ഇന്ത്യൻ കോച്ചാകാൻ ഞാനില്ല, സമ്മർദ്ദവും രാഷ്ട്രീയവും ഒരുപാട് സഹിക്കേണ്ടിവരും. തുറന്ന് പറഞ്ഞ് ജസ്റ്റിൻ ലാംഗർ.

ezgif 4 54ca2f56be

2024 ട്വന്റി20 ലോകകപ്പോട് കൂടി ഇന്ത്യയുടെ നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. ശേഷം അടുത്ത പരിശീലകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിനായി വിവിധ താരങ്ങളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നുമുണ്ട്.

പ്രധാനമായും വിദേശ പരിശീലകരായ സ്റ്റീഫൻ ഫ്ലെമിങ്, ജസ്റ്റിൻ ലാംഗർ, മഹേള ജയവർധന തുടങ്ങിയവരെയാണ് ബിസിസിഐ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ടീം പരിശീലകനായി എത്താൻ തനിക്ക് താല്പര്യമില്ല എന്ന് മുൻ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ പരിശീലകനായി എത്തുക എന്നത് ഒരു മികച്ച ജോലിയാണെന്നും പക്ഷേ അധികസമ്മർദം താങ്ങേണ്ടി വരുമെന്നും ലാംഗർ പറയുന്നു.

4 വർഷമായി ഓസ്ട്രേലിയൻ ടീമിനായി താൻ ചെയ്ത അതേ ജോലി തന്നെയാണ് ഇപ്പോൾ ഇന്ത്യക്കായും ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ലാംഗർ പറയുന്നത്. “ഇതൊരു വളരെ മികച്ച ജോലി തന്നെയാണ്. പക്ഷേ ഈ സമയത്ത് എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു റോൾ തന്നെയാണ് അത് എന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ 4 വർഷങ്ങളായി ഓസ്ട്രേലിയൻ ടീമിനായി ഇതേ ജോലി തന്നെയാണ് ഞാൻ ചെയ്തിരുന്നത്. സത്യസന്ധമായി ഞാൻ പൂർണ്ണസജ്ജനല്ല.”- ലാംഗർ കൂട്ടിച്ചേർക്കുന്നു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഇന്ത്യയുടെ പരിശീലകനായി ഭാവിയിൽ എത്തുമോ എന്ന ചോദ്യത്തിന് ലാംഗർ നൽകിയ മറുപടി രസകരമായിരുന്നു. “ഒരിക്കലും എത്തില്ല എന്ന് ഞാൻ പറയില്ല. പക്ഷേ ഇന്ത്യൻ ടീമിനെ പരിശീലകനായി എത്തുക എന്നത് വലിയ സമ്മർദ്ദമാണ്. മുൻപ് ഞാൻ കെഎൽ രാഹുലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവൻ പറഞ്ഞ മറുപടിയും രസകരമായിരുന്നു. ‘ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിൽ സമ്മർദ്ദവും രാഷ്ട്രീയവുമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിന്റെ 100 ഇരട്ടിയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുമ്പോൾ നിങ്ങൾക്കുണ്ടാവുക’. ഇതായിരുന്നു രാഹുലിന്റെ മറുപടി. അത് എന്നെ സംബന്ധിച്ച് വലിയ ഉപദേശമായിരുന്നു എന്ന് ഞാൻ കരുതുന്നു.”- ലാംഗർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായിരുന്നു ലാംഗർ. രാഹുലും ലാംഗറും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശേഷം 2024 ഐപിഎൽ സീസണിൽ ലാംഗർക്ക് പകരം ആന്റി ഫ്ലവറിനെ ലക്നൗ തങ്ങളുടെ കോച്ചായി നിയോഗിക്കുകയായിരുന്നു. 2024 സീസണിൽ മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലെടുക്കാൻ ലക്നൗ ടീമിന് സാധിച്ചില്ല. പ്ലേയൊഫിലേക്ക് യോഗ്യത നേടാതെ ലക്നൗ ടീം തങ്ങളുടെ ക്യാമ്പയിൻ അവസാനിപ്പിച്ചിട്ടുണ്ട്.

Scroll to Top