2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധ നേടിയ താരമാണ് ചെന്നൈ ബാറ്റർ ശിവം ദുബെ. ടൂർണമെന്റിലുടനീളം വെടിക്കെട്ട് സിക്സറുകളുമായാണ് ദുബെ തിളങ്ങിയത്. ശേഷം ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്കും താരത്തെ ഉൾപ്പെടുത്തുകയുണ്ടായി.
ലോകകപ്പിൽ ഇന്ത്യയുടെ X ഫാക്ടറാവാൻ സാധ്യതയുള്ള താരമാണ് ശിവം ദുബെ എന്ന് പ്രസ്താവിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഒരു നിർണായക ഘടകമായി മാറാൻ ദുബെയ്ക്ക് സാധിക്കുമെന്നാണ് റെയ്‌ന കരുതുന്നത്.
ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലും വളരെ മികച്ച പ്രകടനങ്ങളായിരുന്നു ദുബെ കാഴ്ചവെച്ചത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ദുബെയെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് റെയ്ന കരുതുന്നത്.
ദുബെയുടെ ആക്രമണപരമായ ബാറ്റിംഗ് ശൈലി ഇന്ത്യയ്ക്ക് ഈ ലോകകപ്പിൽ ഗുണം ചെയ്യും എന്നും റെയ്ന പറയുകയുണ്ടായി. എന്നാൽ ദുബെയെ ഏതുതരത്തിൽ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നത് നായകൻ രോഹിത് ശർമ തീരുമാനിക്കേണ്ട കാര്യമാണ് എന്ന് റെയ്ന കൂട്ടിച്ചേർക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റെയ്ന ഇക്കാര്യം പറഞ്ഞത്.
“എന്തായാലും ദുബെ ലോകകപ്പിൽ കളിച്ചേ പറ്റൂ. കാരണം ക്രീസിൽ നിന്നുകൊണ്ട് തന്നെ ഇത്രയധികം വലിയ സിക്സറുകൾ സ്വന്തമാക്കുന്ന താരങ്ങൾ വളരെ കുറവാണ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ X ഫാക്ടറാവാൻ വലിയ സാധ്യതയുള്ള താരമാണ് ദുബെ. അതിനാൽ തന്നെ രോഹിത് കൃത്യമായ രീതിയിൽ ടീം തിരഞ്ഞെടുക്കേണ്ടതുണ്ട്. വിരാട് കോഹ്ലിയെ ടോപ്പ് ഓർഡറിൽ കളിപ്പിക്കണമോ എന്നതും ജയസ്വാളിനെ ഏതുതരത്തിൽ ടീമിൽ ഉൾപ്പെടുത്തണം എന്നതും രോഹിത് ശർമ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഒരുപക്ഷേ സാഹചര്യം എത്തിയാൽ ദുബെയ്ക്ക് ടീമിനായി ബോൾ ചെയ്യാനും സാധിക്കും.”- റെയ്ന പറഞ്ഞു.
ജൂൺ അഞ്ചിന് അയർലണ്ടിനെതിരായ മത്സരത്തോടു കൂടിയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ശേഷം ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്ഥാനെ നേരിടും. ജൂൺ 9നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ന്യൂയോർക്കിൽ വച്ച് നടക്കുന്നത്.
മത്സരത്തിൽ ഏത് വിധേനയും പാക്കിസ്ഥാനെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ഇതിനോടകം തന്നെ അമേരിക്കയിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ സൗകര്യങ്ങൾ വളരെ ശരാശരിയാണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.