എന്റെ ക്രിക്കറ്റ് ജീവിതത്തിൽ സഹായിച്ചത് ധോണി. എനിക്ക് നൽകിയത് ഒരു ഉപദേശം മാത്രം. ജൂറൽ പറയുന്നു.

dhruv jurel debut

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ യുവതാരം ധ്രുവ് ജൂറൽ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യൻ കീപ്പർ ഭരതിന് പകരമാണ് ജുറൽ ടീമിലെത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 46 റൺസ് സ്വന്തമാക്കാനും ഈ താരത്തിന് സാധിച്ചിരുന്നു.

മാത്രമല്ല വിക്കറ്റിന് പിന്നിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ ജൂറൽ കാഴ്ചവച്ചത്. ശേഷം തന്റെ റോൾ മോഡലും ആരാധനാ പാത്രവുമായ മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ പറ്റി ജൂറൽ സംസാരിക്കുകയുണ്ടായി.

ധോണിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെപ്പറ്റിയും, ധോണി നൽകിയ ഉപദേശത്തെ പറ്റിയുമാണ് ജൂറൽ സംസാരിച്ചത്. 2021 ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ ചെന്നൈയ്ക്കെതിരായ മത്സരത്തിനിടയാണ് ധോണിയെ താൻ നേരിട്ട് കണ്ടത് എന്ന് ജൂറൽ പറയുന്നു.

“ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ധോണി ഭായിയെ ഞാൻ നേരിട്ട് കണ്ടു. ഞാൻ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ് ഉണ്ടായത്. എന്റെ മുൻപിൽ നിൽക്കുന്നത് യഥാർത്ഥത്തിൽ ധോണി ഭായിയാണോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ആദ്യമായി അദ്ദേഹവുമായി സംസാരിക്കുന്നത് 2021 ഐപിഎൽ സീസണിൽ ആയിരുന്നു.’

“ഐപിഎൽ ടൂർണമെന്റിലെ എന്റെ ആദ്യ സീസൺ കൂടിയായിരുന്നു 2021. അന്ന് ഞാൻ കണ്ടത് ധോണി ഭായിയെ തന്നെയാണോ അതോ സ്വപ്നമാണോ എന്ന് സംശയം എനിക്കുണ്ടായി. അത് സത്യമാണ് എന്ന് ഉറപ്പിക്കാൻ പലതവണ ഞാൻ എന്നെ തന്നെ നുള്ളി നോക്കിയിരുന്നു.”- ജൂറൽ പറഞ്ഞു.

Read Also -  "2008ൽ ചെന്നൈയുടെ നായകനാവേണ്ടത് ഞാനായിരുന്നു. പക്ഷേ ഞാൻ അത് നിരസിച്ചു". വിരേന്ദർ സേവാഗ് പറയുന്നു.

“ധോണി ഭായിയുടെ അടുത്തേക്ക് ചെന്നതിന് ശേഷം എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ സാർ എന്ന് വിളിക്കണോ ഭയ്യാ എന്ന് വിളിക്കണോ എന്ന് ഞാൻ ആലോചിച്ചു. അദ്ദേഹത്തോട് എന്താണ് സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി പോലും ഞാൻ കുറെ സമയം ആലോചിക്കുകയുണ്ടായി.”

“അവസാനം ഞാൻ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ ധോണിക്കൊപ്പം ആദ്യമായി ഫോട്ടോ എടുക്കുന്നത്.”- ധ്രുവ് ജൂറൽ കൂട്ടിച്ചേർത്തു.

“അന്ന് ധോണി ഭായി എനിക്ക് നൽകിയത് ഒരു ഉപദേശം മാത്രമാണ്. മത്സരത്തിനിടെ ക്രീസിലെത്തിയാൽ ബോളിനെ നന്നായി നിരീക്ഷിക്കുക. അതിന് ശേഷം മാത്രമേ വലിയ ഷോട്ടുകൾ കളിക്കാൻ പാടുള്ളൂ. അതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതിന് ശേഷം ധോണി ഭായിയെ നേരിട്ട് കാണണം എന്നതാണ്.”

“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടുകഴിഞ്ഞു. ഇനി ഇന്ത്യൻ ജേഴ്സിയിൽ കളിച്ചതിന് ശേഷം, അതേ ജേഴ്സിയിൽ തന്നെ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കണം എന്നതാണ് ആഗ്രഹം. അദ്ദേഹവുമായി സംസാരിച്ചപ്പോഴൊക്കെയും എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് സഹായങ്ങളും അദ്ദേഹം ചെയ്തു. അടുത്ത ടെസ്റ്റ് മത്സരത്തിന് ശേഷം ധോണി ഭായിയെ നേരിട്ട് കണ്ടു സംസാരിക്കണം എന്ന് ഞാൻ കരുതുന്നു.”- ജൂറൽ പറഞ്ഞു വെക്കുന്നു.

Scroll to Top