ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് ഇന്ത്യ മാറ്റി നിർത്തുന്നു. കാരണം പറഞ്ഞ് ബോളിംഗ് കോച്ച്.

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചായിരുന്നു യുവ പേസർ ഉമ്രാൻ മാലിക്ക് ടീമിലേക്ക് എത്തിയത്. 150 കിലോമീറ്റർ മുകളിൽ സ്ഥിരതയോടെ പന്തറിയാൻ സാധിക്കുന്ന യുവതാരം ആയിരുന്നു ഉമ്രാൻ. പലരും പാക്കിസ്ഥാൻ പേസർ അക്തറിനോട് പോലും ഉമ്രാനെ താരതമ്യം ചെയ്ത് സംസാരിക്കുകയുണ്ടായി.

തന്റെ പല റെക്കോർഡുകളും തകർക്കാൻ ഉമ്രാൻ മാലിക്കിന് സാധിക്കുമെന്ന് അക്തറും പറയുകയുണ്ടായി. പക്ഷേ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂർണമായും ഉമ്രാൻ അപ്രത്യക്ഷനായിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിൽ ഹൈദരാബാദ് ടീമിനായി പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ പോലും ഉമ്രാന് സാധിച്ചില്ല. പ്രധാനമായും നിയന്ത്രണമില്ലാത്ത പന്തറിയുന്നതാണ് ഉമ്രാനെ ബാധിച്ചത്. എന്തുകൊണ്ടാണ് ഇത്ര മികച്ച തുടക്കം ലഭിച്ചിട്ടും ഉമ്രാൻ മാലിക് തന്റെ കരിയറിൽ പരാജയപ്പെടുന്നത് എന്ന് മുൻ ഇന്ത്യൻ ബോളിങ് കോച്ച് പരസ് മാമ്പ്രെ പറയുകയുണ്ടായി.

ബോളിങ്ങിൽ കൃത്യമായി നിയന്ത്രണം പാലിക്കാതിരിക്കുന്നത് ഉമ്രാന് തിരിച്ചടിയാവുന്നത് എന്നാണ് മാമ്പ്ര പറയുന്നത്. ഇതുമൂലം ക്യാപ്റ്റൻമാർക്ക് അവനിലുള്ള വിശ്വാസം നഷ്ടമാവുകയാണ് എന്നും മാമ്പ്ര ചൂണ്ടിക്കാട്ടുകയുണ്ടായി. വേഗത എന്നതുകൊണ്ട് മാത്രം ക്രിക്കറ്റിൽ വലിയ കാര്യമില്ല എന്നാണ് മാമ്പ്ര പറയുന്നത്. കൃത്യമായി നിയന്ത്രണം ഉണ്ടെങ്കിൽ മാത്രമേ മുൻനിരയിലേക്ക് വരാൻ സാധിക്കുവെന്ന് കോച്ച് ചൂണ്ടിക്കാട്ടി. ഇത്ര മികച്ച പേസുള്ള ഉമ്രാനെ പോലെ ഒരു താരം ഇത്തരത്തിൽ മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് തന്നെ നിരാശനാക്കുന്നുണ്ട് എന്ന് മാമ്പ്ര ചൂണ്ടിക്കാട്ടുകയുണ്ടായി.

“ഒരു താരം തന്റെ കഴിവ് വളർത്തിയെടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരത്തിൽ അതിവേഗത്തിൽ പന്ത് എറിയാൻ സാധിക്കുന്ന ഒരു താരത്തെ അപൂർവമായി മാത്രമേ നമുക്ക് കാണാൻ സാധിക്കു. ആ കഴിവ് ഉമ്രാൻ മാലിക്കിൽ നമ്മൾ കാണുകയും ചെയ്തു. 145-148 കിലോമീറ്റർ വേഗതയിൽ പന്തറിഞ്ഞ് എല്ലാവരെയും ഞെട്ടിക്കാൻ അവന് സാധിച്ചിരുന്നു. സ്പീഡ് ഗണ്ണിൽ അവന്റെ പന്ത് 160 കിലോമീറ്റർ സ്പീഡ് വരെ കാട്ടിയിട്ടുണ്ട്. വേഗതയാണ് ഉമ്രാൻ മാലിക്കിന്റെ കരുത്ത് എന്ന് നമ്മൾ തിരിച്ചറിയുന്നു. അവൻ തീർച്ചയായും വേഗതയേറിയ ബോളർ തന്നെയാണ്. 140 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തറിയാനും അവന് സാധിക്കും. സ്ഥിരമായി ഈ വേഗതയിൽ തന്നെ പന്തറിയുക എന്നത് പ്രധാന കാര്യം തന്നെയാണ്. അവനത് ചെയ്തിട്ടുമുണ്ട്. പക്ഷേ ഉമ്രാന് ടീമിലെ സ്ഥാനം നഷ്ടമായി. അതെങ്ങനെ?”- മാമ്പ്ര പറയുന്നു.

“ട്വന്റി20 ക്രിക്കറ്റിൽ ബോളിങ്ങിൽ നിയന്ത്രണം ഇല്ലെങ്കിൽ ബോളർമാർ പതറും. ഒരിക്കൽ ഇത്തരത്തിൽ പതറുകയാണെങ്കിൽ നായകന്മാർക്ക് നിങ്ങളുടെ മേലുള്ള വിശ്വാസം നഷ്ടമാവും. ഇനി കരിയർ വീണ്ടെടുക്കാൻ ഉമ്രാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. രഞ്ജി ട്രോഫിയിലേക്ക് ഉമ്രാൻ തിരിച്ചു പോകണം. ഇതിലൂടെ ബോളിങ്ങിലെ നിയന്ത്രണം തിരിച്ചു പിടിക്കാൻ താരത്തിന് സാധിക്കും. ഇത്തരത്തിൽ നിയന്ത്രണം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. ഈ കാരണം കൊണ്ടാണ് രഞ്ജി ട്രോഫിയിൽ കളിക്കുന്നതിനായി അവനെ ഞങ്ങൾ നിർബന്ധിക്കുന്നത്. ഒരു രഞ്ജി സീസൺ മുഴുവനായി കളിക്കുകയാണെങ്കിൽ സമ്മർദ്ദ ഘട്ടത്തിൽ തന്റെ കഴിവുകൾ പുറത്തെടുക്കാനും അവന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- മാമ്പ്രെ കൂട്ടിച്ചേർക്കുന്നു.

Previous articleസെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകുമില്ല. ഇതെന്ത് സ്‌ക്വാഡ്. ചോദ്യം ചെയ്ത് ശശി തരൂർ.
Next articleസഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.