2011 ലോകകപ്പിനു ശേഷം ഇന്ത്യക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ലാ. 2015, 2016, 2019 ലോകകപ്പില്‍ സെമിയില്‍ എത്തിയ ഇന്ത്യക്ക് 2021 ല്‍ ലീഗ് ഘട്ടം കടക്കാനായില്ലാ. ഇപ്പോഴിതാ ഇന്ത്യക്ക് രണ്ട് ലോകകപ്പ് ട്രോഫികൾ നഷ്ടപ്പെടുത്തിയ ഒരു പ്രധാന ഘടകം ചൂണ്ടികാട്ടുകയാണ് രവി ശാസ്ത്രി. അനിൽ കുംബ്ലെയിൽ നിന്ന് 2017ൽ ചുമതലയേറ്റ താരം കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് 2021 വരെ ആ റോളിൽ തുടർന്നു.
കോഹ്‌ലി-ശാസ്ത്രി സഖ്യത്തിന് കീഴിൽ ഇന്ത്യ 2017 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലും 2019 ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലും എത്തി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും തുടർച്ചയായി തോറ്റപ്പോള്‍ ഇന്ത്യക്ക് സെമിയിൽ ഇടം നേടാന്‍ കഴിഞ്ഞില്ലാ.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പന്തെറിയാൻ സാധിച്ചിരുന്നില്ലാ, ടൂര്‍ണമെന്‍റില്‍ ഒരു ബാറ്റിംഗ് ഫിനിഷറായാണ് അദ്ദേഹം കളിച്ചത്.
“എനിക്ക് എപ്പോഴും ടോപ്പ്-6-ൽ ബൗൾ ചെയ്യാൻ കഴിയുന്ന ഒരാളെ വേണം. ഹാർദിക്കിന് പരിക്കേറ്റതോടെ അത് വലിയ പ്രശ്നമായി മാറി. അത് ഇന്ത്യക്ക് വലിയ വില കൊടുക്കേണ്ടി വന്നു. രണ്ട് ലോകകപ്പുകൾ ഇന്ത്യക്ക് വില കൊടുക്കേണ്ടി വന്നു. കാരണം ആദ്യ സിക്സിൽ പന്തെറിയാൻ കഴിയുന്ന ആരും ഞങ്ങൾക്കില്ലായിരുന്നു. അതിനാൽ, അതൊരു ബാധ്യതയായിരുന്നു, സെലക്ടര്‍മാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ആരെങ്കിലുമുണ്ടോ എന്ന്. പക്ഷെ, ആരെയും കണ്ടെത്താനായില്ലെന്നും ശാസ്ത്രി പറഞ്ഞു.
2019ലെ ഏകദിന ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ബാറ്ററെന്ന നിലയില്‍ സെലക്ടര്‍മാര്‍ വിജയ് ശങ്കറെയാണ് ടീമിലെടുത്തത്. അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറെ ത്രീ ഡി പ്ലേയര്‍ എന്ന നിലയില്‍ ടീമിലെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.