ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിതീഷ് റെഡിയുടെയും റിങ്കു സിങ്ങിന്‍റെയും തകർപ്പൻ അർത്ഥ സെഞ്ച്വറികളാണ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത്. നിതീഷ് മത്സരത്തിൽ 34 പന്തുകളിൽ 74 റൺസ് നേടിയപ്പോൾ, റിങ്കു സിംഗ് 29 പന്തുകളിൽ 53 റൺസാണ് നേടിയത്.
ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 221 റൺസിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന്റെ ഇന്നിങ്സ് കേവലം 135 റൺസിൽ അവസാനിക്കുകയായിരുന്നു. 86 റൺസിന്റെ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് സൂര്യകുമാർ യാദവ് സംസാരിച്ചത്. “ബാറ്റിംഗിലേക്ക് വരുമ്പോൾ ഇത്തരമൊരു സാഹചര്യമായിരുന്നു എനിക്ക് വേണ്ടത്. ഞങ്ങളുടെ 5, 6, 7 നമ്പർ ബാറ്റർമാർ ഇത്തരമൊരു സാഹചര്യത്തിൽ കളിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. റിങ്കുവിന്റെയും നിതീഷിന്റെയും പ്രകടനത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്. “
“ഞാൻ എന്താണോ ആവശ്യപ്പെട്ടത്, അതേ രീതിയിൽ ബാറ്റ് ചെയ്യാൻ അവർക്ക് സാധിച്ചു. മൈതാനത്ത് എത്തുകയും അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുമാണ് ഇരുവരും ചെയ്തത്. ഇവിടെ ജേഴ്സിയിൽ മാത്രമാണ് വ്യത്യാസം ഉണ്ടാകുന്നത്. മറ്റു കാര്യങ്ങളെല്ലാം അതേപോലെ തന്നെ നിൽക്കുന്നു.”- സൂര്യകുമാർ പറഞ്ഞു.
“വ്യത്യസ്തമായ സാഹചര്യങ്ങളിൽ വ്യത്യസ്തരായ ബോളർമാർ ഏത് തരത്തിൽ പെരുമാറുമെന്ന് എനിക്ക് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ടാണ് ബോളിങ്ങിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയത്. ചില സമയങ്ങളിൽ ഹർദിക് പാണ്ട്യ പന്തറിയാറില്ല. ചില സമയങ്ങളിൽ വാഷിംഗ്ടൺ സുന്ദറും ബോൾ ചെയ്യാറില്ല.”
“അതുകൊണ്ടു തന്നെ മറ്റു താരങ്ങൾക്ക് എന്താണ് മത്സരത്തിൽ ബോളിങ്ങിൽ കാഴ്ചവയ്ക്കാൻ സാധിക്കുക എന്ന് ഞാൻ പരീക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. ഇത് ശരിക്കും നിതീഷ് റെഡിയുടെ ദിവസമാണ്. ഇനിയും ഇത്തരം സാഹചര്യങ്ങളിൽ അവൻ മികവ് പുലർത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിൽ തങ്ങൾ വരുത്തിയ പിഴവുകൾ തന്നെയാണ് രണ്ടാം മത്സരത്തിലും തങ്ങൾക്ക് വിനയായി മാറിയത് എന്നാണ് ബംഗ്ലാദേശ് നായകൻ ഷാന്റോ പറഞ്ഞത്. ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തങ്ങൾക്ക് സാധിച്ചില്ല എന്ന് ഷാന്റോ പറയുന്നു. ഇന്ത്യ തങ്ങളുടെ 6 ഓവറുകൾക്ക് ശേഷം തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത് എന്ന് ഷാന്റോ കൂട്ടിച്ചേർത്തു.
അതിനാൽ ബംഗ്ലാദേശിന്റെ തന്ത്രങ്ങൾ പാളുകയുണ്ടായി എന്ന് ഷാന്റോ സമ്മതിക്കുന്നു. മത്സരത്തിൽ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട് എന്നാണ് ഷാന്റോ പറഞ്ഞത്. ബോളർമാർ മികവ് പുലർത്തിയെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കാതെ വന്നത് തിരിച്ചടിയായി എന്ന് ഷാന്റോ പറഞ്ഞുവെക്കുന്നു.