2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഹീറോകളായിരുന്നു മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും. എന്നാൽ ടൂർണമെന്റിന് ശേഷം ധോണിയും ഗംഭീറും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഗംഭീർ പലപ്പോഴായി ധോണിയ്ക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തി.
ഏകദിന ലോകകപ്പിലെ വിജയത്തിന് ശേഷം പൂർണമായും വിജയത്തിന്റെ ക്രെഡിറ്റ് മഹേന്ദ്ര സിംഗ് ധോണിയിലേക്ക് മാത്രമായി മാറുന്നതിനെതിരെയാണ് ഗംഭീർ പലപ്പോഴും തന്റെ വിമർശനം അറിയിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് എന്ന് ഗംഭീർ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
കൊൽക്കത്ത ടീമിന്റെ ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു ഗംഭീർ. “എന്നെ സംബന്ധിച്ച് മത്സരത്തിൽ വിജയം നേടുക എന്നതിനാണ് പ്രസക്തി. അക്കാര്യം എന്റെ മനസ്സിൽ വളരെ വ്യക്തമാണ്. സൗഹൃദം, പരസ്പര ബഹുമാനം അവയെല്ലാം അതുപോലെതന്നെ നിൽക്കും. പക്ഷേ മൈതാനത്തിന്റെ മധ്യത്തിൽ എത്തിയാൽ ഞാൻ കൊൽക്കത്തയുടെ നായകനും, ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനുമാണ്.”
“നിങ്ങൾ ഈ ചോദ്യം ധോണിയോട് ചോദിച്ചാലും ഇതേ ഉത്തരം തന്നെയാവും നൽകുക. പൂർണ്ണമായും വിജയത്തിനാണ് പ്രാധാന്യം. തീർച്ചയായും മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ. ധോണിയുടെ ലെവലിലേക്ക് മറ്റൊരു നായകന് എത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 3 ഐസിസി ട്രോഫികൾ സ്വന്തമാക്കുക എന്നത് വലിയ കാര്യമാണ്.”- ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
മഹേന്ദ്ര സിംഗ് ധോണിയുടെ മൈതാനത്തെ തന്ത്രങ്ങളെപ്പറ്റിയും ഗംഭീർ സംസാരിക്കുകയുണ്ടായി. “ഐപിഎല്ലിൽ ഞാൻ ധോണിയുടെ തന്ത്രങ്ങളൊക്കെയും നന്നായി ആസ്വദിച്ചു. എല്ലായിപ്പോഴും തന്ത്രപരവും ബുദ്ധിപരവുമായാണ് മഹേന്ദ്ര സിംഗ് ധോണി മൈതാനത്ത് കാണാറുള്ളത്. പുതിയ ആശയങ്ങൾ മെനയാൻ വിദഗ്ധനാണ് ധോണി. സ്പിന്നർമാരെ ഏതുതരത്തിലാണ് നിയന്ത്രിക്കേണ്ടത് എന്ന് ധോണിയ്ക്കറിയാം.”
“ഏത് തരത്തിൽ ഫീൽഡിങ് സെറ്റ് ചെയ്യണമെന്നും ധോണിക്ക് ബോധ്യമുണ്ട്. മാത്രമല്ല ഒരിക്കലും പരാജയം സമ്മതിക്കാത്ത പ്രകൃതമാണ് ധോണിയുടെത്. ആറാം നമ്പറിലും ഏഴാം നമ്പറിലുമാണ് ധോണി മൈതാനത്ത് എത്തുക. പക്ഷേ ധോണി മൈതാനത്തുള്ള അത്രയും സമയം മത്സരം അവസാനിച്ചിട്ടില്ല എന്നത് ഞങ്ങൾക്കറിയാം.”- ഗംഭീർ കൂട്ടിച്ചേർത്തു.
“അവസാന ഓവറിൽ നമുക്ക് ആവശ്യം 20 റൺസാണെങ്കിൽ, ധോണി മൈതാനത്ത് ഉണ്ടെങ്കിൽ, അവന് മത്സരം അനായാസം ഫിനിഷ് ചെയ്യാൻ സാധിക്കും. അതേസമയം തന്നെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന ബോളിംഗ് നിര എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. മൈതാനത്ത് ധോണി എപ്പോഴും ആക്രമണ മനോഭാവമുള്ള നായകനല്ല. പക്ഷേ ഒരിക്കലും തോൽവി സമ്മതിക്കാത്ത താരമാണ് ധോണി. ചെന്നൈയും അത്തരത്തിൽ ഒരു ടീമാണ്. അവസാന ബോൾ വരെ അവർ വിട്ടുനൽകില്ല.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു.