2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിൽ ഏതൊക്കെ ടീമുകൾ സെമിഫൈനലിലെത്തും എന്നാണ് യുവരാജ് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ തന്നെ മികച്ച 4 ടീമുകളാവും ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുക എന്ന യുവരാജ് കരുതുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ എന്നീ ടീമുകളെയാണ് തന്റെ സെമി ഫൈനലിസ്റ്റുകളായി യുവരാജ് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ സമയങ്ങളിൽ ഈ ടീമുകൾ നടത്തിയ വമ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് യുവരാജിന്റെ പ്രവചനം. മുൻപ് 2022 ട്വന്റി20 ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ സെമി ഫൈനലിൽ എത്തുകയുണ്ടായി. എന്നാൽ അവിടെ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റുകളുടെ വമ്പൻ പരാജയമായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.
പ്രസ്തുത ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെ ഫൈനലിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്. ഇത്തവണത്തെ ലോകകപ്പിലും ഇംഗ്ലണ്ടും പാക്കിസ്ഥാനും വമ്പൻ ശക്തികളായി മാറുമെന്നാണ് യുവരാജ് വിലയിരുത്തുന്നത്. എന്നിരുന്നാലും യുവരാജിന്റെ ഈ പ്രവചനം പലരെയും ഞെട്ടിച്ചിട്ടുണ്ട്.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസ് സെമി ഫൈനലിൽ കടക്കില്ല എന്നാണ് യുവരാജ് ഇതോടെ പറഞ്ഞിരിക്കുന്നത്. 2 തവണ ട്വന്റി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റിൻഡീസ് ആദ്യ 4ൽ എത്താതെ പുറത്താവുമെന്ന് യുവരാജ് കരുതുന്നു. ഒപ്പം 2021 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്റും ഇത്തവണ സെമിഫൈനൽ കാണില്ല എന്ന് യുവരാജ് തറപ്പിച്ചു പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവാണ് ഈ ലോകകപ്പിൽ പ്രധാന റോൾ വഹിക്കാൻ പോകുന്നത് എന്നാണ് യുവരാജ് കരുതുന്നത്. നിലവിൽ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യകുമാർ യാദവ്.
“ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായക റോൾ വഹിക്കാൻ പോകുന്നത് സൂര്യകുമാർ യാദവായിരിക്കും. അവൻ ബാറ്റ് ചെയ്യുന്ന രീതി തന്നെയാണ് അതിന് ഉദാഹരണം. കേവലം 15 പന്തുകൾക്കുള്ളിൽ തന്നെ മത്സരത്തിന്റെ ഗതി പൂർണമായും മാറ്റിമറിക്കാൻ സൂര്യകുമാറിന് സാധിക്കും. ഇന്ത്യക്ക് ട്വന്റി20 ലോകകപ്പിൽ വിജയം കാണണമെങ്കിൽ സൂര്യകുമാർ യാദവ് നിർണായകമായ റോൾ വഹിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.”- യുവരാജ് പറയുന്നു.
2021ലെയും 2022ലെയും ട്വന്റി20 ലോകകപ്പുകളിൽ ഇന്ത്യക്കായി നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് സൂര്യകുമാർ. 2022 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 239 റൺസായിരുന്നു സൂര്യകുമാർ നേടിയത്.