ഇന്ത്യ 477 റൺസിന് പുറത്ത്. 259 റൺസിന്റെ കൂറ്റൻ ലീഡ്. ഇംഗ്ലണ്ട് ദുരിതത്തിൽ.

GIM6XurbgAAPPnu e1709958830716

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മിന്നും പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ബാറ്റർമാർ. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 477 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 259 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ടിന്മേൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ഗല്ലിന്റെയും നായകൻ രോഹിത് ശർമയുടെയും വെടിക്കെട്ട് സെഞ്ച്വറികളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്ര മികച്ച സ്കോർ സമ്മാനിച്ചത്. ഒപ്പം ദേവദത് പടിക്കൽ, സർഫറാസ് ഖാൻ എന്നിവർ ഇന്നിങ്‌സിൽ അർത്ഥ സെഞ്ചുറിയും സ്വന്തമാക്കി. എന്തായാലും ഇന്ത്യയ്ക്ക് വലിയ മേൽകൈ തന്നെയാണ് അഞ്ചാം ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 218 റൺസായിരുന്നു തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ജയസ്വാളും രോഹിത്തും മികച്ച തുടക്കമാണ് നൽകിയത്. ജയസ്വാൾ 57 റൺസുമായി കളം നിറഞ്ഞപ്പോൾ രോഹിത് ശർമ തന്റെ പ്രതാപകാല ഫോമിലേക്ക് ഉയരുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഗില്ലുമൊത്ത് 171 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രോഹിതിന് സാധിച്ചു. മാത്രമല്ല ഇരു ബാറ്റർമാരും മത്സരത്തിൽ സെഞ്ച്വറികളും സ്വന്തമാക്കുകയുണ്ടായി. 150 പന്തുകൾ നേരിട്ട ഗിൽ 12 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 110 റൺസാണ് നേടിയത്.

See also  യെല്ലോ ആർമി റിട്ടേൺസ്.. കൊൽക്കത്തയ്ക്കെതിരെ സമഗ്രാധിപത്യം നേടി വിജയം..

രോഹിത് ശർമ 162 പന്തുകളിൽ 13 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 103 റൺസ് സ്വന്തമാക്കുകയുണ്ടായി. ശേഷമെത്തിയ ദേവദത് പടിക്കലും(65) സർഫറാസ് ഖാനും(56) അർത്ഥ സെഞ്ചുറികളും സ്വന്തമാക്കിയപ്പോൾ ഇന്ത്യ കുതിക്കുകയായിരുന്നു. എന്നാൽ പിന്നീട് കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരികയുണ്ടായി. എന്നാൽ വാലറ്റത്ത് കുൽദീപ് യാദവും ജസ്പ്രീറ്റ് ബൂമ്രയും പിടിച്ചു നിന്നതോടെ ഇന്ത്യ വീണ്ടും സജീവമായി. കുൽദീപ് 30 റൺസും ബൂമ്ര 20 റൺസുമാണ് നേടിയത്.

ഇതോടെ ഇന്ത്യ 477 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 259 റൺസിന്റെ ശക്തമായ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുവശത്ത് ഇംഗ്ലണ്ടിനായി ബഷീർ 5 വിക്കറ്റുകൾ സ്വന്തമാക്കി ഉഗ്രൻ പ്രകടനം പുറത്തെടുത്തു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഈ പ്രകടനം മത്സരത്തിൽ വലിയ മുൻതൂക്കം തന്നെ നൽകിയിട്ടുള്ളത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ ഏറ്റവും വേഗതയിൽ പുറത്താക്കി 4-1 എന്ന നിലയിൽ പരമ്പര നേടുക എന്നതാണ് നിലവിൽ ഇന്ത്യയുടെ ലക്ഷ്യം.

Scroll to Top