17 വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി20 ലോകകപ്പ് കിരീടം ലഭിച്ചത്. 2007ലെ പ്രാഥമിക ലോകകപ്പിൽ ആയിരുന്നു ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ കിരീടം ലഭിച്ചത്. പിന്നീട് പല ടൂർണമെന്റ്കളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും ഇന്ത്യ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.
പക്ഷേ രോഹിത് ശർമയുടെ നേതൃത്വത്തിൽ 2024ൽ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. മാത്രമല്ല രോഹിതിനൊപ്പം ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിരുന്നു എന്നത് മലയാളികൾക്കും അഭിമാനിക്കാൻ സാധിക്കുന്ന കാര്യമാണ്. ടൂർണമെന്റിലെ ഇന്ത്യയുടെ വിജയത്തെ പറ്റി സഞ്ജു സാംസൺ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.
ഒരു ലോകകപ്പ് കിരീടം ഒരിക്കലും എളുപ്പത്തിൽ സംഭവിക്കുന്നതല്ല എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. 13 വർഷം തങ്ങൾക്ക് ലോകകപ്പിനായി കാത്തിരിക്കേണ്ടിവന്നു എന്നാണ് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മാത്രമല്ല ഈ വിജയം തീർച്ചയായും തങ്ങൾ അർഹിച്ചിരുന്നുവെന്നും സഞ്ജു സാംസൺ വ്യക്തമാക്കുകയുണ്ടായി.
“ഒരു ലോകകപ്പ് എന്നത് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമല്ല. ഇത്തരമൊരു അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നത് 13 വർഷങ്ങളാണ്. മികച്ച ഒരു ഫൈനൽ തന്നെയായിരുന്നു അത്. ഈ വിജയം ഞങ്ങൾക്ക് അർഹിച്ചതാണ്. ആഘോഷിക്കാനുള്ള സമയമാണിത്.”- സഞ്ജു തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ട്വന്റി20 ലോകകപ്പ് കിരീടം കയ്യിൽ പിടിച്ചുനിൽക്കുന്ന ചിത്രത്തിനൊപ്പമാണ് സഞ്ജു സാംസൺ ഈ ശീർഷകം ഉൾപ്പെടുത്തിയത്. സുനിൽ വൽസൺ, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസൺ. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ലോകകപ്പ് തന്നെയായിരുന്നു ഇത്.