ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന ടൂർണമെന്റ് തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കാര്യത്തിൽ സംശയമില്ല. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂർണമെന്റും ഐപിഎൽ തന്നെയാണ്. ലോകത്താകമാനമുള്ള വമ്പൻ ക്രിക്കറ്റർമാരൊക്കെയും ഐപിഎല്ലിൽ അണിനിരക്കാറുണ്ട്. എന്നാൽ മറുവശത്ത് ഇന്ത്യൻ താരങ്ങൾക്ക് മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ അവസരം ലഭിക്കാറുമില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഒരു താരത്തിന് പോലും വിദേശ ലീഗിൽ കളിക്കണമെങ്കിൽ ബിസിസിഐയുടെ അനുമതി അനിവാര്യമാണ്. ഇക്കാര്യത്തെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റും സംസാരിക്കുന്നത്.
എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാത്തത് എന്ന ആദം ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിന് വീരേന്ദർ സേവാഗിന്റെ മറുപടി വളരെ രസകരമായിരുന്നു. “ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് എന്നെങ്കിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ കഴിയുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ” എന്നായിരുന്നു ഗില്ലിയുടെ ചോദ്യം.”
ഇതിന് സേവാഗ് നൽകിയ ഉത്തരം ഇങ്ങനെയാണ്. “അതിന്റെ ആവശ്യം ഇന്ത്യൻ താരങ്ങൾക്ക് ഇല്ലല്ലോ. ഞങ്ങൾ ധനികരായ ക്രിക്കറ്റർമാരാണ്. ദരിദ്ര രാജ്യങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ പോവാറില്ല.”- ഒരു ചെറു ചിരിയോടെ വീരേന്ദർ സേവാഗ് മറുപടി പറഞ്ഞു.
മാത്രമല്ല മുൻപ് തനിക്കുണ്ടായ ഒരു അനുഭവത്തെപ്പറ്റിയും സേവാഗ് പറയുകയുണ്ടായി. ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് തനിക്ക് വന്ന ഓഫറിനെ പറ്റിയാണ് സേവാഗ് സംസാരിച്ചത്. “അക്കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ സമയത്ത് ഞാൻ ഐപിഎല്ലിൽ വളരെ സജീവമായിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ വലിയൊരു ഓഫർ എനിക്ക് ലഭിച്ചിരുന്നു. അന്ന് ഞാൻ ചോദിച്ചത് എനിക്ക് എത്ര രൂപ തരുമെന്നാണ്. അവർ ഓഫർ ചെയ്തത് ഒരു ലക്ഷം ഡോളർ ആയിരുന്നു. എന്നാൽ ആ തുകയിൽ ഞാൻ തൃപ്തനായിരുന്നില്ല. ഈ തുക കൊണ്ട് ഒരു അവധിക്കാലം ചിലവഴിക്കാൻ മാത്രമേ എനിക്ക് സാധിക്കൂ എന്ന് ഞാൻ അവരോട് പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ ബില്ല് പോലും ഒരു ലക്ഷം ഡോളറാണെന്ന് ഞാൻ പറഞ്ഞു – സേവാഗ് ഓർമ പുതുക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി നൽകാത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ട്വന്റി20 ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകൾ പല രാജ്യങ്ങളിലായി നടക്കുന്നതിനാൽ തന്നെ മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അതൊരു അവസരം തന്നെയായിരുന്നു. എന്നാൽ ബിസിസിഐ കൃത്യമായ ഇടപെടലിലൂടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ മറ്റു ഫ്രാഞ്ചൈസി ലീഗുകളിൽ നിന്നും മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിൽ വിലക്കില്ല.