തന്റെ നായികയായുള്ള ആദ്യ സംരംഭത്തിൽ 100% വിജയം നേടി മലയാളി താരം മിന്നുമണി. കേവലം ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മലയാളി താരം മിന്നുമണിയെ ഇന്ത്യയുടെ വനിത എ ടീമിന്റെ നായികയായി തെരഞ്ഞെടുത്തത്. താൻ നായികയായുള്ള ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് എ ടീമിനെതിരെ വിജയം സ്വന്തമാക്കാൻ മിന്നുമണിക്ക് സാധിച്ചു.
മത്സരത്തിൽ നിർണായകമായ സമയത്തെ മിന്നുമണിയുടെ ക്യാപ്റ്റൻസി മികവായിരുന്നു ഇന്ത്യ എ ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി ബാറ്റിംഗിൽ മുൻനിര ബാറ്റർമാരായ വൃന്ദ, കശത്, ദിവ്യ എന്നിവർ തിളങ്ങുകയുണ്ടായി. ബോളിങ്ങിൽ ഗൗതവും ശ്രേയങ്കാ പട്ടീലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തി.
മത്സരത്തിൽ ടോസ് നേടിയ മിന്നുമണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മുൻനിര ബാറ്റർമാരൊക്കെയും ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. ഓപ്പണർ വൃന്ദ മത്സരത്തിൽ 22 പന്തുകളിൽ 22 റൺസ് നേടി. മൂന്നാമതായി ക്രീസിലെത്തിയ കസത് 25 റൺസും, ദിവ്യ 22 റൺസുമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
എന്നാൽ കൃത്യമായ രീതിയിൽ സ്കോറിംഗ് റൈറ്റ് ഉയർത്തുന്നതിൽ ഈ ബാറ്റർമാരൊക്കെയും പരാജയപ്പെടുകയുണ്ടായി. അങ്ങനെ ഇന്ത്യയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 134 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇംഗ്ലണ്ട് എ ടീമിനായി ഫ്രേയ കെമ്പും ഡീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തുകയുണ്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം തന്നെയാണ് മുൻനിര ബാറ്റർമാർ നൽകിയത്. മാഡീ വില്ലേഴ്സ് 17 പന്തുകളിൽ 20 റൺസുമായി തിളങ്ങി. ശേഷം മൂന്നാമതായെത്തിയ ആർമിടെജ് ഫോം കണ്ടെത്തിയതോടെ ഇന്ത്യ പരാജയത്തിന്റെ അടുത്തേക്ക് നീങ്ങുകയായിരുന്നു. 41 പന്തുകളിൽ 52 റൺസാണ് ആർമിടെജ് നേടിയത്.
നാലാം വിക്കറ്റിൽ സ്മെയ്ല്ലുമായി ചേർന്ന് 70 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ആർമിടെജിന് സാധിച്ചു. ഇതോടെ ഇന്ത്യ മത്സരത്തിൽ പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ സമയത്താണ് മിന്നുമണി ഒരു ഉഗ്രൻ ബോളുമായി എത്തിയത്. അപകടകാരിയായ ആർമിടെജിനെ തന്റെ സ്വന്തം പന്തിൽ ക്യാച്ച് എടുത്ത് മിന്നുമണി പുറത്താക്കുകയുണ്ടായി.
ശേഷം മത്സരത്തിൽ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകൾ ലഭിക്കുകയും ഇംഗ്ലണ്ട് പൂർണമായും സമ്മർദ്ദത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇങ്ങനെ ഇംഗ്ലണ്ടിന്റെ സ്കോർ 131 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഗൗതവും ശ്രേയങ്ക പാട്ടിലും മത്സരത്തിൽ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. മന്നത്ത് കശ്യപ്, പ്രകാശിക നായ്ക്, മിന്നുമണി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. എന്തായാലും മിന്നുമണിയെ സംബന്ധിച്ച് ഒരു ഉഗ്രൻ തുടക്കം തന്നെയാണ് നായികയായുള്ള കരിയറിന് ലഭിച്ചിരിക്കുന്നത്.