ലക്നൗവിനെതിരായ മത്സരത്തിൽ 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മത്സരത്തിന്റെ നിർണായക സമയത്ത് തിലക് വർമ റിട്ടയേഡ് ഔട്ട് ആവാൻ തീരുമാനിച്ചതിനെ സംബന്ധിച്ചായിരുന്നു ചർച്ചകൾ പുരോഗമിച്ചത്.
23 പന്തുകളിൽ 25 റൺസുമായി ക്രീസിൽ ഉണ്ടായിരുന്ന തിലക് വർമ അവസാന ഓവറിന് തൊട്ടുമുൻപ് മൈതാനം വിടുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ.
7 പന്തുകളിൽ 24 റൺസ് വിജയിക്കാൻ വേണ്ട സമയത്തായിരുന്നു തിലക് വർമ മൈതാനം വിട്ടത്. ശേഷം മിച്ചൽ സാന്റ്നറാണ് മൈതാനത്ത് എത്തിയത്. മത്സരശേഷം ഇതേപ്പറ്റി ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി. അതൊരു അവിചാരിതമായ കാര്യമായിരുന്നു എന്നാണ് ഹർദിക്ക് പാണ്ഡ്യ പറഞ്ഞത്.
മത്സരത്തിന്റെ അവസാന സമയങ്ങളിൽ തങ്ങൾക്ക് കുറച്ചു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആവശ്യമായിരുന്നു എന്ന് ഹർദിക് പാണ്ഡ്യ പറയുന്നു. എന്നാൽ ക്രീസിൽ അത്രമാത്രം സമയം ചിലവഴിച്ചിട്ടും താളം കണ്ടെത്താൻ തിലക് വർമയ്ക്ക് സാധിച്ചില്ല എന്ന് ഹർദിക്ക് കൂട്ടിച്ചേർത്തു. ഈ കാരണം കൊണ്ടാണ് തിലക് റിട്ടയേഡ് ഔട്ടായി മൈതാനം വിട്ടത് എന്നും ഹർദിക്ക് പറഞ്ഞു.
“അത് വളരെ അവിചാരിതമായ സംഭവമായിരുന്നു. കാരണം ഞങ്ങളെ സംബന്ധിച്ച് അവസാന ഓവറുകളിൽ കുറച്ച് ആക്രമണ ശൈലിയായിരുന്നു ആവശ്യം. ആ സമയത്ത് തിലക് വർമയ്ക്ക് അതിന് സാധിച്ചിരുന്നില്ല. ചില സമയങ്ങളിൽ ഇങ്ങനെയും സംഭവിക്കാം. അവൻ ഷോട്ടുകൾ കളിക്കാനായി ശ്രമിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതുകൊണ്ടാണ് ആ സമയത്ത് അത്തരമൊരു തീരുമാനം കൈക്കൊണ്ട് മൈതാനം വിടാൻ അവൻ തീരുമാനിച്ചത്.”- ഹർദിക് പാണ്ഡ്യ പറയുകയുണ്ടായി.
മത്സരത്തിന്റെ അവസാന ഓവറിൽ 22 റൺസായിരുന്നു മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ വേണ്ടിയത്. ഓവറിലെ ആദ്യ പന്തിൽ സിക്സർ സ്വന്തമാക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. എന്നാൽ അതിനുശേഷം ബോളർ ആവേഷ് ഖാൻ തന്റെ കൃത്യമായ ലെങ്തിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നീട് ഹർദിക് പാണ്ഡ്യയ്ക്ക് വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിച്ചില്ല. ഇങ്ങനെ 12 റൺസിന്റെ വിജയം ലക്നൗ സ്വന്തമാക്കുകയാണ് ഉണ്ടായത്. മുംബൈയുടെ 2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം പരാജയമാണ് മത്സരത്തിൽ പിറന്നത്.