ഇന്ത്യയ്ക്കായി ഏകദിന ട്വന്റി20 ടെസ്റ്റ് ക്രിക്കറ്റുകളിൽ വലിയ സംഭാവനകൾ നൽകിയ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ ആദരിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ ഇപ്പോൾ. ധോണിയുടെ ഏഴാം നമ്പർ ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായിരുന്ന ധോണിയോടുള്ള ആദര സൂചകമായാണ് ധോണിയുടെ ജേഴ്സി നമ്പർ ബിസിസിഐ പിൻവലിച്ചിരിക്കുന്നത്. മുൻപ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്റെ ജേഴ്സി നമ്പരായ 10 ബിസിസിഐ ഇത്തരത്തിൽ പിൻവലിച്ചിരുന്നു. ശേഷമാണ് മഹേന്ദ്ര സിംഗ് ധോണിയെയും ആദരിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
നിലവിൽ ഇന്ത്യ ടീമിൽ കളിക്കുന്ന താരങ്ങൾക്കോ വരാനിരിക്കുന്ന താരങ്ങൾക്കോ തങ്ങളുടെ ജേഴ്സി നമ്പരായി 7 തെരഞ്ഞെടുക്കാൻ പറ്റില്ല. മുൻപ് സച്ചിൻ ടെണ്ടുൽക്കറുടെ ജേഴ്സി നമ്പരായ 10 മറ്റു കളിക്കാർക്ക് തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. “ടീമിലുള്ള യുവതാരങ്ങൾക്കും ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ കളിക്കാർക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആർക്കും തന്നെ ധോണിയുടെ ജേഴ്സി നമ്പരായ 7 ഇനി തിരഞ്ഞെടുക്കാൻ സാധിക്കില്ല. ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയിട്ടുള്ള സംഭാവനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ ബിസിസിഐ പിൻവലിക്കുകയാണ്. ഒരു പുതിയ കളിക്കാരനും ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാൻ സാധിക്കില്ല. മുൻപ് പത്താം നമ്പർ ജേഴ്സിയും ഇത്തരത്തിൽ പിൻവലിച്ചിരുന്നു.”- ഇന്ത്യൻ എക്സ്പ്രസിനോട് ഒരു ബിസിസിഐ വൃത്തം പറഞ്ഞു.
മുൻപ് ഇന്ത്യയുടെ പേസർ ശർദുൽ താക്കൂർ പത്താം നമ്പർ ജേഴ്സി ഇന്ത്യൻ ടീമിൽ ഉപയോഗിച്ചിരുന്നു. എന്നാൽ വളരെ ചെറിയ കാലത്തേക്ക് മാത്രമാണ് താക്കൂർ ഇത് ഉപയോഗിച്ചിരുന്നത്. ഇതേ സംബന്ധിച്ച് വലിയ വിവാദങ്ങളും മറ്റുമുണ്ടായ സാഹചര്യത്തിൽ ഇന്ത്യ ഇത് പിൻവലിക്കുകയാണ് ഉണ്ടായത്. നിലവിൽ ഇതുവരെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് 60 ജേഴ്സി നമ്പറുകളോളം നൽകിയിട്ടുണ്ട് എന്നും ബിസിസിഐ വൃത്തം കൂട്ടിച്ചേർക്കുകയുണ്ടായി. മാത്രമല്ല ഇനി വരുന്ന താരങ്ങൾക്ക് 30 നമ്പരുകളിൽ നിന്ന് തങ്ങളുടെ ജഴ്സി നമ്പർ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ബിസിസിഐ വൃത്തം പറഞ്ഞു.
“നിലവിൽ ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് 60 ജേഴ്സി നമ്പറുകളോളം നൽകി കഴിഞ്ഞിട്ടുണ്ട്. ഒരു കളിക്കാരൻ ഒരു വർഷത്തോളം ടീമിന് പുറത്താണെങ്കിലും, അയാളുടെ ജേഴ്സി നമ്പർ പുതിയൊരു കളിക്കാരന് ബിസിസിഐ നൽകാറില്ല. അതുകൊണ്ടു തന്നെ പുതിയ കളിക്കാർക്ക് 30 നമ്പറുകളോളം ലഭ്യമാണ്. ഇതിൽനിന്ന് തങ്ങളുടെ ജഴ്സി നമ്പർ കളിക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.”- ബിസിസിഐ ഔദ്യോഗിക വൃത്തം അറിയിക്കുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ ജേഴ്സി നമ്പർ പിൻവലിച്ചത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രശംസകള്‍ക്ക് വഴി വച്ചിട്ടുണ്ട്.