ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം കർശനമായ തീരുമാനങ്ങളുമായി ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ഇനിയും പ്രകടനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ഇന്ത്യയുടെ സീനിയർ താരങ്ങളെ അടക്കം ടീമിൽ നിന്ന് ഒഴിവാക്കും എന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.
സിഡ്നിയിൽ നടക്കാനിരിക്കുന്ന നിർണായകമായ മത്സരത്തിന് തൊട്ടുമുമ്പാണ് ഗംഭീർ ഈ മുന്നറിയിപ്പ് താരങ്ങൾക്ക് നൽകുന്നത്. ഒരു പ്രമുഖ വാർത്താമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താരങ്ങൾ പ്രധാനമായും തങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് മൈതാനത്ത് കളിക്കണമെന്നാണ് ഗംഭീർ പറഞ്ഞു വയ്ക്കുന്നത്.
ഇന്ത്യൻ ടീമിലെ പലതാരങ്ങൾക്കും സാഹചര്യം കണക്കിലെടുത്ത് കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് മുന്നോട്ടു പോവാനോ സാധിക്കുന്നില്ല എന്ന് ഗംഭീർ പറയുകയുണ്ടായി. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള കളി എന്ന പേരിൽ എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം കളിക്കുകയാണ് എന്ന് ഗംഭീർ കുറ്റപ്പെടുത്തുകയുണ്ടായി. മെൽബണിയിൽ നടന്ന നാലാം ടെസ്റ്റിലെ പരാജയത്തിന് ശേഷം ഡ്രസിങ് റൂമിൽ ഇതിനെ സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഈ സമയത്താണ് തനിക്ക് മതിയായി എന്ന വാക്ക് ഗംഭീർ ഉപയോഗിച്ചത്.
ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും മത്സരങ്ങളിലെ പുറത്താകലും ഗംഭീറിനെ നിരാശപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പാണ്. ഇരുവരും തുടർച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ ഔട്ടാവുന്നത് ഗംഭീറിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇരുവരുടെയും പ്രകടനത്തിൽ ഗംഭീർ തൃപ്തനല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ടീമിന്റെ ഗെയിം പ്ലാനിനും സാഹചര്യത്തിനും അനുസരിച്ച് കളിക്കാത്ത താരങ്ങളെ പൂർണമായും ഒഴിവാക്കും എന്നാണ് ഗംഭീർ മുന്നറിയിപ്പ് നൽകുന്നത്.
“കഴിഞ്ഞ 6 മാസം നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ കളിക്കാനുള്ള സാഹചര്യങ്ങൾ ഞങ്ങൾ ഒരുക്കി. പക്ഷേ ഇനി അത് സാധ്യമല്ല. ഞാൻ പറയുന്നതുപോലെ ടീമിൽ കളിക്കാൻ സാധിക്കാത്തവർക്ക് ഇനി പുറത്തേക്ക് പോകാം.”- ഗംഭീർ പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താൻ കൊടുക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് വിപരീതമായാണ് പലതാരങ്ങളും മൈതാനത്ത് പ്രകടനം കാഴ്ചവയ്ക്കുന്നത് എന്ന് നിലപാടാണ് ഗംഭീറിനുള്ളത്. നാലാം ടെസ്റ്റ് മത്സരത്തിൽ ഋഷഭ് പന്ത് അടക്കമുള്ളവർ വളരെ അനാവശ്യമായ ഷോട്ടുകൾ കളിച്ചായിരുന്നു പുറത്തായത്. ഇതൊക്കെയും ഗംഭീറിന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.