ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

ezgif 2 8e62fe0640

2024 ട്വന്റി20 ലോകകപ്പിൽ ഉഗാണ്ടയെ തല്ലിത്തകർത്ത് വെസ്റ്റിൻഡീസ്. 134 റൺസിന്റെ വിജയമാണ് വെസ്റ്റിൻഡീസ് ഉഗാണ്ടക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ വെസ്റ്റിൻഡീസിന്റെ ബാറ്റർമാർ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. ബോളിങ്ങിൽ 5 വിക്കറ്റുമായി ഹുസൈൻ തിളങ്ങിയപ്പോൾ അനായാസ വിജയം വിൻഡിസ് കൈയടക്കുകയായിരുന്നു. വെസ്റ്റിൻഡീസിന്റെ ലോകകപ്പിലെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് ദുർബലരായ ഉഗാണ്ട പൂർണ്ണമായും വിൻഡിസിന് മുൻപിൽ അടിയറവ് പറയുന്നതാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ജോൺസൺ ചാൾസും ബ്രാണ്ടൻ കിങ്ങും ചേർന്ന് വിൻഡിസിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തിരുന്നു. 42 പന്തുകളിൽ 44 റൺസാണ് മത്സരത്തിൽ ചാൾസ് നേടിയത്. പിന്നാലെയെത്തിയ പൂരൻ(22) നായകൻ റോവ്മൻ പവൽ(23) എന്നിവർ തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തതോടെ വിൻഡീസിന്റെ സ്കോർ ഉയർന്നു. മധ്യ ഓവറുകളിൽ റൂതർഫോർഡ് 16 പന്തുകളിൽ 22 റൺസുമായി മികവ് പുലർത്തി. അവസാന ഓവറുകളിൽ റസലിന്റെ വെടിക്കെട്ട് കൂടിയായപ്പോൾ വിൻഡിസ് സ്കോർ കുതിക്കുകയായിരുന്നു.

17 പന്തുകൾ മത്സരത്തിൽ നേരിട്ട റസല്‍ 30 റൺസാണ് നേടിയത്. ഇതോടെ വിൻഡീസ് 173 റൺസ് മത്സരത്തിൽ സ്വന്തമാക്കി. ഉഗാണ്ടയ്ക്കായി നായകൻ മസബ 2 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ഉഗാണ്ട പൂർണമായും അടിപതറുന്നതാണ് കണ്ടത്. ആദ്യ ബോൾ മുതൽ ഉഗാണ്ടൻ ബാറ്റിംഗ് നിര തകർന്നുവീണു. ഉഗാണ്ടയുടെ മുൻനിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കാണാൻ സാധിച്ചില്ല എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. മാത്രമല്ല വിൻഡിസ് സ്പിന്നർ അഖീൽ ഹുസൈൻ മികച്ച പ്രകടനം കാഴ്ചവച്ചതും ഉഗാണ്ടയെ ബാധിച്ചു. ഉഗാണ്ടയ്ക്കായി പത്താം നമ്പർ ബാറ്റർ ക്യൂവ്യൂറ്റ മാത്രമാണ് രണ്ടക്കം കണ്ടത്.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

ഇങ്ങനെ ഉഗാണ്ടയുടെ ഇന്നിംഗ്സ് കേവലം 39 റൺസിൽ അവസാനിക്കുകയായിരുന്നു. ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഉഗാണ്ട മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ വെൻഡീസിനായി തകർപ്പൻ ബോളിംഗ് പ്രകടനമാണ് അഖിൽ ഹുസൈൻ കാഴ്ചവച്ചത്. 4 ഓവറുകളിൽ 11 റൺസ് മാത്രം വിട്ടു നൽകി 5 വിക്കറ്റുകൾ സ്വന്തമാക്കാൻ ഹുസൈന് സാധിച്ചു. രണ്ടാം വിജയത്തോടെ ലോകകപ്പിന്റെ സൂപ്പർ 8ലേക്കുള്ള കുതിപ്പിലാണ് വെസ്റ്റിൻഡീസ് ഇപ്പോൾ.

Scroll to Top