ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയം നേരിട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെ വലിയ വിമർശനവുമായി മുൻ താരം വസീം അക്രം രംഗത്ത്. ബാബർ ആസമിനെയും ടീമിനെയും അങ്ങേയറ്റം രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ടാണ് വസീം അക്രം രംഗത്ത് വന്നത്.
മാത്രമല്ല മത്സരത്തിൽ മുഹമ്മദ് റിസ്വാന്റെ മണ്ടത്തരങ്ങൾ എടുത്തുകാട്ടി വസീം അക്രം സംസാരിക്കുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഒരു അവിചാരിതമായ പരാജയം പാക്കിസ്ഥാൻ ഏറ്റുവാങ്ങുകയുണ്ടായി. ശേഷം ഇന്ത്യക്കെതിരെ എല്ലാതരത്തിലും വിജയിക്കാവുന്ന മത്സരത്തിൽ പാകിസ്ഥാൻ പരാജയം നേരിട്ടു. ഇതിനുശേഷമാണ് ടീമിനെയും ടീമംഗങ്ങളെയും വിമർശിച്ചുകൊണ്ട് അക്രം രംഗത്ത് എത്തിയിരിക്കുന്നത്.
120 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്റെ മനോഭാവത്തെ ചോദ്യം ചെയ്താണ് അക്രം സംസാരിച്ചത്. ബുമ്രയുടെ പന്തിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ റിസ്വാനെ വിമർശിക്കാനും അക്രം മറന്നില്ല. “കഴിഞ്ഞ 10 വർഷമായി അവർ ഈ ലെവലിൽ ക്രിക്കറ്റ് കളിക്കുകയാണ്. എനിക്ക് അവരെ ഒരു കാരണവശാലും പഠിപ്പിക്കാനോ പറഞ്ഞു മനസ്സിലാക്കാനോ സാധിക്കില്ല.”
“റിസ്വാന് യാതൊരു തരത്തിലും മത്സരത്തോട് പ്രതിബദ്ധതയില്ല. ബൂമ്രയ്ക്ക് ഇന്ത്യ ആ സമയത്ത് ബോൾ നൽകിയത് വിക്കറ്റ് സ്വന്തമാക്കാനാണ് എന്ന് റിസ്വാന് പൂർണമായ ബോധ്യമുണ്ട്. ആ സമയത്ത് ബോധപരമായ രീതിയിൽ ബൂമ്രയുടെ പന്തുകൾ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ റിസ്വാൻ വലിയ ഷോട്ടിന് കളിക്കുകയും തന്റെ വിക്കറ്റ് വലിച്ചെറിയും ചെയ്തു.”- അക്രം പറഞ്ഞു.
“പാക്കിസ്ഥാൻ താരങ്ങൾ കരുതുന്നത് മറ്റു രീതിയിലാണ്. അവർ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ലെങ്കിൽ, അവരുടെ പരിശീലകനെ പുറത്താക്കും എന്നാണ് അവരുടെ ചിന്ത. അതുകൊണ്ടുതന്നെ കളിക്കാർക്ക് യാതൊന്നും തന്നെ സംഭവിക്കാനും പോകുന്നില്ല. പക്ഷേ ഇനി അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല. ഇപ്പോൾ ചെയ്യേണ്ടത് കോച്ചിനെ നിലനിർത്തിക്കൊണ്ട്, പാകിസ്താന്റെ മുഴുവൻ ടീമംഗങ്ങളെയും ഒഴിവാക്കുകയാണ്.”- അക്രം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ടീമിലെ വിഭാഗീയതയെ പറ്റിയും അക്രം ചൂണ്ടിക്കാട്ടുകയുണ്ടായി. ടീമിനുള്ളിൽ പല താരങ്ങളും പരസ്പരം സംസാരിക്കാറു പോലുമില്ല എന്ന് അക്രം പറയുന്നു. ഇങ്ങനെയുള്ള താരങ്ങളെ വീട്ടിൽ തന്നെ ഇരുത്തുന്നതാണ് ഉത്തമമെന്നും അക്രം പറഞ്ഞുവെക്കുന്നു.
“പാക്കിസ്ഥാൻ ടീമിലെ ചില താരങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കാറ് പോലുമില്ല. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് ആണെന്ന് നിങ്ങൾ ഓർക്കണം. മാത്രമല്ല നമ്മൾ കളിക്കുന്നത് നമ്മുടെ രാജ്യത്തിനാണ് എന്ന ബോധ്യവും നമുക്കുണ്ടാവണം. അല്ലാത്തപക്ഷം ഇത്തരം കളിക്കാർ വീട്ടിലിരിക്കുകയാണ് വേണ്ടത്.”- അക്രം പറഞ്ഞുവെക്കുന്നു.
ഇതുവരെ ഈ ലോകകപ്പിൽ ഒരു പോയിന്റ് പോലും സ്വന്തമാക്കാൻ സാധിക്കാത്ത ടീമാണ് പാക്കിസ്ഥാൻ. മാത്രമല്ല പാകിസ്താന്റെ സൂപ്പർ 8ലേക്കുള്ള പ്രവേശനവും വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ. ഇന്ന് കാനഡയ്ക്കെതിരെയാണ് പാകിസ്താന്റെ ലോകകപ്പിലെ മൂന്നാം മത്സരം നടക്കുന്നത്.