“ഇന്ന് എന്നെ പ്രശംസിക്കുന്നവർ, അന്ന് എന്നെ ചീത്തവിളിച്ചു”.. സോഷ്യൽ മീഡിയ ആക്രമണത്തെപ്പറ്റി രാഹുൽ..

GCRvHREXMAAtTGx e1703668494904

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചത്. മത്സരത്തിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ രാഹുൽ ഒറ്റയാൾ പോരാട്ടം നയിച്ച് ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയാണ് രാഹുൽ മത്സരത്തിൽ നേടിയത്.

മത്സരശേഷം ഒരു ക്രിക്കറ്റർ നേരിടുന്ന വലിയ സമ്മർദ്ദങ്ങളെ പറ്റി രാഹുൽ സംസാരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന ട്രോളുകളും ചീത്തവിളികളും പലപ്പോഴും തന്നെപ്പോലെയുള്ള ക്രിക്കറ്റർമാരെ ബാധിക്കുന്നുണ്ട് എന്നാണ് രാഹുൽ പറയുന്നത്. നല്ല പ്രകടനങ്ങൾ നടത്തുമ്പോൾ ആളുകൾ അഭിനന്ദിക്കുകയും, മോശം പ്രകടനങ്ങൾ നടത്തിയാൽ ചീത്ത വിളിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയുടെ ട്രെൻഡാണ് എന്ന് രാഹുൽ പറയുന്നു.

എന്നിരുന്നാലും ഇത്തരം കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധ നൽകാതിരിക്കുന്നതാണ് ഉത്തമമെന്നും രാഹുൽ കരുതുന്നു. “ഇത്തരം കാര്യങ്ങൾ പലപ്പോഴും പ്രയാസകരമാണ്. ഒരു കളിക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമ്പോൾ, ഒരു ക്രിക്കറ്റർ എന്ന നിലയിലും, ഒരു വ്യക്തി എന്ന നിലയിലും വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരാറുണ്ട്.

ഓരോ ദിവസവും ഓരോ നിമിഷവും ഇത് നമ്മളെ ബാധിക്കും. എല്ലായിപ്പോഴും സാമൂഹ്യ മാധ്യമങ്ങളുടെ ഒരു സമ്മർദ്ദം കളിക്കാരനിൽ ഉണ്ടാവും. മത്സരത്തിൽ ഒരു സെഞ്ച്വറി നേടുകയാണെങ്കിൽ ആളുകൾ ഒരുപാട് പ്രശംസിക്കും. 3-4 മാസങ്ങൾക്കു മുൻപ് എല്ലാവരും എന്നെ ചീത്തയാണ് പറഞ്ഞിരുന്നത്. എന്നാൽ അതൊക്കെയും മത്സരത്തിന്റെ ഭാഗം തന്നെയാണ്.”- രാഹുൽ പറയുന്നു.

Read Also -  സഞ്ജു നേടിയ ഹെഡിന്റെ റൺഔട്ട്‌ നൽകാതെ അമ്പയർമാർ. ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ.

“ഇക്കാര്യങ്ങളൊക്കെയും എല്ലാ കളിക്കാരെയും ബാധിക്കുന്നുണ്ട്. അത് എന്നെ ബാധിക്കുന്നില്ല എന്ന് എനിക്ക് പറയാൻ സാധിക്കില്ല. എന്നാൽ മത്സരത്തോടുള്ള നമ്മുടെ സമീപനവും മാനസിക നിലവാരവും മികച്ചതാണ് എന്ന് നമുക്ക് തന്നെ ബോധ്യപ്പെടുമ്പോൾ ഇത്തരം നെഗറ്റീവ് കമന്റുകളിൽ നിന്ന് നമ്മൾ പുറത്തേക്ക് വരുന്നു. കൂടുതൽ മികച്ച രീതിയിൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും നമ്മൾ പാകപ്പെടുന്നു.

ഒരു കളിക്കാരനെ സംബന്ധിച്ച് ഒരിക്കലും തനിക്കെതിരെ വരുന്ന വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാൻ സാധിക്കില്ല. അത് എല്ലാ ആളുകളെയും ബാധിക്കും. ആരെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് വെറും നുണയാണെന്നേ ഞാൻ പറയൂ. എന്നിരുന്നാലും ഇത് മറികടക്കാൻ എല്ലാവരും ഓരോ വഴികൾ കണ്ടെത്താറുണ്ട്.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

“എന്നെ സംബന്ധിച്ച് എനിക്ക് പരിക്കായിരുന്ന സമയത്ത് ഞാൻ ഇക്കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധിച്ചിരുന്നു. എന്റേതായ രീതിയിൽ തിരിച്ചുവരവ് നടത്താനാണ് ഞാൻ അന്ന് ശ്രമിച്ചത്. പുറത്ത് എന്താണ് സംസാരിക്കുന്നത് എന്നതനുസരിച്ച് എനിക്ക് മാറാൻ സാധിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു. നമ്മൾ നമ്മളിലേക്ക് ഒരു സത്യസന്ധത പുലർത്തേണ്ടത് അനിവാര്യമാണ്.”

“എന്തൊക്കെ നെഗറ്റീവ് കാര്യങ്ങൾ സംഭവിച്ചാലും നമ്മൾ നമ്മളായി തന്നെ തുടരാൻ ശ്രമിക്കുക. നമ്മുടെ വ്യക്തിത്വത്തിൽ വിശ്വസിക്കുക. ഞാൻ ഇക്കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്. എല്ലായിപ്പോഴും ശാന്തനായി തന്നെ തുടരാനാണ് ശ്രമിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാത്ത സമയത്തും ഞാൻ പക്വത പുലർത്തുന്നു.”- രാഹുൽ പറഞ്ഞു വയ്ക്കുന്നു.

Scroll to Top