ഇതിനോടകം ചാമ്പ്യൻസ് ട്രോഫിയിൽ വലിയ ചർച്ചാവിഷയമായ ഒന്നാണ് കെഎൽ രാഹുലിന്റെ ബാറ്റിംഗ് പൊസിഷൻ. മുൻപ് ഇന്ത്യക്കായി അഞ്ചാം നമ്പറിൽ കളിച്ച രാഹുൽ ഇപ്പോൾ ആറാം നമ്പറിലാണ് മൈതാനത്ത് എത്താറുള്ളത്. ഇതേ സംബന്ധിച്ച് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സിദാൻഷൂ കൊടക് സംസാരിക്കുകയുണ്ടായി.
നിലവിൽ ആറാം നമ്പറിലാണ് കളിക്കുന്നതെങ്കിലും ആ പൊസിഷനിൽ രാഹുൽ പൂർണ സംതൃപ്തനാണ് എന്ന് കൊടക് പറഞ്ഞു. രാഹുൽ ആറാം നമ്പരിൽ മൈതാനത്ത് എത്തുന്നത് ഇന്ത്യൻ ടീമിനെ വലിയ ഡെപ്ത് ഉണ്ടാക്കുന്നുണ്ട് എന്നും കൊടക് കൂട്ടിച്ചേർക്കുകയുണ്ടായി.
ഇന്ത്യക്കായി അഞ്ചാം നമ്പരിൽ വലിയ വിജയം സ്വന്തമാക്കിയിട്ടുള്ള താരമാണ് രാഹുൽ. അഞ്ചാം നമ്പർ പൊസിഷനിൽ 50 റൺസ് ശരാശരിയിൽ 1000 റൺസോളം സ്വന്തമാക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നിരുന്നാലും ചാമ്പ്യൻസ് ട്രോഫിയിൽ പൂർണമായും ഇന്ത്യ രാഹുലിന്റെ സ്ഥാനം മാറ്റുകയാണ് ഉണ്ടായത്.
“രാഹുൽ എല്ലാതരത്തിലും കളിക്കാൻ സാധിക്കുന്ന ഒരു ബാറ്ററാണ് അവരെ ഓപ്പൺ ചെയ്യാൻ സാധിക്കും. നാലാം നമ്പറിലും അഞ്ചാം നമ്പറിലും അവന് കളിക്കാൻ സാധിക്കും. വേണമെങ്കിൽ ആറാം നമ്പറിലും അവൻ ബാറ്റിംഗിന് ഇറങ്ങും. എല്ലാ പൊസിഷനും കൃത്യമായി മനസ്സിലാക്കാൻ അവന് കഴിയും. നിലവിൽ അവന് ലഭിച്ചിരിക്കുന്ന പൊസിഷനിൽ അവൻ സംതൃപ്തനാണ്.”- കൊടക് പറഞ്ഞു.
“ആ പൊസിഷനിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ അതവന്റെ കരിയറിനെയും വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. കാരണം അവനെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒരു പൊസിഷനായിരുന്നു ആറാം നമ്പർ. അവിടെ നന്നായി കളിക്കാൻ അവന് സാധിക്കുന്നു. അത് ടീമിനെ സംബന്ധിച്ചും വലിയ വാർത്ത തന്നെയാണ്. ഞാനവനോട് ഇക്കാര്യം സംസാരിച്ചിരുന്നു. ടീം എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുന്നതിൽ അവന് വലിയ സന്തോഷമാണുള്ളത്. നിലവിൽ മികച്ച രീതിയിൽ അവൻ തന്റെ ജോലി കൈകാര്യം ചെയ്യുന്നുണ്ട്.”- കൊടക് കൂട്ടിച്ചേർത്തു.
ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിന് യാതൊരുവിധ സമ്മർദ്ദവുമില്ല എന്നാണ് കൊടക് പറഞ്ഞത്. “സീനിയർ താരങ്ങളും യുവതാരങ്ങളും നന്നായിതന്നെ സംസാരിക്കുന്നുണ്ട്. അവർ തങ്ങളുടെ വിലയിരുത്തലുകൾ പരസ്പരം കൈമാറുന്നു. അത് വളരെ മൂല്യമേറിയ കാര്യമാണ്. രോഹിത്, വിരാട്, ഹർദ്ദിക് എന്നീ താരങ്ങളൊക്കെയും ഷമിയോടും ജഡേജിയോടുമൊക്കെ കാര്യങ്ങൾ എപ്പോഴും അന്വേഷിക്കാറുണ്ട്. ഇവരൊക്കെയും 15- 20 വർഷത്തെ പരിചയ സമ്പന്നതയുള്ള താരങ്ങളാണ് എന്നോർക്കണം.”- കൊടക് പറഞ്ഞുവെക്കുന്നു.