എത്ര നന്നായി കളിച്ചാലും സഞ്ജു ലോകകപ്പിൽ കളിക്കില്ല. കാരണം പറഞ്ഞ് ഇർഫാൻ പത്താൻ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഉടൻതന്നെ ആരംഭിക്കാൻ പോകുന്ന വലിയ ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. ഇത്തവണയും ട്വന്റി20 ലോകകപ്പിനായി യുവതാരങ്ങൾ അടങ്ങുന്ന ഒരു നിരയെയാണ് ഇന്ത്യ മൈതാനത്തിറക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പ്രാധാന്യം തന്നെയാണുള്ളത്.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ഐപിഎൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സാധിക്കും. എന്നാൽ ഈ സ്ഥാനത്തിനായുള്ള മത്സരത്തിൽ സഞ്ജു സാംസൺ ഉണ്ടാവില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നത്. ഇതിനുള്ള കാരണവും പത്താൻ വിശദീകരിക്കുകയുണ്ടായി

ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഒരുപാട് താരങ്ങൾ നിലവിൽ മുൻ നിരയിലുണ്ട് എന്ന് പത്താൻ പറയുന്നു. “ജിതേഷ് ആയിരുന്നു ട്വന്റി20യിലെ ഇന്ത്യയുടെ കീപ്പർ. എന്നാൽ ഇപ്പോൾ പന്ത് തിരികെ എത്തിയിട്ടുണ്ട്. പന്ത് എല്ലായിപ്പോഴും ആവേശം വിതറുന്ന ക്രിക്കറ്റർ ആണ്. മാത്രമല്ല അവനൊരു മാച്ച് വിന്നർ കൂടിയാണ്. മത്സരം ഏതു സാഹചര്യത്തിൽ നിന്നും സ്വന്തമാക്കാൻ പന്തിന് സാധിക്കും. പക്ഷേ ഒരുപാട് നാളുകൾക്ക് ശേഷമാണ് പന്ത് കളിക്കളത്തിലേക്ക് തിരികെയെത്തുന്നത്. അതിനാൽ തന്നെ ഐപിഎല്ലിലെ 14 മത്സരങ്ങളിൽ പന്ത് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.”- പത്താൻ പറയുന്നു.

“രാഹുൽ ലക്നൗ ടീമായി ആദ്യ മത്സരത്തിൽ ഓപ്പണിങാണ് ഇറങ്ങിയത്. ഐപിഎൽ ഫ്രാഞ്ചൈസിയിൽ ഒരു താരം ഏത് പൊസിഷനിലാണോ കളിക്കുന്നത് അതേ പൊസിഷനിൽ തന്നെ ഇന്ത്യൻ ടീമിലും കളിപ്പിക്കാനാവും ഇന്ത്യ തയ്യാറാവുക. അതിനാൽ തന്നെ മധ്യനിരയിൽ രാഹുൽ കളിക്കുമോ എന്ന കാര്യം ഈ ഐപിഎൽ സീസണിന്റെ മധ്യഭാഗത്ത് മാത്രമേ അറിയാൻ സാധിക്കൂ. കാരണം ദേവദത് പടിക്കൽ, കൈൽ മേയെഴ്സ്, ഡികോക്ക് എന്നീ താരങ്ങൾ ലക്നൗവിന് ഓപ്പണർമാരായുണ്ട്. അതിനാൽ തന്നെ രാഹുലിന് മധ്യനിരയിൽ കളിക്കാൻ സാധിക്കും.”- പത്താൻ കൂട്ടിച്ചേർത്തു.

“നിർഭാഗ്യവശാൽ ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിൽ നിന്ന് ഞാൻ സഞ്ജു സാംസനെ പുറത്താക്കുകയാണ്. ഇതിനു പ്രധാന കാരണം സഞ്ജു മുൻനിര ബാറ്ററാണ് എന്നുള്ളതാണ്. നിലവിൽ ഇന്ത്യൻ ടീമിൽ മുൻനിര ബാറ്റർമാരുടെ ഒരു വലിയ നിര തന്നെയാണുള്ളത്. രോഹിത് ശർമ, ജൈസ്വാൾ, ശുഭ്മാൻ ഗില്‍, വിരാട് കോഹ്ലി എന്നിങ്ങനെ നീളുന്നു ലിസ്റ്റ് അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പ് സ്ക്വാഡിൽ സഞ്ജു സാംസൺ ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു.”- പത്താൻ പറഞ്ഞു വയ്ക്കുന്നു.

Previous article“ദുർബലനായ” രോഹിത്. മുംബൈയ്ക്ക് ആവശ്യം ഒരു ഗെയിം ചേയ്ഞ്ചറെ. സുനിൽ ഗവാസ്കർ പറയുന്നു.
Next articleസഞ്ജുവും പന്തുമല്ല, ഇന്ത്യ കണ്ട ഏറ്റവും മികച്ച 2 വിക്കറ്റ് കീപ്പർമാർ അവരാണ്. ശ്രീകാന്ത് പറയുന്നു.