രാഹുൽ ദ്രാവിഡിന് ശേഷം അടുത്ത ഇന്ത്യൻ പരിശീലിനെ കണ്ടെത്താനുള്ള പ്രക്രിയകളിലാണ് ബിസിസിഐ ഇപ്പോൾ. 2024 ട്വന്റി20 ലോകകപ്പോട് കൂടി ഇന്ത്യയുടെ നിലവിലെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിക്കുകയാണ്. ശേഷം പുതിയ കോച്ചിനെ കണ്ടെത്തി മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.
ഇതിനായുള്ള ആദ്യഘട്ട ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറാണ് ഇന്ത്യയുടെ അടുത്ത കോച്ചാവാൻ ഏറ്റവുമധികം സാധ്യതയുള്ള താരം. എന്നാൽ ഗംഭീറിനൊപ്പം മറ്റു 2 താരങ്ങളെ കൂടി ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി(CAC) ഇന്റർവ്യവിനായി പരിഗണിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജൂൺ 18ന് സിഎസി ഗൗതം ഗംഭീറിനെ ഇന്റർവ്യൂ ചെയ്തിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻഡറായി ഗംഭീർ പ്രവർത്തിക്കുകയുണ്ടായി. ടീമിന് തങ്ങളുടെ മൂന്നാം കിരീടം നേടിക്കൊടുക്കാൻ ഗംഭീറിന് സാധിച്ചിരുന്നു. ശേഷമാണ് ബിസിസിഐ ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചത്. മാത്രമല്ല ഒരുപാട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഗംഭീറിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഇതേസമയം ഗംഭീർ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിച്ചോ എന്ന കാര്യത്തിലും ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയുടെ കോച്ചാവാൻ എല്ലാ തരത്തിലും മുൻപിലുള്ള താരം ഗംഭീറാണ് എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പക്ഷേ മറ്റുചില താരങ്ങളും ഗംഭീറിന് ഭീഷണിയായി ഈ പോസ്റ്റിലേക്ക് എത്തിയിട്ടുണ്ട് എന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ മുൻ ക്രിക്കറ്ററായ ഡബ്ലയുവി രാമൻ ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. താരത്തെ ഇതിനോടകം തന്നെ സിഎസി ഇന്റർവ്യൂ ചെയ്തു കഴിഞ്ഞു. മാത്രമല്ല രാമനൊപ്പം മറ്റൊരു വിദേശ പരിശീലകൻ കൂടി ജൂൺ 19ന് ഇന്റർവ്യൂവിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്ററായ രാമൻ ഇതിനോടകം തന്നെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രവർത്തിച്ച വ്യക്തിയാണ്. 2018 മുതൽ 2021 വരെയാണ് രാമൻ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചത്. രാമന്റെ ആദ്യ ഇന്റർവ്യൂവിൽ സിഎസി വളരെ തൃപ്തരാണ് എന്ന് ബിസിസിഐയുടെ ഒഫീഷ്യൽ അറിയിച്ചിട്ടുണ്ട്.
“പരിശീലക പോസ്റ്റിലേക്കുള്ള ഗംഭീറിന്റെ ആദ്യ ഇന്റർവ്യൂ അവസാനിച്ചിരുന്നു. പക്ഷേ രാമന്റെ സാന്നിധ്യം വളരെ അവിസ്മരണീയമായിരുന്നു. മാത്രമല്ല കൃത്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ഇതിനൊപ്പം തന്നെ മറ്റൊരു വിദേശ പരിശീലകനെ കൂടി നാളെ സിഎസി ഇന്റർവ്യൂ ചെയ്യുന്നതാണ്. ഗംഭീറിനാണ് പരിശീലക സ്ഥാനത്തേക്ക് എത്താൻ വലിയ സാധ്യത. എന്നിരുന്നാലും രാമന്റെ സാന്നിധ്യം വളരെ പ്രകടമായിരുന്നു.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.