“എനിക്ക് സ്വാതന്ത്ര്യം വേണം”. ലക്നൗ ടീമിൽ നിന്ന് മാറാനുള്ള കാരണം പറഞ്ഞ് രാഹുൽ.

ഇന്ത്യൻ പ്രീമിയർ ലീഗീൽ തന്റെ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി സൂപ്പർ താരം കെഎൽ രാഹുൽ. കഴിഞ്ഞ 3 സീസണുകളിലും ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ നായകനായിരുന്നു രാഹുൽ. എന്നാൽ 2025 സീസണിന് മുന്നോടിയായി ലക്നൗ രാഹുലിനെ നിലനിർത്തിയില്ല.

ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അതിനുള്ള ഉത്തരം വ്യക്തമാക്കിയാണ് ഇപ്പോൾ രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് തന്റെ മത്സരത്തിൽ സ്വാതന്ത്ര്യം കണ്ടെത്തേണ്ടിയിരുന്നതിനാലാണ് ലക്നൗ ടീം ഉപേക്ഷിച്ചത് എന്ന് രാഹുൽ പറയുന്നു. തന്റെ മത്സരങ്ങൾ പുനരാവിഷ്കരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഐപിഎൽ സീസൺ രാഹുലിനെ സംബന്ധിച്ച് ഒരു മികച്ച സീസൺ ആയിരുന്നില്ല കഴിഞ്ഞ 3 വർഷങ്ങൾക്കിടയിൽ ലക്നൗ ഐപിഎൽ പ്ലേഓഫിൽ ഇടംപിടിക്കാതിരുന്നത് 2024 സീസണിൽ ആയിരുന്നു. മാത്രമല്ല സീസണിലെ രാഹുലിന്റെ ബാറ്റിംഗിലെ മനോഭാവത്തെപ്പറ്റിയും വലിയ ചർച്ചകൾ വന്നിരുന്നു. അതുകൊണ്ടു തന്നെ ലക്നൗ രാഹുലിനെ ഒഴിവാക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു ഈ സംഭവത്തെക്കുറിച്ചാണ് രാഹുൽ സംസാരിക്കുന്നത്.

“എനിക്ക് എല്ലാം ഒന്നു കൂടി ആരംഭിക്കണമെന്നുണ്ട്. എന്റെ മുൻപിലുള്ള കൂടുതൽ ഓപ്ഷനുകൾ കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യണമെന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു ഫ്രാഞ്ചൈസിയിലെത്തി വളരെ സ്വാതന്ത്ര്യത്തോടെ കളിക്കാനാണ് ഞാൻ തയ്യാറായിരിക്കുന്നത്. കുറച്ചുകൂടി ലളിതമായ ടീം അന്തരീക്ഷമുള്ള രീതിയിൽ മുന്നോട്ട് പോകാനാണ് എന്റെ ലക്ഷ്യം. ചില സമയങ്ങളിൽ ഇത്തരത്തിലുള്ള മാറ്റം അനിവാര്യമാണ്. അത് നമുക്ക് നല്ല കാര്യങ്ങൾ മാത്രമേ ചെയ്യൂ.”- രാഹുൽ പറയുകയുണ്ടായി.

“കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് പുറത്താണ് ഞാൻ. ഒരു കളിക്കാരൻ എന്ന നിലയിൽ ഇപ്പോൾ ഞാൻ എവിടെയാണ് നിൽക്കുന്നത് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. എങ്ങനെ തിരിച്ചു വരണമെന്നും എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഞാൻ അടുത്ത ഐപിഎൽ സീസണെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. മറ്റൊരു ഫ്രാഞ്ചൈസിയിലേക്കെത്തി എന്റെ ക്രിക്കറ്റ് പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഇടംപിടിക്കുക എന്നതാണ് എന്റെ മുൻപിലുള്ള വലിയ ലക്ഷ്യം.”- രാഹുൽ പറഞ്ഞുവെക്കുന്നു.

Previous articleജയ്സ്വാള്‍ പന്തടിച്ചിട്ടത് സ്റ്റേഡിയത്തിനു പുറത്ത്. ഓസ്ട്രേലിയക്ക് ഒരു വലിയ സൂചന.
Next articleഞാന്‍ ഈ കാര്യത്തില്‍ മിടുക്കന്‍. മഞ്ഞ ജേഴ്സി ഇടാന്‍ ആഗ്രഹം പറഞ്ഞ് ഇന്ത്യന്‍ താരം.