2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് ആരാധകരെ പൂർണമായും ഞെട്ടിച്ച ഒരു തീരുമാനം മുംബൈ കൈക്കൊള്ളുകയുണ്ടായി. അതുവരെ തങ്ങളുടെ ടീമിനെ വളരെ മികച്ച രീതിയിൽ നയിച്ച് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനായി മുംബൈ ഹർദിക് പാണ്ഡ്യയെ നിയമിക്കുകയുണ്ടായി.
ഇതിന് ശേഷം വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് മുംബൈ ആരാധകരിൽ നിന്ന് അടക്കം ടീമിന് നേരിടേണ്ടി വന്നിട്ടുള്ളത്. നായക സ്ഥാനത്തു നിന്നുള്ള ഈ മാറ്റത്തെ സംബന്ധിച്ച് അവസാനം പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
മുംബൈയുടെ നായക സ്ഥാനത്തുനിന്ന് മാറ്റിയ കാര്യത്തിൽ താൻ ഒരിക്കലും നിരാശനല്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. ജീവിതത്തിൽ എല്ലായിപ്പോഴും കാര്യങ്ങൾ നമ്മുടെ വഴിയിലൂടെ സഞ്ചരിക്കില്ല എന്ന് രോഹിത് പറയുകയുണ്ടായി. മാത്രമല്ല നായകനിലുപരി, ഒരു ടീമിന്റെ കളിക്കാരനായി കളിക്കുക എന്നത് തനിക്ക് പുതുമയുള്ള കാര്യമല്ലയെന്നും രോഹിത് പറഞ്ഞു.
തന്റെ കരിയറിന്റെ നല്ലൊരു ഭാഗവും താൻ നായകനായല്ല കളിച്ചിരുന്നത് എന്ന് രോഹിത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു കളിക്കാരൻ എന്ന നിലയിൽ എന്താണോ ചെയ്യേണ്ടത് അത് ചെയ്യാനാണ് ഇപ്പോഴും താൻ ശ്രമിക്കുന്നത് എന്നും രോഹിത് പറയുകയുണ്ടായി.
“മുൻപ് ഞാൻ ക്യാപ്റ്റനായിരുന്നു. അതിന് ശേഷം ഞാൻ ക്യാപ്റ്റനല്ലാതെ കളിച്ചു. ഇപ്പോൾ വീണ്ടും ഞാൻ ക്യാപ്റ്റൻ ആയിരിക്കുകയാണ്. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇത്തരം കാര്യങ്ങൾ എല്ലായിപ്പോഴും നമ്മുടെ വഴിയിലൂടെ മാത്രം നടക്കണമെന്ന് ആഗ്രഹിക്കാനാവില്ല. എന്നെ സംബന്ധിച്ച് ഇത് വളരെ വലിയൊരു അനുഭവം തന്നെയാണ്. മുൻപും ഞാൻ ക്യാപ്റ്റനായിരുന്നില്ല.”
“മാത്രമല്ല വ്യത്യസ്ത ക്യാപ്റ്റന്മാരുടെ കീഴിൽ കളിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട് അതുകൊണ്ട് ഇത് എന്നെ സംബന്ധിച്ച് യാതൊരു തരത്തിലും നിരാശപ്പെടുത്തുന്നതല്ല. ഒരു കളിക്കാരൻ എന്ന നിലയിൽ ടീമിന് എന്താണോ വേണ്ടത് അത് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി അതുതന്നെയാണ് ഞാൻ ചെയ്യുന്നതും.”- രോഹിത് പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള നായകനാണ് രോഹിത് ശർമ. ടീമിനെ 5 തവണ കിരീടം ചൂടിക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. രോഹിതിന്റെ നേതൃത്വത്തിൽ 2013, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ മുംബൈ കിരീടം ചൂടുകയുണ്ടായി. ശേഷമാണ് രോഹിത്തിനെ മുംബൈ നായക സ്ഥാനത്തു നിന്ന് നീക്കിയത്. ശേഷം ഇത്തവണ ഹർദിക് പാണ്ഡ്യ നായകനായി എത്തിയെങ്കിലും, ഇതുവരെയും വളരെ മോശം പ്രകടനങ്ങളാണ് മുംബൈ കാഴ്ച വെച്ചിട്ടുള്ളത്. ആരാധകരടക്കം പലപ്പോഴും ഹർദിക്കിനെതിരെ രംഗത്ത് വരുന്ന സാഹചര്യങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.