ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവിയെ പറ്റി വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. താൻ ഇപ്പോൾ വിരമിക്കൽ എന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നും, ഇനിയും മുൻപോട്ട് ടീമിനായി കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രോഹിത് ശർമ പറഞ്ഞു. മാത്രമല്ല ലോകകപ്പ് നേടുക എന്നത് തന്റെ മനസ്സിൽ ഇപ്പോഴും വലിയ ആഗ്രഹമായി നിലനിൽക്കുകയാണ് എന്ന് രോഹിത് കൂട്ടിച്ചേർക്കുകയുണ്ടായി.
ക്രിക്കറ്റിനോടും ഇന്ത്യൻ ടീമിനോടുമുള്ള രോഹിത് ശർമയുടെ അടങ്ങാത്ത ആവേശമാണ് രോഹിതിന്റെ ഈ വാക്കുകളിൽ കാണുന്നത്. രോഹിത്തിന്റെ മുൻപോട്ടുള്ള ക്രിക്കറ്റ് ഭാവിയെ കുറിച്ചുള്ള ചോദ്യത്തിനാണ് താരം ഇത്തരത്തിൽ മറുപടി നൽകിയത്.
വിരമിക്കൽ പ്ലാനുകളെ പറ്റി ആങ്കറുടെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാനിപ്പോൾ ഒരു കാരണവശാലും വിരമിക്കലിനെപ്പറ്റി ചിന്തിക്കുന്നില്ല. പക്ഷേ ജീവിതം എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി എനിക്കറിയില്ല. ഈ സമയം വരെ ഞാൻ നന്നായി കളിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ തന്നെ കുറച്ചധികം വർഷങ്ങൾ കൂടി മുൻപോട്ടു പോവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
”അതിനുശേഷം എന്ത് സംഭവിക്കും എന്നതിനെപ്പറ്റിയും എനിക്കറിയില്ല. എന്തായാലും ലോകകപ്പ് വിജയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായി നിൽക്കുന്നു. 2025ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുകയാണ്. ഇന്ത്യ അവിടെയും വിജയിക്കും എന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് ശർമ പറയുകയുണ്ടായി.
2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ജൈത്രയാത്രയെപ്പറ്റിയും രോഹിത് പറയുകയുണ്ടായി. “50 ഓവർ ലോകകപ്പാണ് എന്നെ സംബന്ധിച്ച് യഥാർത്ഥ ലോകകപ്പ്. ഞാൻ വളർന്നത് 50 ഓവർ ലോകകപ്പ് കണ്ടു കൊണ്ടാണ്. അതിലും പ്രധാനപ്പെട്ട കാര്യം അത് ഇന്ത്യയിൽ നമ്മുടെ ജനങ്ങളുടെ മുൻപിൽ വച്ച് നടക്കുന്നു എന്നതായിരുന്നു.”
”ടൂർണമെന്റിന്റെ ഫൈനൽ വരെ നന്നായി കളിക്കാൻ നമുക്ക് സാധിച്ചു. സെമിഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കിയപ്പോൾ ഞാൻ വിചാരിച്ചത് ഒരു പടികൂടി കടന്നാൽ നമ്മൾ കപ്പ് ഉയർത്തുമല്ലോ എന്നാണ്. ഞങ്ങൾ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഓപ്പണറായാണ് രോഹിത് ശർമ ഐപിഎല്ലിൽ കളിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ജൂണിൽ നടക്കുന്ന 2024 ട്വന്റി20 ലോകകപ്പിലേക്കാണ് രോഹിത് ശർമ പോകുന്നത്. ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമയാണ്. നിലവിൽ വളരെ മികച്ച ഒരു ടീം തന്നെയാണ് ഇന്ത്യയ്ക്ക് ട്വന്റി20കളിലുള്ളത്. അതുകൊണ്ടുതന്നെ 2024 ട്വന്റി20 ലോകകപ്പിലും ഇന്ത്യ ഫേവറേറ്റുകൾ തന്നെയാണ്. രോഹിത്തിനെ സംബന്ധിച്ച് പ്രസ്തുത ലോകകപ്പും വളരെ പ്രാധാന്യമേറിയതാണ്.