്ക് ശർമ ടീമിനായി പോരാട്ടം നയിച്ചപ്പോൾ അയ്യർക്ക് സെഞ്ചുറി നഷ്ടമാവുകയായിരുന്നു. ഇതിനെപ്പറ്റി ശശാങ്ക് മത്സരശേഷം പറയുകയുണ്ടായി.

വ്യക്തിപരമായ നാഴികക്കല്ലുകൾ മാറ്റിവയ്ക്കാനും ടീമിനായി കളിക്കാനുമാണ് ശ്രേയസ് അയ്യർ തന്നോട് ആവശ്യപ്പെട്ടത് എന്ന് ശശാങ്ക് പറഞ്ഞു. അവസാന ഓവർ ആരംഭിക്കുന്നതിന് മുമ്പ് ശ്രേയസ് ശശാങ്കിന്റെ അടുത്ത് ചെന്നിരുന്നു. മത്സരത്തിൽ നന്നായി തന്നെ ബോളിനെതിരെ ആക്രമണം അഴിച്ചുവിടാൻ ശശാങ്കിന് സാധിച്ചിരുന്നു. അതിനാൽ തന്റെ സെഞ്ചുറിയെ പറ്റി ഓർത്ത് കളിക്കേണ്ടെന്നും, കൂടുതൽ റൺസ് സ്വന്തമാക്കുന്നതിൽ ശ്രദ്ധിക്കണമെന്നും ശ്രേയസ് ശശാങ്കിനോട് പറഞ്ഞിരുന്നു. അതിനാലാണ് താൻ ശ്രേയസിന് സ്ട്രൈക്ക് നൽകുന്നതിലുപരിയായി ബൗണ്ടറികൾ കണ്ടെത്താൻ അവസാന ഓവറിൽ ശ്രമിച്ചത് എന്ന് ശശാങ്ക് പറഞ്ഞു.

“മത്സരത്തിൽ ഒരു മികച്ച ക്യാമിയോ കളിക്കാൻ എനിക്ക് സാധിച്ചു. ശ്രേയസ് അയ്യരാണ് അതിനുവേണ്ട പ്രചോദനം എനിക്ക് നൽകിയത്. സത്യസന്ധമായി പറഞ്ഞാൽ, ആദ്യ പന്ത് മുതൽ ശ്രേയസ് അയ്യർ പറഞ്ഞത് തന്റെ സെഞ്ച്വറിയെ പറ്റി ചിന്തിക്കേണ്ട എന്നാണ്. ബോൾ നോക്കി നന്നായി ബാറ്റ് ചെയ്യാൻ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ എന്റെ മുൻപിലേക്ക് വന്ന പന്തുകളിൽ ഏറ്റവുമധികം ബൗണ്ടറികൾ സ്വന്തമാക്കാനാണ് ഞാൻ ശ്രമിച്ചത്.”

ഇത്തരമൊരു പൊസിഷനിൽ കളിക്കുമ്പോൾ വലിയ ഷോട്ടുകൾ കളിക്കാൻ തന്നെയാണ് ശ്രമിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ ഏതൊക്കെ ഷോട്ട് എനിക്ക് കളിക്കാൻ സാധിക്കും എന്ന പൂർണ്ണ ബോധ്യമുണ്ട്. എന്റെ ശക്തിയിൽ ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നു. മറ്റുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ല.”- ശശാങ്ക് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ശ്രേയസ് അയ്യരും ഓപ്പണർ പ്രിയാൻഷ് ആര്യയും ശശാങ്ക് സിങ്ങും മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. ശ്രേയസ് അയ്യര്‍ 42 പന്തുകളിൽ 97 റൺസ് നേടി പുറത്താവാതെ നിന്നു. ആര്യ 23 പന്തുകളിൽ 47 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ അടിച്ച് തകർത്ത ശശാങ്ക് സിങ്ങ് 16 പന്തുകളിൽ 44 റൺസ് സ്വന്തമാക്കി. ഇങ്ങനെ പഞ്ചാബ് 243 എന്ന സ്കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഗുജറാത്തിനായി സായി സുദർശനും ജോസ് ബട്ലറും അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കിയെങ്കിലും ഗുജറാത്തിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 11 റൺസിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

Previous article“അവനെ വിട്ടുകളഞ്ഞതിൽ പഞ്ചാബ് ഇപ്പോൾ ഖേദിക്കുന്നുണ്ടാവും”- മുഹമ്മദ്‌ കൈഫ്‌
Next articleനിരാശപ്പെടുത്തി സഞ്ജു.. 11 പന്തിൽ 13 റൺസ് നേടി ക്ലീൻ ബൗൾഡായി മടക്കം