ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ദയനീയമായ പ്രകടനം കാഴ്ചവച്ച പാക്കിസ്ഥാൻ ടീമിനെതിരെ വിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ. ബംഗ്ലാദേശിനെ പോലെയുള്ള ചെറിയ ടീമുകൾ പോലും പാകിസ്താനെ തങ്ങളുടെ നാട്ടിൽ തൂത്തുവാരുകയാണെന്ന് അക്മൽ പറയുന്നു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ആതിഥേയത്വം വഹിച്ചിട്ടും ടൂർണമെന്റിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിട്ടില്ല എന്ന് അക്‌മൽ കൂട്ടിച്ചേർക്കുകയുണ്ടായി. ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടും, ഇതെല്ലാം മറച്ചുവെച്ച് ഇന്ത്യൻ ടീം ദുബായിൽ ഒരു മൈതാനത്ത് കളിച്ചു വിജയം നേടിയെന്ന വിമർശനം ഉന്നയിക്കുകയാണ് എന്നും അക്മൽ കൂട്ടിച്ചേർത്തു.
ഇത്രയും പരാജയങ്ങൾ ഉണ്ടായിട്ടും പാക്കിസ്ഥാനെ പറ്റി ആരും സംസാരിക്കുന്നില്ല എന്ന പരാതിയാണ് അക്മൽ ഉന്നയിച്ചത്. “ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ ദുബായ് മൈതാനത്താണ് കളിച്ചത് എന്നതിനെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ ടീം തങ്ങളുടെ സ്വന്തം മൈതാനത്താണ് കളിച്ചത്. പക്ഷേ അവർക്ക് ചാമ്പ്യൻസ് ട്രോഫിയിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിച്ചില്ല. അതിൽ ആർക്കും പ്രശ്നമില്ല. ലോക ക്രിക്കറ്റിലെ മറ്റുള്ള ടീമുകൾ കളിക്കുന്നത് പോലെയല്ല പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കുന്നത്. അതാണ് ശരിയായ കാര്യം.”- അക്മൽ പറഞ്ഞു.
“നിലവിൽ ലോക ക്രിക്കറ്റിന് പാക്കിസ്ഥാനോടുള്ള ബഹുമാനം എങ്ങോട്ടാണ് പോകുന്നത് എന്നതിനെപ്പറ്റി ആരും സംസാരിക്കുന്നില്ല. ടീമിന് സമീപകാലത്ത് ഉണ്ടായിരിക്കുന്ന തുടർ പരാജയങ്ങളെ പറ്റി ആരെങ്കിലും സംസാരിക്കാൻ തയ്യാറാവണം. ഇത്തരം സംസാരങ്ങൾ ഉണ്ടായാൽ മാത്രമേ പാക്കിസ്ഥാൻ താരങ്ങൾക്ക് ടൂർണമെന്റുകളിൽ വിജയിക്കണമെന്ന പ്രതിവിധി ഉണ്ടാവുകയുള്ളൂ.”- തന്റെ യൂട്യൂബ് ചാനലിൽ അക്മൽ പറയുകയുണ്ടായി. സമീപകാലത്ത് പാക്കിസ്ഥാൻ നേരിട്ട വലിയ പരാജയങ്ങളെ എടുത്തു ചൂണ്ടിയായിരുന്നു അക്മൽ സംസാരിച്ചത്.
“ഇപ്പോൾ ബംഗ്ലാദേശിനെ പോലെയുള്ള ടീമുകൾ പാക്കിസ്ഥാനെതിരെ വലിയ വിജയങ്ങൾ സ്വന്തമാക്കുന്നു. അതിനെപ്പറ്റി ആരും സംസാരിക്കുന്നില്ല. ഒരു ഐസിസി ടൂർണമെന്റ് സെമിഫൈനലിലെത്താൻ പോലും പാകിസ്ഥാൻ ടീമിന് സാധിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നോട്ട് പോകുന്നതിൽ പാക്കിസ്ഥാൻ എല്ലായിപ്പോഴും പരാജയപ്പെടുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കേണ്ട സമയമായിരിക്കുന്നു. അല്ലാത്തപക്ഷം മുൻപോട്ടു പോകുമ്പോൾ ഇനി ടീമിന് വിജയങ്ങൾ ഉണ്ടാവില്ല.”- അക്മൽ പറഞ്ഞുവെക്കുന്നു.