2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. തങ്ങളുടെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. എന്നാൽ പിന്നീട് ചെന്നൈയ്ക്ക് അടിപതറുന്നതാണ് കണ്ടത്. തങ്ങളുടെ പ്രധാന പേസർമാരായ മുസ്തഫിസൂറും പതിരാനയും മടങ്ങിയതോടുകൂടി ചെന്നൈയ്ക്ക് വലിയ തിരിച്ചടി ലഭിച്ചു.
ശേഷം ബാറ്റിങ്ങിലും ചെന്നൈ പരാജയപ്പെടുകയുണ്ടായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷം ചെന്നൈയുടെ പ്ലേയോഫ് പ്രതീക്ഷകൾ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടീമിന്റെ ഒരു മോശം തീരുമാനം ചൂണ്ടിക്കാട്ടിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്. മോശം പ്രകടനങ്ങൾക്കിടയിലും അജിങ്ക്യ രഹാനെയെ വീണ്ടും ചെന്നൈ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതിനെതിരെയാണ് ചോപ്ര സംസാരിച്ചത്.
ഗുജറാത്തിനെതിരായ മത്സരത്തിൽ 5 പന്തുകൾ നേരിട്ട രഹാനെ കേവലം ഒരു റൺ മാത്രമായിരുന്നു നേടിയത്. ഇതിന് ശേഷമാണ് ചോപ്ര രംഗത്തെത്തിയത്. “ഗുജറാത്തിനെതിരായ മത്സരത്തിൽ റിച്ചാർഡ് ഗ്ലിസനെ ചെന്നൈ കളിപ്പിച്ചില്ല. അവന് പകരക്കാരനായി എത്തിയത് രചിൻ രവീന്ദ്രനായിരുന്നു. തങ്ങളുടെ ബാറ്റിംഗ് ഓർഡർ കൂടുതൽ ശക്തമാക്കാനാണ് ചെന്നൈ ശ്രമിച്ചത്. രവീന്ദ്രയെ ഓപ്പണർ ആക്കുന്നതിനൊപ്പം, രഹാനെയെ ചെന്നൈ പങ്കാളിയാക്കി ഇറങ്ങി.”
“ആ സാഹചര്യത്തിൽ ആരാധകർ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഋതുരാജ് കൃത്യമായി ഓപ്പണർ എന്ന നിലയ്ക്ക് റൺസ് കണ്ടെത്തുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഋതുരാജിനെ ഓപ്പണിങ് ഇറക്കാത്തത്? എന്തായാലും മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ രചിൻ രവീന്ദ്ര പുറത്താവുകയുണ്ടായി”- ചോപ്ര പറയുന്നു.
“അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ രഹാനെയും പുറത്തായി. രണ്ടുപേരും ചെറിയ ഇടവേളയിൽ ഔട്ടായി. ശേഷം മൂന്നാമനായി ഋതുരാജ് മടങ്ങി. മത്സരം അവിടെ തന്നെ ഏകദേശം അവസാനിച്ചു. കാരണം ആ സമയത്ത് ചെന്നൈയുടെ സ്കോർ 3 വിക്കറ്റ് നഷ്ടത്തിൽ 10 റൺസാണ്. ടീമിലെ രഹാനയുടെ റോളിനെ പറ്റി യാതൊരു വ്യക്തതയുമില്ല. എന്തിനാണ് ഇത്രയും കൂടുതൽ അവസരങ്ങൾ അവന് നൽകുന്നത്? ഒരുപക്ഷേ ഇതിലും നന്നായി സമീർ റിസ്വിക്ക് ഈ മത്സരത്തിൽ കളിക്കാൻ സാധിച്ചേക്കും.”- ചോപ്ര കൂട്ടിച്ചേർത്തു.
“മുൻനിര പുറത്തായതിന് ശേഷം മിച്ചലും മോയിൻ അലിയും മത്സരത്തിൽ ചെന്നൈയ്ക്ക് ചെറിയ പ്രതീക്ഷ നൽകി. എല്ലാവരും രവീന്ദ്ര, ഋതുരാജ്, രഹാനെ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരുന്നത്. പക്ഷേ മിച്ചലും മോയിൻ അലിയുമാണ് അല്പമെങ്കിലും പൊരുതിയത്. ക്രീസിലുണ്ടായിരുന്ന സമയത്ത് നന്നായി കളിക്കാൻ ഇരുവർക്കും സാധിച്ചു. മിച്ചൽ കൂടുതലായി സ്ട്രൈറ്റ് ഷോട്ടുകൾക്ക് ശ്രമിച്ചപ്പോൾ, മൊയിൻ ലെഗ് സൈഡിലാണ് വമ്പൻഷോട്ടുകൾ കളിച്ചത്. ഒരുപാട് മികച്ച ടൈമിംഗുള്ള താരമാണ് മോയിൻ.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.