പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബുംറ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹെഡ് ഇപ്പോൾ. മാത്രമല്ല ഇന്ത്യയുടെ പേസ് ഇതിഹാസമായ ബുംറയെ താൻ നേരിട്ടിട്ടുണ്ട് എന്ന് തന്റെ പേരക്കുട്ടികളോട് പിന്നീട് അഭിമാനത്തോടെ താൻ പറയുമെന്നും ഒരു അഭിമുഖത്തിൽ ഹെഡ് പറയുകയുണ്ടായി.
പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തിയ ബുംററ ഇന്ത്യയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ഇന്ത്യന്‍ താരത്തെ പ്രശംസിച്ചുകൊണ്ട് ഹെഡ് രംഗത്ത് എത്തിയത്.
“നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബുംറ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവൻ വലിയ വെല്ലുവിളി ഉയർത്തുന്ന ബോളറാണ് എന്ന് ഞങ്ങൾ ഇപ്പോൾ കൂടുതൽ നന്നായി മനസ്സിലാക്കുന്നുണ്ട്. എന്നിരുന്നാലും അവനെതിരെ കളിക്കുന്നത് ഞങ്ങൾ ആസ്വദിക്കുന്നുമുണ്ട്.”- ഹെഡ് പറയുകയുണ്ടായി. “ഒരുപാട് കാലങ്ങൾ കഴിയുമ്പോൾ നമ്മുടെ കരിയറിലേക്ക് നമ്മൾ തിരിഞ്ഞുനോക്കും. ആ സമയത്ത് എന്റെ പേരക്കുട്ടികളോട് ഞാൻ ബൂമ്രയെ നേരിട്ടിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയും. ബുംറയ്ക്കൊപ്പം ഈ പരമ്പരയിൽ കളിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. ഇനിയും ഒരുപാട് തവണ അവന്റെ വെല്ലുവിളികളെ നേരിടാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- ഹെഡ് കൂട്ടിച്ചേർക്കുന്നു.
ആദ്യ ടെസ്റ്റ് മത്സരത്തിൽ ബൂമ്രയ്ക്കെതിരെ അല്പമെങ്കിലും പിടിച്ചുനിന്ന ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡാണ്. മത്സരത്തിൽ ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ ഹെഡിന് സാധിച്ചിരുന്നു. സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, ലബുഷൈൻ തുടങ്ങിയ മികച്ച ബാറ്റിംഗ് നിര ഉണ്ടായിട്ടും ഹെഡിന് മാത്രമാണ് മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിക്കാൻ സാധിച്ചത്. ഇതിനെപ്പറ്റിയും താരം സംസാരിക്കുകയുണ്ടായി. “ഒരു ഓസ്ട്രേലിയൻ ബാറ്റർ പോലും മത്സരത്തിൽ എന്നോട് ടിപ്പ് ആവശ്യപ്പെട്ടു വരികയില്ല. അക്കാര്യം ഉറപ്പാണ്. കാരണം എല്ലാവരും എല്ലാ കാര്യങ്ങളും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്. അടുത്ത മത്സരത്തെപ്പറ്റിയുള്ള കാര്യങ്ങൾ ഞങ്ങൾ അടുത്ത 3-4 ദിവസം സംസാരിക്കും.”- ഹെഡ് പറയുന്നു.
“എന്തായാലും ബൂമ്ര വളരെ വ്യത്യസ്തനായ ഒരു ബോളറാണ്. മറ്റു ബോളർമാരിൽ കാണാത്ത പല കഴിവുകളും അവനുണ്ട്. എല്ലാ ബാറ്റർമാരും അവനെ വളരെ വ്യത്യസ്തമായാണ് നേരിടുന്നത്.”- ഹെഡ് കൂട്ടിച്ചേർക്കുകയുണ്ടായി. “ഞങ്ങൾ പിങ്ക് ബോൾ ടെസ്റ്റ് മത്സരം കളിച്ചിട്ട് ഒരുപാട് നാളുകളായി. കഴിഞ്ഞ ദിവസം ഇന്ത്യ ഒരു പരിശീലന മത്സരം കളിക്കുകയുണ്ടായി. എന്തായാലും ഇന്ത്യയുടെ എല്ലാ താരങ്ങളും വളരെ അനുഭവസമ്പത്തുള്ളവരാണ്. അതുകൊണ്ടുതന്നെ മത്സരം കഠിനമാവും എന്നത് ഉറപ്പാണ്.”- ഹെഡ് പറഞ്ഞുവെക്കുന്നു.